3,100 കോടി ആസ്തി; സിനിമയില്‍ മാത്രമല്ല ബിസിനസിലും സൂപ്പറാണ് നാഗാര്‍ജുന!

Mail This Article
ഓ പ്രിയ പ്രിയ....കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 90കളില്‍ തരംഗമായി മാറിയ പാട്ടായിരുന്നു ഇത്. മണിരത്‌നത്തിന്റെ ഹിറ്റ് ചിത്രമായ ഗീതാഞ്ജലിയില്‍, ഇളയരാജയുടെ ജീനിയസ് അടയാളപ്പെടുത്തിയ ഗാനമായിരുന്നു അത്. ഇതില്‍ നാഗാര്‍ജുനയായിരുന്നു തകര്‍ത്തഭിനയിച്ചത്. നായകനായി 1986ല്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ഗീതാഞ്ജലിയിലൂടെയാണ് ദക്ഷിണേന്ത്യയാകെ ജനകീയതാരമായി നാഗാര്‍ജുന അക്കിനേനി മാറിയത്.
പ്രശസ്ത തെലുഗു താരമായിരുന്ന അക്കിനേനി നാഗേശ്വര റാവുവിന്റെയും അന്നപൂര്‍ണയുടെയും മകനായി 1959ലാണ് നാഗാര്‍ജുനയുടെ ജനനം. അച്ഛന്റെ സിനിമാ പാരമ്പര്യം വളരെ പെട്ടെന്ന് തന്നെ ബാലതാരമായി നാഗാര്‍ജുനയെ മാറ്റി. 1986ല്‍ വിക്രമിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നത് 1989ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിയിലൂടെയും ശിവയിലൂടെയുമാണ്.

രാം ഗോപാല്‍ വര്‍മയുടെ കന്നി സംവിധാന സംരംഭമായിരുന്നു ശിവ. ചിത്രം ട്രെന്‍ഡ്‌സെറ്ററായി മാറി. ശിവയുടെ ഹിന്ദി റീമെയ്ക്കിലും നാഗാര്‍ജുന തന്നെയായിരുന്നു നായകന്‍. അതും വമ്പന്‍ ഹിറ്റായി. അതോടെ പാന്‍ഇന്ത്യ താരമായി മാറി നാഗാര്‍ജുന അക്കിനേനി. തുടര്‍ന്ന് ഹിറ്റ് ചിത്രങ്ങള്‍ നിരവധി പിറന്നു. ബ്രഹ്‌മാണ്ഡ ചിത്രം ബ്രഹ്‌മാസ്ത്രയും വൈല്‍ഡ് ഡോഗും ഗോസ്റ്റും നാ സാമി രംഗയുമെല്ലാമാണ് സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
ബിസിനസിലും സൂപ്പര്‍ സ്റ്റാര്‍
സിനിമ കരിയറിനൊപ്പം ബിസിനസിലും സിസ്റ്റമാറ്റിക്കായി നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാന്‍ നാഗാര്‍ജുനയ്ക്ക് സാധിച്ചു. 2009ലെ ഹിറ്റ് ടിവി ഷോ ആയിരുന്ന യുവയുടെ നിര്‍മാണം നാഗാര്‍ജുനയുടെ പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു. മാ ടിവി ചാനലിന്റെ പ്രധാന ഓഹരി ഉടമയായിരുന്നു ഈ തെന്നിന്ത്യന്‍ താരം. പിന്നീട് ചാനല്‍, സ്റ്റാര്‍ ഗ്രൂപ്പിന് വിറ്റതോടെ മികച്ച നേട്ടം കൊയ്തു നാഗാര്‍ജുന. ബിഗ് ബോസ് ഷോകളുടെ പ്രസന്ററായും വലിയ തോതില്‍ വരുമാനമുണ്ടാക്കി അദ്ദേഹം.
ഇന്ത്യന്‍ ബാഡ്മിന്റന്‍ ലീഗിലെ മുംബൈ മാസ്‌റ്റേഴ്‌സ്, മഹി റേസിങ് ടീം ഇന്ത്യ, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി തുടങ്ങിയ നിരവധി കായിക ടീമുകളുടെ സഹഉടമയായും തിളങ്ങി. ഇന്ന് 3100 കോടി രൂപയാണ് നാഗാര്‍ജുനയുടെ ആസ്തി.

800 കോടിയുടെ റിയല്‍റ്റി ആസ്തി
അന്നപൂര്‍ണ സ്റ്റുഡിയോസ് എന്നാണ് നാഗാര്‍ജുനയുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഇത് കൂടാതെ എന്‍ 3 റിയല്‍ എസ്റ്റേറ്റ് എന്റര്‍പ്രൈസസ് എന്ന റിയല്‍റ്റി കമ്പനിയും താരത്തിനുണ്ട്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനും പേരുകേട്ട നടനാണ് അദ്ദേഹം. ഹൈദരാബാദിലെ താരത്തിന്റെ ബംഗ്ലാവിന്റെ മൂല്യം 45 കോടി രൂപയാണ്. നാഗാര്‍ജുനയുടെ റിയല്‍ എസ്‌റ്റേറ്റ് ആസ്തി മാത്രം 800 കോടി രൂപയോളം വരും.
നിരവധി ആഡംബര കാറുകള്‍ക്ക് പുറമെ സ്വന്തമായി സ്വകാര്യ ജെറ്റ് വരെയുണ്ട് നാഗാര്‍ജുനയ്ക്ക്. 1.5 കോടി രൂപയുടെ ബിഎംഡബ്ല്യു 7 സീരീസ്, 90 ലക്ഷത്തിന്റെ ഔഡി എ7, 2 കോടി രൂപയുടെ റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങി നിരവധി മോഡലുകള്‍ നാഗാര്‍ജുനയുടെ ഗരാജിലുണ്ട്.