ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരിവില 27% കൂപ്പുകുത്തി; നിക്ഷേപകർക്ക് ഷോക്ക്, എന്താണ് സംഭവിക്കുന്നത്?

Mail This Article
ഒറ്റദിവസം ഓഹരിവിലയിൽ 27 ശതമാനത്തിലേറെ തകർച്ച. വിപണിമൂല്യത്തിൽ നിന്ന് കൊഴിഞ്ഞുപോയത് 15,000 കോടിയിലേറെ രൂപയും. ഇന്നു രാവിലെ 810.45 രൂപയായിരുന്ന ഓഹരിവില ഇപ്പോഴുള്ളത് 657.05 രൂപയിൽ. ഒരുഘട്ടത്തിൽ വില 52-ആഴ്ചത്തെ (കഴിഞ്ഞ ഒരു വർഷത്തിനിടയിലെ) ഏറ്റവും താഴ്ചയായ 652.75 രൂപവരെയും എത്തിയിരുന്നു. സ്വകാര്യബാങ്കായ ഇൻഡസ്ഇൻഡ് ബാങ്കിന്റെ (IndusInd Bank) ഓഹരികളാണ് നിക്ഷേപകരെ ഞെട്ടിച്ച് വൻ തകർച്ചയിലേക്ക് തകിടംമറിഞ്ഞത്.
ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികളിൽ നിക്ഷേപിച്ചിട്ടുള്ള മ്യൂച്വൽഫണ്ടുകളും 6,000 കോടിയിലേറെ നഷ്ടം ഇന്നുമാത്രം നേരിട്ടു. കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഈ വര്‍ഷം ജനുവരിവരെയായി മ്യൂച്വൽഫണ്ടുകളിൽ നിന്ന് 10,200 കോടി രൂപയുടെ നിക്ഷേപം ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികളിൽ എത്തിയിരുന്നു. ഐസിഐസിഐ പ്രുഡൻഷ്യൽ, എച്ച്ഡിഎഫ്സി മ്യൂച്വൽഫണ്ട്, എസ്ബിഐ മ്യൂച്വൽഫണ്ട്, യുടിഐ മ്യൂച്വൽഫണ്ട്, നിപ്പോൺ ഇന്ത്യ മ്യൂച്വൽഫണ്ട് എന്നിവയാണ് ഏറ്റവുമധികം നിക്ഷേപം നടത്തിയത്. ഇവയെല്ലാം തന്നെ കനത്ത നഷ്ടമാണ് ഇന്നു നേരിട്ടതും.
2020 നവംബറിനുശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വിലയിലാണ് ഇപ്പോൾ ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരിവിലയുള്ളത്. കഴിഞ്ഞവർഷം ഓഹരിവില 40 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതിൽ നിന്ന് കരകയറുംമുമ്പേയാണ് ഇപ്പോൾ ഒറ്റയടിക്ക് 27 ശതമാനത്തോളം വീഴ്ച. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിക്കും 5.23% ഓഹരി പങ്കാളിത്തം ഇൻഡസ്ഇൻഡ് ബാങ്കിലുണ്ട്. എൽഐസിയുടെ നിക്ഷേപത്തിന്റെ മൂല്യവും ഇന്നു വൻതോതിൽ കുറഞ്ഞു.
എന്താണ് ബാങ്കിനു സംഭവിച്ചത്?
വിദേശ കറൻസി നിക്ഷേപം, വായ്പ എന്നിവ ഉൾപ്പെടുന്ന ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിൽ പിശകുകൾ സംഭവിച്ചെന്ന് ആഭ്യന്തര പരിശോധനയിലൂടെ കണ്ടെത്തിയെന്ന് ബാങ്ക് വെളിപ്പെടുത്തിയിരുന്നു. ഇതുമൂലം, ഫലത്തിൽ 2024 ഡിസംബർ പാദപ്രകാരമുള്ള ബാങ്കിന്റെ ആസ്തിമൂല്യത്തിൽ (net worth) 2.35% ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ലാഭത്തിൽ 1,577 കോടി രൂപയുടെ ഇടിവും നേരിടും.
ഈ വെളിപ്പെടുത്തലിനു പിന്നാലെ നുവമ ഉൾപ്പെടെ ചില ബ്രോക്കറേജുകൾ ബാങ്കിന്റെ ലക്ഷ്യവില നേരത്തെ നിശ്ചയിച്ച 1,115 രൂപയിൽ നിന്ന് 32% വെട്ടിക്കുറച്ച് 750 രൂപയാക്കി. മാത്രമല്ല, വെളിപ്പെടുത്തൽ ബാങ്കിന്റെ വിശ്വാസ്യതയെയും പ്രവർത്തനഫലത്തെയും ബാധിക്കുമെന്നും നുവമ അഭിപ്രായപ്പെട്ടു. മോത്തിലാൽ ഓസ്വാൾ ലക്ഷ്യവില കുറയ്ക്കുകയും റേറ്റിങ് ‘ന്യൂട്രൽ’ എന്നതിലേക്ക് താഴ്ത്തുകയും ചെയ്തു. മറ്റുചില ബ്രോക്കറേജുകളും സമാന നടപടി സ്വീകരിച്ചു.
ഓഹരി ഇടിവിനു കാരണം
ഇൻഡസ്ഇൻഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമന്ത് കാഠ്പാലിയയ്ക്ക് ഒരുവർഷത്തെ മാത്രം പുനർനിയമനമാണ് കഴിഞ്ഞദിവസം റിസർവ് ബാങ്ക് അനുവദിച്ചത്. ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആവശ്യപ്പെട്ടത് മൂന്നു വർഷമായിരുന്നു. ‘അതർ അസറ്റ് ആൻഡ് അതർ ലയബിലിറ്റി’ അക്കൗണ്ടുകളിൽ നടന്ന പരിശോധനയിലൂടെ ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിൽ പിഴവുകളുണ്ടായെന്ന് കണ്ടെത്തിയെന്നാണ് കഴിഞ്ഞദിവസം ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിലൂടെ വെളിപ്പെടുത്തിയത്.
ഇതും എംഡിയുടെ കാലാവധി സംബന്ധിച്ച റിസർവ് ബാങ്കിന്റെ തീരുമാനവും ബ്രോക്കറേജുകളുടെ നടപടികളും ഓഹരിവിലയിൽ ഇന്നു വിറ്റൊഴിയൽ സമ്മർദം സൃഷ്ടിക്കുകയായിരുന്നു. ബാങ്കിങ്, നിക്ഷേപം എന്നീ ഇടപാടുകളിൽ വിശ്വാസ്യത പ്രധാനമാണെന്നിരിക്കെ അതിനു കോട്ടം തട്ടിയെന്ന വിലയിരുത്തലാണ് ബാങ്കിന്റെ ഓഹരികളെ ഇന്നു വൻ തകർച്ചയിലാഴ്ത്തിയത്. ഈ തിരിച്ചടിയിൽ നിന്ന് എത്രവേഗം ബാങ്കിന് കരകയറാനാകുമെന്നാണ് ഏവരുടെയും ഉറ്റുനോട്ടം.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)