ബാങ്കിങ് പിന്തുണയിൽ മുന്നേറി ഇന്ത്യൻ വിപണി, ആർബിഐ നയപ്രഖ്യാപനം പ്രതീക്ഷ
Mail This Article
അമേരിക്കൻ ഫെഡ് പിന്തുണയിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തോടെ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ്, ഐടി സെക്ടറുകളുടെ പിന്തുണയിൽ തുടർ മുന്നേറ്റം നടത്തി. തുടർച്ചയായ മൂന്നാം സെഷനിലും പോസിറ്റീവ് ക്ളോസിങ് നടത്തി.
ഇന്ന് 24280 പോയിന്റിൽ പിന്തുണ കരസ്ഥമാക്കിയ നിഫ്റ്റി 24481 പോയിന്റ് വരെ മുന്നേറിയ ശേഷം 181 പോയിന്റ് നേട്ടത്തിൽ 24457 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 80845 പോയിന്റിലും ക്ളോസ് ചെയ്തു.
പൊതു മേഖല ബാങ്കിങ് സെക്ടർ 2.6% മുന്നേറിയപ്പോൾ ബാങ്ക് നിഫ്റ്റി 1.13% മുന്നേറ്റമാണ് നേടിയത്. എസ്ബിഐക്കൊപ്പം റിലയൻസും, എച്ച്ഡിഎഫ്സി ബാങ്കും, അൾട്രാ ടെക്കും, എച്ച്സിഎൽ ടെക്കും, ആക്സിസ് ബാങ്കും മുന്നേറിയതും ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകി. ഇൻഫ്രാ, എഫ്എംസിജി, മെറ്റൽ സെക്ടറുകളും ഇന്ന് 1%ൽ കൂടുതൽ നേട്ടമുണ്ടാക്കി.
ആർബിഐ നയപ്രഖ്യാപനം വെള്ളിയാഴ്ച
നാളെ ആരംഭിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയാവലോകനയോഗം പണനയങ്ങൾ ലഘൂകരിക്കുമെന്ന പ്രതീക്ഷ ശക്തമായത് ബാങ്കിങ് മേഖലക്ക് മുന്നേറ്റം നൽകി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 5% വരെ മുന്നേറിയപ്പോൾ കാനറാ ബാങ്കും, ബാങ്ക് ഓഫ് ബറോഡയും മൂന്ന് ശതമാനം വീതവും എസ്ബിഐ, പിഎൻബി എന്നിവ 2% വീതവും മുന്നേറ്റം നേടി.
ഡോളർ ശക്തമായി തുടരുന്നതും ഫെഡ് നിരക്ക് കുറയ്ക്കലിലെ അനിശ്ചിതത്വവും റിപ്പോ നിരക്ക്, റിസേർവ് റേഷ്യോ തീരുമാനങ്ങളെയും സ്വാധീനിക്കുമെന്ന് വിപണി പ്രത്യാശിക്കുന്നു.
ഡോളർ ക്രമപ്പെടുന്നു
അടുത്ത ആഴ്ച അവസാനം നടക്കുന്ന ഫെഡ് റിസർവിന്റെ 2024ലെ അവസാന യോഗത്തിലും 25 ബേസിസ് പോയിന്റ് ഫെഡ് നിരക്ക് കുറയ്ക്കുന്നത് തുടരുമെന്ന ഫെഡ് അംഗങ്ങളുടെ സൂചന ഡോളറിന് നേരിയ തിരുത്തൽ നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചയിൽ 2% വീണ അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 4.20%ലാണ് തുടരുന്നത്. ഡിസംബർ 12,13 തീയതികളിലാണ് അമേരിക്കൻ ഫെഡ് റിസേർവ് യോഗം ചേരുന്നത്.
ഇന്നും നാളെയും ഫെഡ് അംഗങ്ങളും ഫെഡ് ചെയർമാൻ ജെറോം പവലും സംസാരിക്കാനിരിക്കുന്നത് ഡോളറിനും ഒപ്പം ലോക വിപണിക്കും നിർണായകമാണ്. വെള്ളിയാഴ്ച വരുന്ന നോൺ ഫാം പേറോൾ ഡേറ്റ ഡോളറിനെയും വിപണിയെയും സ്വാധീനിക്കും.
പുതിയ റെക്കോർഡ് ഉയരം കുറിച്ച് നാസ്ഡാക്
ടെസ്‌ലയുടെ നേതൃത്വത്തിൽ ടെക്ക് ഓഹരികൾ മുന്നേറിയത് ഇന്നലെ നാസ്ഡാകിനും, എസ്&പിക്കും പുതിയ റെക്കോർഡ് ഉയരം നൽകി. ടെക്ക് മേഖലയുടെ സാന്താ സൂചനകളും അനുകൂലമായ ഫെഡ് നിരക്ക് തീരുമാനങ്ങളും നാസ്ഡാകിനും, എസ്&പിക്കും പുതിയ ഉയരം നൽകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
ക്രൂഡ് ഓയിൽ
ഇന്ന് ഏഷ്യൻ വിപണി സമയത്ത് 1% മുന്നേറിയ ബ്രെന്റ് ക്രൂഡ് ഓയിൽ 72.50 ഡോളറിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളും വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഒപെക് യോഗതീരുമാനങ്ങളും കാത്തിരിക്കുകയാണ് ഓയിൽ ബുള്ളുകൾ.
സ്വർണം
ഡോളർ ക്രമപ്പെട്ടതിനെത്തുടർന്ന് മുന്നേറിയ രാജ്യാന്തര സ്വർണവില വീണ്ടും ക്രമപ്പെടുകയാണ്. നാളെ ഫെഡ് ചെയർമാൻ സംസാരിക്കാനിരിക്കുന്നതും, നോൺ ഫാം പേറോൾ ഡേറ്റ വരാനിരിക്കുന്നതും ഡോളറിനും ബോണ്ട് യീൽഡിനും അനുകൂലമാണ്. രാജ്യാന്തര സ്വർണവില 2665 ഡോളറിലാണ് തുടരുന്നത്.
എൻടിപിസി ഗ്രീൻ
കഴിഞ്ഞ ആഴ്ചയിൽ ഫ്ലാറ്റ് ലിസ്റ്റിങ് നടത്തിയ എൻടിപിസി ഗ്രീൻ പതിയെ മുന്നേറി ഇന്ന് 10% അപ്പർ സർക്യൂട്ട് നേടിയത് ഇന്ത്യൻ ഗ്രീൻ എനർജി മേഖലക്ക് ആവേശമായി. ഗ്രീൻ എനർജി ഉപകരണ ഉല്‍പാദകർക്കൊപ്പം, ഗ്രീൻ എനർജി ഉല്‍പാദക ഓഹരികളും മുന്നേറ്റത്തിലാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക