ADVERTISEMENT

ദാരിദ്ര്യം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ,  ചെറുസംരംഭങ്ങൾക്കായി വായ്പ  ലഭ്യമാക്കുന്ന മൈക്രോഫിനാൻസ്  സംവിധാനം കുടുംബങ്ങളെ കടക്കെണിയിലേക്കു തള്ളിവിടുന്ന അവസ്ഥയാണ് ഇപ്പോൾ.

ബംഗ്ലാദേശിലാണ് ആരംഭിച്ചതെങ്കിലും മൈക്രോ ഫിനാൻസ് മേഖല വളർച്ച പ്രാപിച്ചത് ഇന്ത്യയിലാണ്. നിലവിൽ രാജ്യത്തു നിയമസാധുതയുള്ള വായ്പാ സേവനമാണ് മൈക്രോ ഫിനാൻസ്. ഇത്തരം വായ്പകൾ നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് അംഗീകാരം നൽകിയിട്ടുണ്ട്. അവയുടെ പ്രവർത്തനങ്ങൾക്ക് ആർബിഐ മേൽനോട്ടവുമുണ്ട്. ദാരിദ്ര്യ നിർമാർജനം, സ്ത്രീശാക്തീകരണം തുടങ്ങി സാമൂഹികപ്രസക്തിയുള്ളവയാണ് മൈക്രോ ഫിനാൻസ് വായ്പകളുടെ ലക്ഷ്യങ്ങൾ. ഇവ സംബന്ധിച്ചുള്ള ആർബിഐയുടെ നിബന്ധനകൾ താഴെ പറയുന്നു:   

loan-jpg - 1

മൈക്രോ ഫിനാൻസ് വായ്പകൾ  

3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള  കുടുംബങ്ങളിലെ അംഗങ്ങൾക്ക് അധികജാമ്യം ഇല്ലാതെ നൽകുന്നവയാണ് മൈക്രോ ഫിനാൻസ് വായ്പകൾ. പരമാവധി കടബാധ്യത ഒരു കുടുംബത്തിനു മൂന്നു ലക്ഷം രൂപയെന്നു പരിമിതപ്പെടുത്തിയിട്ടുണ്ട്. മൈക്രോ ഫിനാൻസ് വായ്പ ഉൾപ്പെടെയുള്ള മാസ തിരിച്ചടവ്, കുടുംബത്തിന്റെ മാസ വരുമാനത്തിന്റെ 50 ശതമാനത്തിനുമേൽ വരുംവിധം വായ്പ അനുവദിക്കരുത്. നിക്ഷേപം, മാർജിൻ തുക, ജാമ്യസംഖ്യ എന്നിവയൊന്നും വായ്പക്കാരിൽനിന്ന് ഈടാക്കാനാകില്ല. വായ്പയുടെ വിശദവിവരങ്ങൾ അടങ്ങുന്ന ലോൺകാർഡ് വായ്പ എടുത്തവർക്കു നൽകിയിരിക്കണം.

അതിൽ പലിശയടക്കമുള്ള വായ്പാ ചെലവിനങ്ങൾ എന്തൊക്കെയെന്നു വ്യക്തമാക്കുകയുംവേണം.    എൻബിഎഫ്സികളല്ലാത്ത ട്രസ്റ്റുകൾ, സൊസൈറ്റികൾ തുടങ്ങിയവയ്ക്ക്  മൈക്രോ ഫിനാൻസ് വായ്പ നൽകാൻ റിസർവ് ബാങ്കിന്റെ അംഗീകാരമില്ല. വായ്പാ തിരിച്ചടവ് മുടങ്ങിയാലും രാവിലെ 9 മണിക്കു മുൻപും വൈകിട്ട് 6നു ശേഷവും ഇടപാടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും ആർബിഐ ഉത്തരവുണ്ട്.  

വ്യാപകമാകുന്ന വായ്പ 

ഗ്രാമമെന്നോ നഗരപ്രദേശമെന്നോ വ്യത്യാസമില്ലാതെ ഇന്ത്യയൊട്ടാകെ ഇരുന്നൂറിലധികം മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുണ്ട്. ഇവ നാലു ലക്ഷം കോടി രൂപയിലധികം വായ്പകൾ വിതരണം ചെയ്തിട്ടുമുണ്ട്. വായ്പയെടുത്ത 78 ദശലക്ഷത്തോളം പേരിൽ 99 ശതമാനവും സ്ത്രീകളാണ്. പ്രത്യേക ജാമ്യം ഇല്ലെങ്കിലും 5മുതൽ 10വരെ അംഗങ്ങളുള്ള ഗ്രൂപ്പ് അടിസ്ഥാനത്തിൽ കൂട്ടുജാമ്യം അഥവാ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ അടിസ്ഥാനമാക്കിയാണ് വായ്പ  നൽകുന്നത്. 

