ADVERTISEMENT

രാഹുൽ ദ്രാവിഡിനെ പോലെ നീണ്ട ഇന്നിങ്സ് കളിക്കുക – ബാങ്കുകൾക്ക് ഒറ്റവാചകത്തിലൊരു ഉപദേശമെന്തെന്ന ചോദ്യത്തിന് ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ മറുപടിയിതായിരുന്നു.

കോവിഡ് പ്രതിസന്ധിയിൽ ലോകമാകെ ആടിയുലഞ്ഞപ്പോഴും ദ്രാവിഡിനെ പോലെ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ കാത്ത ‘വൻമതിലാ’യിരുന്നു ശക്തികാന്ത ദാസ്. സിക്സും ഫോറും മാത്രമടിക്കാനുള്ള വ്യഗ്രതയ്ക്കപ്പുറത്ത് വിക്കറ്റ് നഷ്ടപ്പെടുത്താതെയുള്ള കരുത്തുറ്റ പിന്തുണ, അതായിരുന്നു ദാസ്.

shaktikanta-das

‘ഇക്കണോമിക്സ് പഠിക്കാത്ത ആർബിഐ ഗവർണർ’–2018ൽ സ്ഥാനമേൽക്കുമ്പോൾ ഒഡീഷക്കാരനായ ദാസ് ഏറ്റവും കൂടുതൽ കേട്ട പഴി ഇതായിരുന്നു. 1990–1992 കാലയളവിൽ ആർബിഐ ഗവർണറായിരുന്ന എസ്.വെങ്കിട്ടരാമനു ശേഷം ഇക്കണോമിക്സ് ഒരു കോഴ്സായി പഠിക്കാത്ത ആദ്യ ഗവർണറായിരുന്നു ദാസ്. എന്നാൽ ഇക്കണോമിക്സ് അല്ല ഇതിനുള്ള യോഗ്യതയെന്ന് കരിയർ കൊണ്ട് തെളിയിച്ചു.

ഈ പരീക്ഷണം തെറ്റല്ലെന്ന് ബോധ്യപ്പെട്ടിട്ടാകണം ഇക്കണോമിക്സ് പഠിക്കാത്ത ഒരാളെ വീണ്ടും ഗവർണറായി ഇന്നലെ കേന്ദ്രം നിയമിച്ചത്.

2018ൽ ഉർജിത് പട്ടേൽ സർക്കാരുമായി ഇടഞ്ഞ് രാജിവച്ചപ്പോൾ ആർബിഐയും സർക്കാരും വിരുദ്ധധ്രുവങ്ങളിലായിരുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ രണ്ടും തമ്മിലുള്ള പാലമായിട്ടാണ് മുൻ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറിയായ ദാസിന്റെ വരവ്.

India's Finance Minister Nirmala Sitharaman and the Reserve Bank of India (RBI) Governor Shaktikanta Das arrive to attend the RBI's central board meeting in New Delhi, India July 8, 2019. REUTERS/Anushree Fadnavis
India's Finance Minister Nirmala Sitharaman and the Reserve Bank of India (RBI) Governor Shaktikanta Das arrive to attend the RBI's central board meeting in New Delhi, India July 8, 2019. REUTERS/Anushree Fadnavis

രാജ്യത്തു പണലഭ്യത കൂട്ടാൻ പലിശ നിരക്ക് (റിപ്പോ) തുടർച്ചയായി കുറച്ചുകൊണ്ടായിരുന്നു തുടക്കം. കോവിഡ് കാലത്ത് സർക്കാരിനൊപ്പം, സമ്പദ്‍വ്യവസ്ഥയ്ക്ക് ഉറച്ച പിന്തുണയാകുന്ന ഒട്ടേറെ നയതീരുമാനങ്ങൾ ആർബിഐ സ്വീകരിച്ചു. പലിശനിരക്ക് 4 ശതമാനമെന്ന ഏറ്റവും കുറഞ്ഞനിരക്കിൽ എത്തിച്ചു.

ഉരസലും ഏകപക്ഷീയതയുമായിരുന്നു മുൻ ഗവർണർ ഉർജിത് പട്ടേലിന്റെ പ്രത്യേകതയെങ്കിൽ സൗമ്യതയും അഭിപ്രായങ്ങൾ ഉൾക്കൊള്ളാനുള്ള വിശാലതയുമായിരുന്നു ദാസിന്റെ മുഖമുദ്ര.

റിസർവ് ബാങ്കിന്റെ അധിക ധനശേഖരത്തിൽ നിന്നുള്ള തുക സർക്കാരിന് കൈമാറുന്നതായിരുന്നു ഉർജിത് പട്ടേൽ ഉരസാനുള്ള പ്രധാന കാരണമെങ്കിൽ ദാസ് എത്തിയതോടെ ഇതു സുഗമമായി. 2016ൽ യുപിഐ ആരംഭിച്ചെങ്കിലും ഇതു ജനകീയമാക്കുന്നതിൽ ദാസ് മുഖ്യപങ്കുവഹിച്ചു. പല സെൻട്രൽ ബാങ്കുകളും ഡിജിറ്റൽ കറൻസിയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോൾ ഇ–റുപ്പിയെന്ന ഡിജിറ്റൽ ബാങ്ക് കറൻസിയും പുറത്തിറക്കി. ധന സ്ഥാപനങ്ങളുടെ ആരോഗ്യസ്ഥിതി ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചു.

