പറയുന്നതെല്ലാം അനുസരിക്കണമെന്ന ശാഠ്യം വേണ്ട; കൗമാരക്കാരെ ഇങ്ങനെ വരുതിയിലാക്കാം
Mail This Article
രക്ഷകര്‍ത്വ ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണമായി കണക്കാക്കപ്പെടുന്ന സമയങ്ങളിലൊന്നാണ് മക്കളുടെ കൗമാര കാലഘട്ടം. ശാരീരികവും മാനസികവുമായ വിവിധ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികളില്‍ നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഉണ്ടാകുന്നു. പൊട്ടിത്തെറിക്കലുകളുടെയും അനുസരണക്കേടിന്റെയും ഒരു ദുഷ്‌കരമായ കാലഘട്ടം പല മാതാപിതാക്കളും അനുഭവിക്കേണ്ടി വരുന്നു. രക്ഷിതാക്കള്‍ നേരിടേണ്ടി വരുന്ന സങ്കീര്‍ണ്ണമായ ഈ സമയത്തെ സുഗമമാക്കുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ ശ്രദ്ധിക്കാം.
കൗമാര കാലഘട്ടത്തെ മനസിലാക്കാം
കൗമാര കാലഘട്ടത്തിന്റെ സങ്കീര്‍ണ്ണതകള്‍ രക്ഷിതാക്കള്‍ തിരിച്ചറിയുകയാണ് ആദ്യപടി. നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികള്‍ പല വിധത്തിലാണ് തങ്ങളുടെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നത്. അനാവശ്യമായ ദേഷ്യത്തിന്റെയും അനുസരണക്കേടിന്റെയും ഉള്‍വലിയലുകളുടെയും തുടങ്ങി നിരവധി ഭാവങ്ങളിലാണ് കുട്ടികള്‍ ഇത് പ്രകടിപ്പിക്കുന്നത്. അധികാരത്തിലിരിക്കുന്ന വ്യക്തികളോട്, പ്രത്യേകിച്ച് രക്ഷിതാക്കളോടും അധ്യാപകരോടുമെല്ലാം ധിക്കാരവും അനുസരണക്കേടും ശത്രുതാപരമായ പെരുമാറ്റവും ചില കുട്ടികളില്‍ കാണാറുണ്ട്. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി കൊണ്ട് വിവേകപൂര്‍വം, കരുതലോടെ കുട്ടികളോട് പെരുമാറാന്‍ രക്ഷിതാക്കള്‍ക്കാവണം.
പറയുന്നതെല്ലാം കുട്ടികള്‍ ഉടനടി അനുസരിക്കണമെന്ന കടുംപിടുത്തം വേണ്ട
കുട്ടികള്‍ പ്രകടിപ്പിക്കുന്ന എല്ലാ ദേഷ്യപ്പെടലുകളെയും മാതാപിതാക്കള്‍ ഉടനടി അഭിസംബോധന ചെയ്യേണ്ടതില്ല. രക്ഷിതാക്കള്‍ പറയുന്നതെല്ലാം കുട്ടികള്‍ അനുസരിക്കണമെന്ന ശാഠ്യവും വേണ്ട. കാരണം ഒരു വ്യക്തിയെന്ന നിലയില്‍ കുട്ടികള്‍ക്കും അവരുടേതായ ആശയങ്ങളും വിശദീകരണങ്ങളും അഭിപ്രായങ്ങളുമുണ്ട്. പ്രത്യേകിച്ചും കൗമാര കാലഘട്ടത്തില്‍ സ്വന്തം വ്യക്തിത്വവും അധികാരവും ഊട്ടിയുറപ്പിക്കാന്‍ കുട്ടി ശ്രമിക്കുന്ന സമയമായതിനാല്‍ അനാവശ്യമായ കടുംപിടുത്തങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുക. കുട്ടിയുടെ ഒച്ചയടക്കാനും അവരെ ബലപ്രയോഗത്തിലൂടെ അനുസരിപ്പിക്കാന്‍ സാധിച്ചാലും രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളല്‍ തീര്‍ക്കുകയായിരിക്കും അതിന്റെ അനന്തര ഫലം. ഉചിതമായ സമയം കണ്ടെത്തി കുട്ടികള്‍ക്ക് തിരുത്തലുകള്‍ നല്‍കുക. തിരുത്തലുകള്‍ അല്പം വൈകി നല്‍കുമ്പോള്‍ ശാന്തമായി കാര്യങ്ങള്‍ കേള്‍ക്കാനും അത് മനസ്സിലാക്കാനും ചിലപ്പോള്‍ തിരുത്തലുകള്‍ വരുത്താനും കുട്ടികള്‍ തയ്യാറാവാനുള്ള സാധ്യത കൂടുതലാണെന്ന് അഡല്‍ ഫാബറുടെ 'ഹൌ റ്റു ടോക്ക് സോ കിഡ്‌സ് വില്‍ ലിസണ്‍ ആന്‍ഡ് ലിസണ്‍ സോ കിഡ്‌സ് വില്‍ ടോക്ക്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.
