മുത്തൂറ്റ് ഫിനാൻസ് ഓഹരിക്ക് മികച്ച നേട്ടം; വിപണിമൂല്യം വീണ്ടും 92,000 കോടി ഭേദിച്ചു, എതിരാളികളേക്കാൾ ഇരട്ടിയിലേറെ മുന്നിൽ

Mail This Article
കേരളം ആസ്ഥാനമായ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും (NBFC) രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ വിതരണക്കമ്പനിയുമായ മുത്തൂറ്റ് ഫിനാൻസിന്റെ (Muthoot Finance) ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തിൽ. 2,232 രൂപയിൽ വ്യാപാരം തുടങ്ങിയ ഓഹരിവില ഒരുഘട്ടത്തിൽ 5% കുതിച്ച് 2,308 രൂപവരെയെത്തി. നിലവിൽ ഉച്ചയ്ക്കു മുമ്പത്തെ സെഷനിൽ എൻഎസ്ഇയിൽ 4.26% ഉയർന്ന് 2,290 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് രേഖപ്പെടുത്തിയ 2,334.80 രൂപയാണ് മുത്തൂറ്റ് ഫിനാൻസ് ഓഹരികളുടെ സർവകാല റെക്കോർഡ് ഉയരം. കമ്പനിയുടെ വിപണിമൂല്യം വീണ്ടും 92,000 കോടി രൂപയും ഇന്നു ഭേദിച്ചു. കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ വിപണിമൂല്യപ്രകാരം ഒന്നാംസ്ഥാനത്താണ് മുത്തൂറ്റ് ഫിനാൻസ്.

കമ്പനിയുടെ സ്വർണവായ്പാ മൂല്യം ചരിത്രത്തിൽ ആദ്യമായി ഒരുലക്ഷം കോടി രൂപ കടന്ന പശ്ചാത്തലത്തിലാണ് മുത്തൂറ്റ് ഫിനാൻസ് ഓഹരികളുടെ മുന്നേറ്റം. കഴിഞ്ഞ ഡിസംബർ പാദത്തിൽ 92,964 കോടി രൂപയായിരുന്നു കമ്പനി വിതരണം ചെയ്ത സ്വർണപ്പണയ വായ്പകളുടെ ആകെ മൂല്യം. അതേ പാദത്തിൽ മുത്തൂറ്റ് ഫിനാൻസ് 19% വളർച്ചയോടെ 3,908 കോടി രൂപയുടെ ലാഭവും നേടിയിരുന്നു.
വിപണിമൂല്യത്തിൽ ബഹുദൂരം മുന്നിൽ
കഴിഞ്ഞവർഷം ഒരുഘട്ടത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡും ഫാക്ടും മുത്തൂറ്റ് ഫിനാൻസിനെ പിന്തള്ളി കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. കല്യാൺ ജ്വല്ലേഴ്സും ഒരുവേള കനത്ത വെല്ലുവിളി ഉയർത്തി. എന്നാൽ, ഇവരെയെല്ലാം മറികടന്ന് വീണ്ടും ഒന്നാമതെത്തിയ മുത്തൂറ്റ് ഫിനാൻസ്, നിലവിൽ വിപണിമൂല്യത്തിൽ ഇരട്ടിയിലേറെ മുന്നിലുമാണ്.

കഴിഞ്ഞമാസം മുത്തൂറ്റ് ഫിനാൻസിന്റെ വിപണിമൂല്യം 93,360 കോടി രൂപവരെ ഉയർന്നിരുന്നു. ഇന്നു രാവിലത്തെ സെഷനിലെ വ്യാപാരപ്രകാരം വിപണിമൂല്യം 91,935 കോടി രൂപ. കല്യാൺ ജ്വല്ലേഴ്സ് ഇക്കഴിഞ്ഞ ജനുവരിയിൽ 82,000 കോടി രൂപയ്ക്ക് മുകളിൽ വിപണിമൂല്യം കൈവരിച്ചെങ്കിലും ഇന്നുള്ളത് 44,753 കോടി രൂപയുമായി രണ്ടാംസ്ഥാനത്ത്. ഫെഡറൽ ബാങ്കാണ് 43,629 കോടി രൂപയുമായി മൂന്നാമത്. ഫെഡറൽ ബാങ്കിന്റെ റെക്കോർഡ് വിപണിമൂല്യം 53,191 കോടി രൂപയായിരുന്നു.

ഫാക്ടിന്റെ വിപണിമൂല്യം 76,622 കോടി രൂപയെന്ന റെക്കോർഡിൽ നിന്നിറങ്ങി ഇപ്പോഴുള്ളത് 39,028 കോടി രൂപയിൽ. കൊച്ചിൻ ഷിപ്പ്‍യാർഡിന്റേത് 78,333 കോടി രൂപയിൽ നിന്നുതാഴ്ന്ന് 33,850 കോടി രൂപയിലും. വിപണിമൂല്യത്തിൽ ഫാക്ട് നാലാമതും കപ്പൽശാല അഞ്ചാമതുമായി. 25,225 കോടി രൂപ വിപണിമൂല്യവുമായി അപ്പോളോ ടയേഴ്സ് ആണ് 6-ാം സ്ഥാനത്ത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)