വ്യക്തിഗത വായ്പകൾ പെരുകുന്നതിന് കടിഞ്ഞാണിടാൻ കരുതൽ ധന നീക്കിയിരിപ്പു (റിസ്ക് വെയ്റ്റേജ്) വ്യവസ്ഥ പരിഷ്കരിച്ചതും പേയ്ടിഎം ബാങ്കിനെതിരെയുള്ള നടപടിയും ചില ഉദാഹരണങ്ങൾ മാത്രം.

PTI04_01_2024_000104B

വിലക്കയറ്റത്തിന്റെ കാര്യത്തിൽ കർക്കശക്കാരനായിരുന്നു ദാസ്. റഷ്യ– യുക്രെയ്ൻ സംഘർഷത്തെത്തുടർന്നുള്ള  വിലക്കയറ്റം നേരിടാനായി 2022 മേയ് മുതൽ 6 എംപിസി (പണനയസമിതി) യോഗങ്ങളിലായി 2.5% പലിശ വർധിപ്പിച്ചു.

വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനമാകാതെ പലിശ കുറയ്ക്കില്ലെന്ന് പിന്നീട് തീർത്തുപറഞ്ഞു. മാസങ്ങൾക്കു മുൻപ് യുഎസ് ഫെഡ് പലിശകുറച്ചിട്ടു പോലും ‘നമ്മുടെ സമയമായില്ലെന്ന’ വാദത്തിൽ ഉറച്ചുനിന്നു. പലിശ കുറയ്ക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രിക്ക് പരസ്യമായി പോലും പറയേണ്ടി വന്നു. എന്നിട്ടും ദിവസങ്ങൾക്കു മുൻപ് നടന്ന എംപിസി യോഗത്തിൽ ആർബിഐ പലിശ കുറച്ചില്ല.

സർക്കാരിന്റെ ‘ദാസൻ’ എന്ന ചീത്തപ്പേര് ദാസ് ഒരിക്കലും വരുത്തിവച്ചില്ല. നികുതി ഈടാക്കിക്കൊണ്ട് ക്രിപ്റ്റോകറൻസിക്കു രാജ്യത്ത് പരോക്ഷമായ അംഗീകാരം നൽകാൻ ധനമന്ത്രാലയം ശ്രമിച്ചപ്പോൾ ഏറ്റവും വലിയ എതിർപ്പുന്നയിച്ചത് ആർബിഐ ആയിരുന്നു. ക്രിപ്‌റ്റോകറൻസി നിരോധിക്കാനായി നിയമം കൊണ്ടുവരണമെന്നാണ് ദാസ് ആവശ്യപ്പെട്ടത്.

ഏതു സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയിൽ തെളിമയോടെയാണ് ദാസ് എവിടെയും സംസാരിച്ചിരുന്നത്. വിലക്കയറ്റത്തെ ഒരു കുതിരയായിട്ടാണ് മിക്ക എംപിസി യോഗങ്ങളിലും വിശേഷിപ്പിച്ചിരുന്നത്. കടിഞ്ഞാണില്ലാതെ കുതിക്കുന്ന കുതിരയെ ലായത്തിലെത്തിക്കാനുള്ള ശ്രമം ഓരോ തവണയും വിവരിച്ചു. മുപ്പതോളം എംപിസി പ്രഖ്യാപനങ്ങളും അദ്ദേഹം അവസാനിപ്പിച്ചത് അതത് സമയത്തെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ഗാന്ധിസൂക്തത്തോടെയായിരുന്നു.

FILE PHOTO: India's Reserve Bank of India (RBI) Governor Shaktikanta Das speaks during a news conference at the end of G20 finance ministers' and Central Bank governors' meeting on the outskirts of Bengaluru, India, February 25, 2023. REUTERS/Samuel Rajkumar/File Photo
FILE PHOTO: India's Reserve Bank of India (RBI) Governor Shaktikanta Das speaks during a news conference at the end of G20 finance ministers' and Central Bank governors' meeting on the outskirts of Bengaluru, India, February 25, 2023. REUTERS/Samuel Rajkumar/File Photo

1980ലെ തമിഴ്നാട് കേഡർ െഎഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് ഗവർണർ പദത്തിൽ 6 വർഷം പൂർത്തിയാക്കിയതോടെ, കൂടുതൽ കാലം സേവനം അനുഷ്ഠിച്ചവരിൽ രണ്ടാമനെന്ന വിശേഷണവുമായാണ് കസേര ഒഴിയുന്നത്.

1949 ജൂലൈ മുതൽ 1957 ജനുവരി വരെ (7 വർഷവും 197 ദിവസവും) ഗവർണറായിരുന്ന ബെനഗൽ രാമ റാവുവാണ് ഏറ്റവും കൂടുതൽ കാലം ഈ പദവി വഹിച്ചത്.

English Summary:

Discover how RBI Governor Shaktikanta Das steered the Indian economy through unprecedented challenges like the Covid-19 pandemic. Explore his impactful tenure, key decisions, and legacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com