തുറന്ന ആശയ വിനിമയം പ്രോത്സാഹിപ്പിക്കാം
തുറന്ന ആശയവിനിമയത്തിനും സഹാനുഭൂതിക്കും ഊന്നല്‍ നല്‍കിക്കൊണ്ട് നിങ്ങളുടെ കൗമാരക്കാരുമായി ശക്തവും തുറന്നതുമായ ബന്ധം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. അധികാരത്തോടെയുള്ള നിങ്ങളുടെ ആജ്ഞയെക്കാള്‍ സ്‌നേഹത്തോടെയുള്ള നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കാനാണ് നിങ്ങളുടെ കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുമ്പോള്‍, അവരോടു തുറന്ന് സംസാരിക്കുമ്പോള്‍ അനുസരത്തേക്കാളുപരിയായി രക്ഷിതാക്കളോട് ഒരു സഹകരണ മനോഭാവം വളര്‍ത്തിയെടുക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് രക്ഷിതാക്കളും കുട്ടികളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും പരസ്പര ബഹുമാനവും സ്‌നേഹവുമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായിക്കും.
അഭിനന്ദിക്കുന്നതില്‍ ഒട്ടും മടി വേണ്ട
കൗമാര കാലഘട്ടത്തിലുള്ള കുട്ടികളെ അഭിനന്ദിക്കുന്നതില്‍ യാതൊരു സങ്കോചവും വേണ്ട. അംഗീകാരവും പ്രശംസയും ലഭിക്കുന്നത് കൂടുതല്‍ നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ കൗമാരക്കാരെ പ്രേരിപ്പിക്കും. നിങ്ങളുടെ കുട്ടികളുടെ നേട്ടങ്ങള്‍ എത്ര ചെറുതാണെങ്കിലും അത് അംഗീകരിക്കുന്നതിലും ആഘോഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക. പെട്ടെന്നുള്ള ദേഷ്യത്തെ അതിജീവിക്കാനും രക്ഷിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനും അനുസരിക്കാനും ഇത്തരം പ്രോത്സാഹനങ്ങള്‍ കുട്ടികളെ പ്രേരിപ്പിക്കും.
വ്യക്തവും സ്ഥിരവുമായ നിയന്ത്രണങ്ങള്‍ സജ്ജമാക്കാം
കുട്ടികളുടെ പെരുമാറ്റത്തിന് ഉറച്ചതും സ്ഥിരതയുള്ളതുമായ നിയമങ്ങള്‍ സജ്ജമാക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിയമങ്ങളെപ്പറ്റി ശരിയായ ധാരണ കുട്ടികളില്‍ സൃഷ്ടിക്കും. നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ തിരുത്തുന്നതില്‍ വീഴ്ച കാണിക്കരുത്. അതേസമയം ശാന്തതയും സംയമനവും പാലിക്കാനും രക്ഷിതാക്കള്‍ക്കാവണം. അച്ചടക്കത്തിലെ സ്ഥിരത കൗമാരക്കാരെ അവരുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ മനസ്സിലാക്കാനും ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യാനും സഹായിക്കുന്നു.
പ്രൊഫഷണല്‍ സഹായം തേടാം
പല വിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടും യാതൊരു തരത്തിലും നിങ്ങളുടെ കൗമാരക്കാരെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രൊഫഷണല്‍ സഹായം തേടുന്നതില്‍ വൈമുഖ്യം വേണ്ട. മാതാപിതാക്കള്‍ക്കും കൗമാരക്കാര്‍ക്കും മാര്‍ഗനിര്‍ദേശവും സഹായവും നല്‍കാന്‍ അവര്‍ക്ക് സാധിക്കും. നിങ്ങളുടെ കുട്ടികള്‍ മറ്റേതെങ്കിലും മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയാണോ എന്നു മനസ്സിലാക്കാന്‍ ഈ പ്രൊഫെഷനലുകള്‍ക്ക് സാധിക്കും. അതനുസരിച്ചു മാറ്റങ്ങള്‍ കൊണ്ട് വരാനും കുട്ടികളില്‍ അഭിലഷണീയമായ മാറ്റങ്ങള്‍ വരുത്താനും ഇത് ഹായിക്കും.