വികസനവും ക്ഷേമവും പാകത്തിന്, പക്ഷേ തുക എവിടെ?

Mail This Article
ഇരുതല മൂർച്ചയുള്ള ആധുനിക കാലത്തിലെ ബജറ്റ്. അതായത്, ഒരു വശത്ത് സാമ്പത്തിക വളർച്ച ലക്ഷ്യമാക്കണം; മറുവശത്ത് ക്ഷേമ സങ്കൽപ്പങ്ങളോട് നീതിയും പുലർത്തണം.ഈ നിലയിൽ കേരള ബജറ്റ് സത്യസന്ധത പുലർത്തിയിട്ടുണ്ട്. വളർച്ചക്ക് ആക്കം കൂട്ടുന്ന നിരവധി നിർദ്ദേശങ്ങളും, ക്ഷേമ പരിപാടികളിൽ നിന്ന് പിന്നോക്കം പോകാതെയും സന്തുലിത സമീപനം പുലർത്താൻ കഴിഞ്ഞ ബജറ്റ്.
വികസനത്തിനുതകുന്ന നിർദ്ദേശങ്ങൾ
കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപെട്ടുവരുന്നു എന്ന പ്രതീതിയാണ് അടുത്ത രണ്ടു വർഷങ്ങളിലായി സൃഷ്ടിക്കുന്ന ചിത്രം. ഉല്പാദന മേഖലയിൽ വ്യവസായ രംഗം ഉണർവ് പ്രകടിപ്പിക്കുന്നുണ്ട്. നാനോ സംരംഭങ്ങളുടെ കുതിപ്പ് കഴിഞ്ഞ വർഷം രേഖപ്പെടുത്തുകയുണ്ടായി. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ ആർക്കും ചെറിയ നിക്ഷേപത്തിൽ വീട്ടിൽ പോലും തുടങ്ങാവുന്നതാണ് ഇത്തരം സംരംഭങ്ങൾ. ഒപ്പം നാനോ സംരംഭങ്ങൾ ഉൾപെടുന്ന സൂക്ഷ്മ സംരംഭങ്ങളുടെ വികസനത്തിന് ഊന്നൽ നൽകിയിട്ടുണ്ട്. ചെറുകിട, ഇടത്തരം വ്യവസായങ്ങൾ അടങ്ങുന്ന MSMEs മേഖലയുടെ സമഗ്രമായ വളർച്ച തിരിച്ചറിഞ്ഞിട്ടുണ്ട്. വൻകിട വ്യവസായ മേഖലയ്ക്ക് പ്രാധാന്യം നൽകുന്നതിൽ മടി കാണിച്ചിട്ടില്ല. ഇതിന്റെ തെളിവാണ് വിഴിഞ്ഞം - കൊല്ലം- പുനലൂർ ഇടനാഴി, വ്യവസായ ക്ലിക്ക് പോർട്ടൽ, ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയുടെ വിനിയോഗം എന്നിവ. ഉല്പാദനം കൂട്ടി വളർച്ച മെച്ചപ്പെടുത്തുക എന്ന് മാത്രമല്ല, തൊഴിൽ ദായകരായും വ്യവസായ മേഖലയെ ബജറ്റ് നോക്കിക്കാണുന്നു. സ്വകാര്യ മേഖലയുടെ പ്രാധാന്യത്തെ അനുദിനം തിരിച്ചറിയുന്ന 'ഇടതുപക്ഷ സമീപനം' സ്വാഗതാർഹം തന്നെ. അതേ സമയം ഭൂമിയുടെ വിലകൂടുതലും, ലഭ്യതകുറവുമുള്ളപ്പോൾ വൻകിട വ്യവസായത്തിന് വളക്കൂറുള്ള മണ്ണായി കേരളത്തെ കാണുന്നത് മൗഢ്യമായിരിക്കും.
∙വിജ്ഞാന അധിഷ്ഠിത സംരംഭങ്ങൾക്ക് നൽകിയ ഊന്നലും മുൻവർഷത്തിന്റെ ത്തുടർച്ചയാണ്. ഐ. ടി.യുടെ പ്രാധാന്യം മറന്നില്ല.
