ഡീപ്സീക്കും സ്വർണവില വർധനയും തമ്മിൽ എന്തു ബന്ധം? ഒരുവർഷത്തിനിടെ പവന് കൂടിയത് 14,500 രൂപയിലേറെ

Mail This Article
കൊച്ചി∙ വീണ്ടും റെക്കോർഡ് പുതുക്കി സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 85 രൂപ വർധിച്ച് 7595 രൂപയും പവന് 680 രൂപ വർധിച്ച് 60760 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 50,000 രൂപ കടന്നു. ഇന്നലെ ഗ്രാമിന് 75 രൂപ ഉയർന്ന് 6275 രൂപയും പവന് 50200 രൂപയുമായി.
കഴിഞ്ഞ വർഷം ഇതേദിവസം 18 കാരറ്റ് ഗ്രാമിന് 4780 രൂപയും പവന് 38240 രൂപയുമായിരുന്നു. ഒരു വർഷത്തിനിടെ 11960 രൂപയുടെ വിലവർധന. സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് 18 കാരറ്റിലുള്ള ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾക്കാണ്. ഇവയ്ക്കും എച്ച്‌യുഐഡി ഹാൾമാർക്ക് രേഖപ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് 22 കാരറ്റ് സ്വർണവില പവന് 60,000 രൂപ കടന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പവന് 360 രൂപ കുറഞ്ഞ ശേഷമാണ് ഇന്നലത്തെ വർധന. കഴിഞ്ഞ വർഷം ഇതേ ദിവസം 22 കാരറ്റ് സ്വർണം ഗ്രാമിന് 5780 രൂപയും പവന് 46240 രൂപയുമായിരുന്നു വില. ഒരു വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയത് പവന് 14520 രൂപയുടെ വർധന. ഈ മാസം ഇതുവരെ പവന് 3560 രൂപ കൂടി.
വെള്ളി വിലയിൽ ഒരു വർഷം കൊണ്ട് ഗ്രാമിന് 20 രൂപയുടെ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 98 രൂപ. ഡീപ്‌സീക്കിന്റെ പേരിൽ യുഎസ് വിപണിയിൽ അനിശ്ചിതത്വം തുടരുന്നതിനാൽ നിക്ഷേപകർ സ്വർണനിക്ഷേപത്തിൽ താൽപര്യം കാണിക്കുന്നതാണ് നിലവിൽ വിലയെ സ്വാധീനിക്കുന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business