ADVERTISEMENT

യാത്രകൾ ഏറെപ്പേർക്കും ഇഷ്ടമാണ്. എന്നാൽ‌ ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് പലപ്പോഴും യാത്രകൾ ബുദ്ധിമുട്ടാകും. കുഞ്ഞിന്റെ വഴക്കും കരച്ചിലുമൊക്കെ തലവേദനയാകുമ്പോൾ പലരും യാത്രകൾക്കു മടിക്കും. എന്നാൽ, കൊതിച്ച യാത്രകൾ കുഞ്ഞിന്റെ പേരുപറഞ്ഞ് മാറ്റി വയ്ക്കാൻ വരട്ടെ.  ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താം. യാത്ര പോകുമ്പോൾ കുട്ടികൾ അടങ്ങിയിരിക്കാത്തതായിരിക്കും മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്ന്. കുട്ടി കുറച്ച് ആക്ടീവ് കൂടി ആണെങ്കിൽ പറയുകയും വേണ്ട. എന്നാൽ, ശരിയായ പ്ലാൻ ഉണ്ടെങ്കിൽ കുട്ടികളുമായി യാത്ര പോകുന്നത് ഒരിക്കലും തലവേദനയാവില്ല.  

വിനോദസഞ്ചാര കേന്ദ്രം തിരഞ്ഞെടുക്കുന്നതു മുതൽ പാക്കിങ് വരെ
കുട്ടികളുമായുള്ള യാത്രയിൽ, എവിടെ പോകുന്നു എന്നത് പ്രധാനമാണ്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ സ്ഥലം വേണം തിരഞ്ഞെടുക്കേണ്ടത്. പാർക്കുകൾ, ബീച്ചുകൾ, മൃഗശാലകൾ എന്നിവ കുട്ടികൾക്കു കൂടി ആസ്വദിക്കാൻ കഴിയുന്നതാണ്.  കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ചു കളിക്കാനും സൗഹൃദത്തോടെ ഇടപെടാനും കഴിയുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കണം. ജംഗിൾ സഫാരി, ജലവിനോദങ്ങൾ എന്നിവ കുട്ടികൾക്കൊപ്പം ആസ്വദിക്കാം. യാത്രയ്ക്ക് ആവശ്യത്തിനുള്ള വസ്ത്രം മാത്രം എടുക്കണമെന്നാണ് പറയാറുള്ളത്. എന്നാൽ, കുട്ടികൾ കൂടിയുണ്ടെങ്കിൽ അവർക്കു വേണ്ടി രണ്ടോ മൂന്നോ വസ്ത്രങ്ങൾ അധികമെടുക്കേണ്ടി വരും. ഇത്തരം അവസരങ്ങളിൽ പാക്കിങ് ക്യൂബ്സ് ഉപയോഗിക്കുന്നത് നല്ലതാണ്. വസ്ത്രങ്ങൾ മടക്കി വയ്ക്കുന്നതിനു പകരം ചുരുട്ടി വയ്ക്കുന്നത് സ്ഥലം ലാഭിക്കാനും ഉപകരിക്കും. യാത്ര പോകുന്നതിന് ദിവസങ്ങൾക്കു മുമ്പുതന്നെ, എന്തൊക്കെ സാധനങ്ങൾ കൊണ്ടു പോകണമെന്ന് ലിസ്റ്റ് ഉണ്ടാക്കുന്നത് ഒന്നും മറക്കാതിരിക്കാൻ സഹായിക്കും.

top-tips-for-effortless-travel-with-kids4
Representative image. Photo Credits:: : Day Of Victory Studio/ istock.com

തയാറെടുപ്പിനു ശേഷം യാത്ര
പരീക്ഷച്ചൂടിലൂടെയാണ് കുട്ടികളുള്ള ഓരോ വീടും കടന്നു പോകുന്നത്. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ അവധിക്കാലം എത്തുകയായി. എല്ലാവരും അവധിയുടെ തിരക്കിലേക്കു കടക്കുകയാണ്. കുട്ടി കൂടി ഒപ്പമുണ്ടെങ്കിൽ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ടിക്കറ്റുകളും റൂമുകളും ബുക്ക് ചെയ്യണം. ദൂരയാത്രകൾ ആണെങ്കിൽ ട്രെയിനിലും വിമാനത്തിലും നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യുക. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് സീറ്റുകൾ അടുത്തടുത്തു ലഭിക്കാൻ സഹായിക്കും.

