പലിശ നിരക്ക് കുറയ്ക്കാൻ സമ്മർദം,വഴങ്ങാതെ ആർബിഐ ഗവർണർ
Mail This Article
ന്യൂഡൽഹി∙ ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി 10ന് അവസാനിക്കാനിരിക്കെ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി ആർബിഐ പലിശ കുറയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്.
നിരക്കുകൾ കുറച്ചു സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ ആർബിഐ തയാറാകണമെന്നാണ് ഏതാനും ആഴ്ചകൾക്കു മുൻപ് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ആവശ്യപ്പെട്ടത്. ധനമന്ത്രി നിർമല സീതാരാമനും നിരക്കിലെ ഇളവ് സംബന്ധിച്ച് ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു.
വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിനടത്ത് എത്തിയാൽ മാത്രമേ പലിശ കുറയ്ക്കൂ എന്നതാണ് ആർബിഐ ഗവർണറുടെ പ്രഖ്യാപിത നയം. നിലവിൽ 6 ശതമാനത്തിനു മുകളിലാണ് വിലക്കയറ്റത്തോത്. തോത് ഇതിലും കുറഞ്ഞു നിന്നപ്പോൾ പോലും നിരക്ക് കുറയ്ക്കാൻ ആർബിഐ തയാറായിരുന്നില്ല.
രണ്ടാം പാദ വളർച്ചയിൽ വൻ ഇടിവു കൂടി നേരിട്ടതോടെ പലിശ കുറയ്ക്കാൻ ആർബിഐക്ക് മേൽ സമ്മർദം ഏറിയിരുന്നു.ഈ സമ്മർദത്തിന്റെ പേരിൽ പലിശ വെട്ടിക്കുറച്ചിരുന്നെങ്കിൽ ഇത്രയും നാൾ ആർബിഐ ഗവർണർ ഉയർത്തിപ്പിടിച്ച വാദങ്ങളെല്ലാം റദ്ദാകുമായിരുന്നു.
വളർച്ചയിൽ ഇടിവുണ്ടായതിന്റെ അടിസ്ഥാന കാരണം വിലക്കയറ്റമാണെന്ന വാദമാണ് ആർബിഐ ഗവർണർ ഇന്നലെ പ്രധാനമായും പങ്കുവച്ചത്. അതുകൊണ്ട് പലിശനിരക്ക് കുറച്ച് വളർച്ച ഉറപ്പാക്കുന്നതിനു പകരം വിലക്കയറ്റത്തോത് നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് വേണ്ടതെന്നാണ് ആർബിഐ പറയുന്നത്.വളർച്ചയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്ന സർക്കാരിനുള്ള സന്ദേശം കൂടിയാണിത്.
ഗവർണറായി മൂന്നാം ടേം ലഭിക്കുമോയെന്ന ചോദ്യത്തിന് ‘വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കാൻ ഞാനില്ല.’ എന്നായിരുന്നു ശക്തികാന്ത ദാസിന്റെ ഇന്നലത്തെ മറുപടി. ഡിസംബർ 10ന് ശേഷം സേവനകാലാവധി നീട്ടി നൽകിയില്ലെങ്കിൽ ദാസിന്റെ അവസാനത്തെ പണനയ പ്രഖ്യാപനമാണിത്.