ഉച്ചഭക്ഷണ സമയത്ത് അധ്യാപകനെ അമ്പരപ്പിച്ച് കുട്ടികൾ; കുഞ്ഞുമിടുക്കരുടെ വിഡിയോ കണ്ടത് ലക്ഷക്കണക്കിനുപേർ
Mail This Article
സ്‌കൂളിലെത്തി ക്ലാസ് തുടങ്ങി കുറച്ചുകഴിയുമ്പോൾ തന്നെ നമ്മളിൽ പലരുടേയും ചിന്ത ഉച്ചഭക്ഷണത്തിന്റെ ഇടവേളയെ കുറിച്ചായിരിക്കും അല്ലേ. വീട്ടിൽ നിന്നും അമ്മ പാകം ചെയ്തു തന്നുവിട്ട ഭക്ഷണം കൂട്ടുകാർക്കൊപ്പം വട്ടം കൂടിയിരുന്ന് കഴിക്കുന്നതിന്റെ ആനന്ദം ഒന്ന് വേറെ തന്നെയാണ്. അടുത്തിരിക്കുന്നയാളുടെ പാത്രത്തിൽ നിന്നും പങ്കിട്ടുകഴിക്കുമ്പോൾ നമുക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ആ കുട്ടിക്കാലത്തേക്ക് ഒരിക്കൽക്കൂടി പോകാൻ ആഗ്രഹിക്കുന്നവരാകും നമ്മളൊക്കെ. എങ്കിൽ ഇവിടെ കുറേ കുരുന്നുകൾ തങ്ങളുടെ അധ്യാപകനെ തന്നെ അമ്പരപ്പിച്ചു ഒരു കാര്യം ചെയ്തു.
പരസ്പരം പങ്കിടുന്നതിനൊപ്പം അവരെല്ലാം തങ്ങളുടെ ടിഫിനിൽ നിന്നും ഒരു പങ്ക് ടീച്ചറിനും നൽകുകയാണ്. ഭക്ഷണം കഴിക്കാൻ നേരത്ത് അവർക്കൊപ്പമുണ്ടായിരുന്ന അധ്യാപകന്റെ മുന്നിൽ ഓരോ കുട്ടിയും തന്റെ ടിഫിൻ പാത്രം തുറന്നുകൊണ്ട് അതിൽ നിന്നും ഒരു ഭാഗം എടുക്കാൻ പറയുന്ന ആ വിഡിയോ ഇന്ന് സോഷ്യൽ ലോകത്തിന്റെയാകെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. 10 ദശലക്ഷധികം വ്യൂ ലഭിച്ച വിഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ട്രെൻഡിങ് ആണ്.
ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വിഡിയോയിൽ നിരവധി വിദ്യാർഥികൾ ടീച്ചറെ സമീപിക്കുന്നതും അവരുടെ ടിഫിൻ ഭക്ഷണം അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുന്നതും കാണാം. ആ അധ്യാപകൻ ഓരോ കുട്ടിയുടേയും പാത്രത്തിൽ നിന്നും ഒരു പങ്കെടുത്തുകൊണ്ട് ആ കുഞ്ഞുങ്ങളോട് നന്ദിപറയുന്നത് നമുക്ക് വിഡിയോയിലുടനീളം കേൾക്കാം. അധ്യാപകൻ തന്നെയാണ് വിഡിയോ എടുത്തിരിക്കുന്നതും അത് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നതും. വിഡിയോ കണ്ട പലരും തങ്ങളുടെ സ്കൂൾ കാലഘട്ട ഓർമകളാണ് കമന്റുകളായി പങ്കിട്ടത്.
താൻ അധ്യാപകൻ ആകാൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം ഇതുപോലെ കുട്ടികളെ മികച്ച രീതിയിൽ വളർത്തിയെടുക്കാനാകുമല്ലോ എന്നൊരാൾ അഭിപ്രായപ്പെട്ടപ്പോൾ പണ്ട് ഇതുപോലെ തങ്ങളുടെ ടിഫിനും അധ്യാപകരുമായി പങ്കിടാൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നുവെന്നും മറ്റു ചിലരും കമന്റിട്ടു. ഏതായാലും അധ്യാപകനും കുട്ടികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിനെ പ്രശംസിക്കുകയാണ് പലരും.