ചെറിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലേക്ക് മാറിയാൽ പോക്കറ്റ് ചോർച്ച തടയാം, എങ്ങനെയെന്നോ?

Mail This Article
2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് വ്യവസായം 100 ദശലക്ഷം കവിഞ്ഞു. 2015 ന് ശേഷം ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നവരുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു. പണക്കാരുടെ കുത്തകയായിരുന്ന ക്രെഡിറ്റ് കാർഡുകൾ പിന്നീട് സാധാരണക്കാരന് വരെ സ്വന്തമാകുന്ന കാഴ്ചക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ക്രെഡിറ്റ് കാർഡുകൾ നൽകിയിരുന്ന ആനുകൂല്യങ്ങൾ ആയിരുന്നു പ്രധാന ആകർഷണം. എന്നാൽ ഇപ്പോൾ പല ക്രെഡിറ്റ് കാർഡുകളും ആനുകൂല്യങ്ങൾ വെട്ടി കുറയ്ക്കുകയാണ്.'ക്രെഡിറ്റ് കാർഡുകൾ എടുത്താൽ 'ചാകര' എന്ന് വിശേഷിപ്പിക്കാവുന്ന കാലം കഴിഞ്ഞോ?
ക്രെഡിറ്റ് കാർഡുകൾ കൂടാനുള്ള കാരണം

എച്ച്‌ഡിഎഫ്‌സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ ആധിപത്യം പുലർത്തുന്ന ക്രെഡിറ്റ് കാർഡ് മാർക്കറ്റ്, കഴിഞ്ഞ നാല് വർഷത്തിനിടെ 12 ശതമാനമാണ് ഓരോ വർഷവും വളർന്നത്. സജീവ കാർഡുകളുടെ എണ്ണം FY20-ൽ 57.7 ദശലക്ഷത്തിൽ നിന്ന് 2024-ൽ 101 ദശലക്ഷമായി വർദ്ധിച്ചു. ക്രെഡിറ്റ് കാർഡുകൾ ലഭിക്കാനുള്ള പ്രക്രിയകൾ എളുപ്പത്തിലായത് ആണ് പ്രധാനമായും ഇവയെ ജനകീയമാക്കിയത്. പല തരത്തിലുള്ള കോ-ബ്രാൻഡഡ് ഓഫറുകളും ക്രെഡിറ്റ് കാർഡുകളുടെ ഈ കുതിച്ചുചാട്ടത്തെ സഹായിച്ചു. ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സൗകര്യവും റിവാർഡുകളും ക്രെഡിറ്റ് സ്കോർ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതു കൂടിയതോടെ വീണ്ടും ആളുകൾ ഇതിലേക്ക് ആകർഷിക്കപ്പെടാൻ തുടങ്ങി.
ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ കുറക്കാൻ കാരണം?
കഴിഞ്ഞ രണ്ട് വർഷങ്ങളായി ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ കുറയ്ക്കുകയാണ്.
ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വിതരണക്കാർ പ്രധാനമായും വരുമാനം ഉണ്ടാക്കുന്നത് പലിശയിൽ നിന്നാണ് (40-50%).എന്നാൽ ഉപഭോക്താക്കൾ തിരിച്ചടവ് മുടക്കുന്നത് ബാങ്കുകൾക്ക് പ്രശ്നമാകുന്നുണ്ട്. ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളുടെ തിരിച്ചടവിൽ കാലതാമസം വരുത്തുന്നതും ബാങ്കുകളെ ബാധിക്കുന്നുണ്ട്.
കൂടുതൽ ആനുകൂല്യങ്ങൾ കൊടുക്കാതെ തന്നെ ഉപഭോക്താക്കൾ ക്രെഡിറ്റ് കാർഡ് ചോദിച്ചു വരുന്ന അവസ്ഥയുള്ളതിനാൽ വലിയ ബാങ്കുകൾ ഓഫറുകൾ വെട്ടി ചുരുക്കി. എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, എസ് ബി ഐ തുടങ്ങിയ വലിയ ബാങ്കുകൾ പരമാവധി ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തിരിക്കുന്നതിനാൽ വലിയ ബാങ്കുകൾക്ക് ഈ മേഖലയിൽ നിന്ന് അധികം നേട്ടം ഇനി എടുക്കാനില്ല എന്ന വിലയിരുത്തലുകളുമുണ്ട്. ഇലക്ട്രോണിക് സാധനങ്ങളും മറ്റും വാങ്ങാൻ കടയിൽ പോയാൽ അതുകൊണ്ടാണ് വലിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡിൽ ഓഫറുകൾ നൽകാത്തത്.

ഓഫർ വേണമെങ്കിൽ ഇനി ഏത് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് എടുക്കണം?
ചെറുകിട ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്കാണ് ഇപ്പോൾ ആനുകൂല്യങ്ങൾ കൂടുതലുള്ളത്. അത് ഓൺലൈൻ ഷോപ്പിങ്ങിലും, കടകളിൽ പോയി വാങ്ങുന്നതിലും, എയർപോർട്ട് ലോഞ്ച് സൗകര്യങ്ങൾ ലഭിക്കുന്നതിനും ബാധകമാണ്. വലിയ വിലയുടെ പർച്ചേസുകളിലാണ് ഈ മാറ്റം ഏറ്റവും കൂടുതൽ മനസിലാകുക. ചെറുകിട ബാങ്കുകൾ 50 ശതമാനം വരെ വിലക്കിഴിവ് നൽകുന്നുണ്ടെങ്കിൽ വലിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിൽ അത് പരമാവധി 10 ശതമാനമായിരിക്കും. എന്നാൽ കടകളെയും, ഓൺലൈൻ വാങ്ങലുകളെയും ആശ്രയിച്ച് ഈ 'ശതമാനം' മാറിക്കൊണ്ടിരിക്കും.
ആനുകൂല്യങ്ങൾ മാത്രമല്ല ചെറിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് എടുത്താൽ പലിശയും കുറവായിരിക്കും. വാർഷിക ഫീസിലും അതുപോലെ വലിയ ബാങ്കുകളെ അപേക്ഷിച്ച് ചെറു ബാങ്കുകളുടെ ക്രെഡിറ്റ് കാർഡിൽ കുറവുണ്ടായിരിക്കും. ക്രെഡിറ്റ് കാർഡുകളുടെ ശ്രദ്ധാപൂർവമായ ഉപയോഗം ക്രെഡിറ്റ് സ്കോർ കൂട്ടാനും സഹായിക്കും. അതുകൊണ്ടു പോക്കറ്റ് ചോർച്ച തടയാൻ ഇനി ചെറിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലേക്ക് ചേക്കേറിയാലോ?