∙കാർഷിക മേഖലയുടെ പ്രാധാന്യം പച്ചക്കറി ഉൽപാദനത്തിനപ്പുറത്തേക്ക് വ്യാപിക്കാൻ ഉതകുന്ന നിർദ്ദേശങ്ങളുടെ കുറവ് വലിയ പോരായ്മയാണ്.
ടൂറിസം,ആരോഗ്യം,വിദ്യാഭ്യാസം

സംസ്ഥാന ആഭ്യന്തര ഉല്പാദനത്തിന്റെ 10% സംഭാവന നൽകുന്ന ടൂറിസം മേഖലയുടെ നാളത്തെ വളർച്ച ആരോഗ്യ ടൂറിസം ആണ്. ഇതിലേക്കായി 50കോടിയാണ് നീക്കി വച്ചത്. ഈ തുകയുടെ അപര്യാപ്തത ഒരു പ്രശ്നമായി അവശേഷിക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കേരളം നേരിടുന്ന പ്രശ്നങ്ങൾ രണ്ടാം തലമുറ പ്രശ്നങ്ങൾ ആണ്. ജീവിത ശൈലി മൂലമുണ്ടാകുന്ന കാൻസർ പോലുള്ള രോഗങ്ങൾ നേരിടാനുള്ള നിർദ്ദേശങ്ങളും ബജറ്റിലുണ്ട്. ജില്ലാ ആശുപത്രികളിൽ ഡയാലിസിസ് തുടങ്ങുമെന്ന നിർദ്ദേശങ്ങളും സമയോചിതമാണ്. വിദ്യാഭാസ രംഗത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മികവിന്റെ കേന്ദ്രം ഏഴെണ്ണം കൂടി തുടങ്ങുമെന്നതും രണ്ടാം തലമുറ പ്രശ്നങ്ങളുടെ തിരിച്ചറിവാണ്. ആഭ്യന്തര വരുമാനത്തിന്റെ 5.5,13.3% യഥാക്രമം ചെലവഴിക്കുന്ന ആരോഗ്യ - വിദ്യാഭാസ മേഖലകളുടെ നേട്ടം നിലനിർത്താനുള്ള സർക്കാരിൻ്റെ ഇച്ഛാശക്തി ഈ നിർദേശങ്ങളിലൂടെ വീണ്ടും പ്രകടമവുകയാണ്. സാമൂഹിക മേഖലകളിൽ നേട്ടം നിലനിർത്താനുള്ള ശ്രമമാണിത്.
ക്ഷേമ പരിപാടികൾ
ക്ഷേമ പെൻഷൻ 1600 രൂപയെന്നത് ഒട്ടും കൂട്ടിയില്ല എന്നത് നിരശാജനകമാണ്. 2500 ആക്കുമെന്ന വാഗ്ദാനം അടുത്ത വർഷത്തേക്ക് മാറ്റി വച്ചതാണോ, അതോ അടുത്ത തെരഞ്ഞെടുപ്പിലേക്ക് മാറ്റി വച്ചതാണോ എന്നറിയാൻ കാത്തിരിക്കണം. പെൻഷൻ കുടിശിക തീർക്കുമെന്നതും, സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കൊടുത്തുതീർക്കുമെന്നു പറഞ്ഞതും ആശ്വാസമാണ്.
വിലയിരുത്തൽ
സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം അവതരിപ്പിക്കുന്ന മെച്ചപ്പെട്ട ബജറ്റാണിത്. 15% ത്തോളം റവന്യു വരവിൽ വർധനവും 10% ത്തിലധികം റവന്യു ചെലവിൽ വളർച്ചയും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രതിസന്ധി തുറന്നു കാണിക്കുന്നു. അതുകൊണ്ട് പല പ്രൊജക്ടുകൾക്കായി നീക്കി വച്ച തുക അപര്യപ്തമാണെന്നു കാണാം. അതു തന്നെയാണ് ബജറ്റിന്റെ വലിയ പോരായ്മയും.
സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ
അഭിപ്രായങ്ങൾ വ്യക്തിപരം