യാത്രയ്ക്കു മുൻപു തന്നെ കുട്ടിക്ക് ഒരു ശീലമുണ്ടാക്കുക
കുട്ടികളുമായി യാത്ര ചെയ്യുന്നതിന് മുൻപു തന്നെ അവർക്ക് കൃത്യമായ ഒരു ശീലമുണ്ടാക്കിയെടുക്കുക. ഭക്ഷണം കഴിക്കുന്ന സമയം, ഉറങ്ങുന്ന സമയം, ശുചിമുറിയിൽ പോകുന്ന സമയം അങ്ങനെ എല്ലാത്തിനും സമയക്രമം വേണം. ഇത് അത്ര എളുപ്പമല്ലെന്നു തോന്നാം. എന്നാൽ, അൽപം ക്ഷമയോടെ ശ്രമിച്ചാൽ നടക്കും. ഇത് യാത്ര സുഖകരവും സന്തോഷപ്രദവുമാകാൻ സഹായിക്കും.

top-tips-for-effortless-travel-with-kids3
Representative image. Photo Credits:: : New Africa/ istock.com

നേരം പുലർന്ന് പതിയെ യാത്ര തുടങ്ങാം, യാത്രയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക
കുട്ടികൾ ഒപ്പമുണ്ടെങ്കിൽ അതിരാവിലെയും രാത്രി വൈകിയും യാത്ര ആരംഭിക്കുന്നത് അത്ര നല്ലതല്ല. പകൽ യാത്ര ചെയ്യാനുള്ള സാധ്യതയുണ്ടെങ്കിൽ അതാണ് ഏറ്റവും ഉത്തമം. രാവിലെ 10 മണിക്കും വൈകുന്നേരം നാലുമണിക്കും ഇടയിലുള്ള സമയത്ത് യാത്ര ചെയ്യുന്നതാണ് നല്ലത്. ചൂട് കൂടുതലുള്ള കാലാവസ്ഥയാണെങ്കിൽ അത് അനുസരിച്ച് യാത്രകൾ ക്രമീകരിക്കാം. ഈ സമയത്ത് റോഡുകളിൽ തിരക്കു കുറവായിരിക്കും. മാത്രമല്ല, അതിരാവിലെ കുഞ്ഞിനെ ഉറക്കം കളഞ്ഞ് എഴുന്നേൽപ്പിക്കുന്നതും ഒഴിവാക്കാം. കുഞ്ഞുങ്ങളുമായി യാത്ര പോകുമ്പോൾ വിചാരിച്ചതു പോലെ തന്നെ എല്ലാം നടക്കണമെന്നില്ല. അപ്രതീക്ഷിതമായ പല കാര്യങ്ങളും കടന്നുവന്നേക്കാം. അതുകൊണ്ടു ആവശ്യത്തിന് സ്നാക്സും മറ്റും കരുതുന്നത് ഉചിതമായിരിക്കും. കുട്ടിയുമായി യാത്ര പോകുമ്പോൾ എപ്പോഴും ഒരു പ്ലാൻ ബിയും വേണം. 

സ്വന്തം വാഹനത്തിലാണ് യാത്രയെങ്കിൽ ഇടയ്ക്ക് ബ്രേക്ക് ആകാം
കുട്ടിയുമായി സ്വന്തം വാഹനത്തിലാണ് യാത്രയെങ്കിൽ ഇടയ്ക്ക് ഒരു ഇടവേള എടുക്കാം. വാഹനം ഒതുങ്ങിയ സ്ഥലത്ത് നിർത്തി പുറത്തിറങ്ങി എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ റിലാക്സ് ചെയ്യുകയോ ആവാം. നന്നായി വിശ്രമിച്ച് യാത്ര ചെയ്യുമ്പോൾ യാത്രയും സുഖകരമാകും. യാത്ര പ്ലാൻ ചെയ്യുന്ന സമയത്തുതന്നെ ചർച്ചകളിൽ കുട്ടികളെയും പങ്കാളികളാക്കാം. കുട്ടികളുടെ അഭിപ്രായത്തെ കൂടി മാനിച്ചും അംഗീകരിച്ചും വേണം യാത്ര തീരുമാനിക്കാൻ.

top-tips-for-effortless-travel-with-kids2
Representative image. Photo Credits:: : Yuganov Konstantin/ istock.com

യാത്ര എല്ലാവർക്കും ഒരു പോലെ സുഖകരമാകണമെന്നില്ല. കുട്ടികൾ ഒപ്പമുള്ളപ്പോൾ പ്രത്യേകിച്ചും. ചിലർ ഛർദ്ദിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഒരു പ്ലാസ്റ്റിക് കവർ കയ്യിൽ കരുതണം. കൂടാതെ വെറ്റ് വൈപ്പുകൾ, പേപ്പർ ടവ്വലുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരു ജോഡി അധികം വസ്ത്രം എന്നിവയും കരുതാവുന്നതാണ്. പാട്ട് ഇഷ്ടമുള്ളവരാണെങ്കിൽ ഇഷ്ടമുള്ള പാട്ടുകൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. യാത്ര ചെയ്യുന്ന മുഴുവൻ സമയത്തും ഇന്റർനെറ്റ് ലഭ്യമാകണമെന്നില്ല. അതുകൊണ്ട് അത്തരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പാട്ടുകളും മറ്റും ഡൗൺലോഡ് ചെയ്ത് വെച്ചാൽ ഒഴിവാക്കാവുന്നതാണ്. കുട്ടികൾക്ക് കളിക്കാനുള്ള ചെറിയ സാധനങ്ങളും കരുതാം. എങ്കിൽ ബോറടിക്കാതെ യാത്ര പൂർണമാക്കാൻ കഴിയും.

English Summary:

Top tips for effortless travel with kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com