പാവപ്പെട്ട കുടുംബങ്ങളിലെ ദാരിദ്ര്യം തുടച്ചു നീക്കാനായി വരുമാനം നേടാവുന്ന ചെറുസംരംഭങ്ങൾ വളർത്തിയെടുക്കാൻ ഉദ്ദേശിച്ചാണ് പ്രധാനമായും മൈക്രോ ഫിനാൻസ് വായ്പ അനുവദിക്കുന്നത്. പക്ഷേ, കുടുംബത്തിലെ പലവിധ ചെലവുകൾക്കായാണ് മിക്കപ്പോഴും ഈ വായ്പകൾ ഉപയോഗിക്കുന്നത്. മാത്രമല്ല, വായ്പ എടുത്തിട്ടുള്ള മിക്കവരും നാലിൽ കുറയാത്ത  മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്ന് ഒരേസമയം വായ്പയെടുത്തിട്ടുണ്ടെന്നും കാണാം. 

നിലവിലെ വായ്പകൾ തിരിച്ചടയ്ക്കാൻ മറ്റു സ്ഥാപനങ്ങളിൽനിന്നു വീണ്ടും വീണ്ടും പുതിയ വായ്പയെടുത്തു കടച്ചുഴിയിലാണ് പലരും.  ഒരേ സ്ഥാപനംതന്നെ നിലവിലെ വായ്പ തിരിച്ചടയ്ക്കുന്നതിനു പുതിയ വായ്പ അനുവദിക്കുന്ന ‘തട്ടിക്കിഴിവ്’ വായ്പകൾ കടബാധ്യത വീണ്ടും ഉയർത്തും. അനുവദിച്ച ബാധ്യതകളെല്ലാം തന്നെ സിബിൽ തുടങ്ങിയ ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ രേഖപ്പെടുത്തുകയും തിരിച്ചടവിൽ വരുന്ന വീഴ്ചകൾ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും. പക്ഷേ, ഇതേക്കുറിച്ചൊന്നും വായ്പ എടുത്തുകൂട്ടുന്നവർക്കു ധാരണയില്ലെന്നതാണ് യാഥാർഥ്യം.

Businessman giving money, Indian rupee currency, to his partner - payment, loan and bribery concept
Businessman giving money, Indian rupee currency, to his partner - payment, loan and bribery concept

മൈക്രോ ഫിനാൻസ് കൂട്ടായ്മ

ഇന്ത്യയിലെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ സ്വയം നിയന്ത്രിത കൂട്ടായ്മയായ എംഎഫ്ഐഎൻ എന്ന സംഘടന, ചില പൊതു നിബന്ധനകളും പെരുമാറ്റച്ചട്ടങ്ങളും നടപ്പിലാക്കുന്നുണ്ട്.

∙ഒരു കുടുംബത്തിന് എല്ലാവിധ വായ്പകളും കൂടി പരമാവധി രണ്ടു ലക്ഷം രൂപവരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

∙ഒരാൾക്കു പരമാവധി നാലു സ്ഥാപനങ്ങളിൽനിന്നു മാത്രമേ വായ്പ നൽകൂ.

∙3,000 രൂപയിലധികം 90 ദിവസംവരെ തിരിച്ചടവ് കുടിശിക വരുത്തുന്നവർക്ക് വായ്പകൾ അനുവദിച്ചിരുന്നില്ല.

∙എന്നാലിത് ജനുവരി 2025മുതൽ ഈ 90ദിവസം എന്നത്  60 ദിവസമായി കുറച്ചിട്ടുമുണ്ട്. 

താങ്ങാനാകാത്ത പലിശ  

കൊള്ളപ്പലിശ ഈടാക്കരുതെന്ന് ആർബിഐ നിർദേശം ഉണ്ടെങ്കിലും വായ്പയ്ക്ക് ഈടാക്കാവുന്ന പലിശ നിശ്ചയിക്കാനുള്ള അധികാരം മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കാണ്. ഇതുപയോഗിച്ച് 24 ശതമാനത്തിലധികം വാർഷിക പലിശയാണ്  പല മൈക്രോ ഫിനാൻസ് വായ്പകൾക്കും ഈടാക്കുന്നത്. ഈ സ്ഥാപനങ്ങൾ തങ്ങളുടെ സമ്പത്തു വർധിപ്പിക്കുന്നതിന് വായ്പകൾക്ക് 14 ശതമാനത്തിലധികം ലാഭം (സ്പ്രെഡ്) ഉറപ്പാക്കുകയും  28%വരെ വാർഷികനിരക്ക് ചുമത്തുകയും ചെയ്തിരുന്നു.

അപ്പോഴാണ് ആർബിഐ ചില മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയത്. ഇൻഷുറൻസ് പ്രീമിയം തുടങ്ങിയ അധിക ചാർജുകളും തിരിച്ചടവിൽ വീഴ്ചവരുമ്പോൾ പിഴപ്പലിശയും ഇത്തരം വായ്പകളിൽ അധികമായി ഈടാക്കാറുണ്ട്. കൊള്ളപ്പലിശ നിരോധന നിയമം ബാങ്കിതര സാമ്പത്തികസ്ഥാപനങ്ങളായ മൈക്രോ ഫിനാൻസ് കമ്പനികൾക്ക് ബാധകമല്ല.

പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ

ഫെബ്രുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്

English Summary:

Are microfinance loans a boon or a bane? Learn about the benefits and pitfalls of microfinance in India, the role of the RBI and MFIN, and the growing concerns over debt traps. Discover how this system impacts women and poverty alleviation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com