ADVERTISEMENT

ഷോകെയ്സുകളിലും മാളുകളിലും കുട്ടികളുടെ കൈയിലും എന്ന് വേണ്ട കാർട്ടൂണ്‍ കഥാപാത്രമായ മിസ്റ്റർ ബീനിന്റെ പോലും സന്തതസഹചാരിയായ കരടിപ്പാവയെ ഓർക്കുന്നില്ലേ, ഓമനത്തം തുളുമ്പുന്ന മുഖവുമായി ഇരിക്കുന്ന ആ കരടിക്കുട്ടന്മാരാണ് ടെഡി ബെയേഴ്സ്. ലോകമെമ്പാടുമുള്ള കൊച്ചുകുട്ടികളുടെ ആദ്യ കൂട്ടുകാരനാണ് ടെഡി ബെയർ. അവരോടൊപ്പം ഇരിക്കുകയും ഉറങ്ങുകയും യാത്ര ചെയ്യുകയും ചെയ്യുന്ന ഇൗ കരടി പാവയുടെ ജന്മദിനം എല്ലാവർഷവും സെപ്റ്റംബർ 9 ന് ആഘോഷിക്കുന്നു. ലോകത്ത് ഏറ്റവും പ്രചാരമുള്ള പാവകളിലൊന്നായ ഇവയുടെ പിറവിക്ക് പിന്നിൽ രസകരമായൊരു കഥയുണ്ട്.

 

 

 

അമേരിക്കയുടെ 24 –മത്തെ പ്രസിഡന്റായിരുന്ന തിയോഡർ റൂസ്‍വെൽറ്റ് നായാട്ടിൽ തത്പരനായിരുന്നു. പ്രസിഡന്റ് പദവിയിലിരിക്കേ റൂസ്‍വെൽറ്റ് ഒരിക്കൽ തന്റെ സംഘത്തോടൊപ്പം മിസിസിപ്പി പ്രദേശത്ത് വേട്ടയ്ക്ക് പോയി. വനമാകെ ഇളക്കി മറിച്ച് അലഞ്ഞെങ്കിലും വൈകുന്നേരമായിട്ടും തിയോഡറിന് ഒരു മൃഗത്തെയും വേട്ടയാടാനായില്ല. പ്രസിഡന്റിന്റെ വിഷമം കണ്ട് കൂടെയുള്ളവർ ഒരു കരടിക്കുട്ടിയെ ജീവനോടെ പിടിച്ചുകൊണ്ടുവന്ന് കെട്ടിയിട്ടു. തിയോഡറിന്റെ സന്തോഷത്തിനായി വെടിവയ്ക്കാനായിരുന്നു അവർ അങ്ങനെ ചെയ്തത്. എന്നാൽ കൂട്ടാളികളുടെ ഇൗ നടപടി ശരിയല്ലെന്ന് പറഞ്ഞ് അദ്ദേഹം വെടിവയ്ക്കാൻ വിസമ്മതിച്ചു.

 

 

 

അന്ന് വൈകിട്ട് തന്നെ തിയോഡറും സംഘവും കരടിക്കുട്ടിയെ അഴിച്ചുവിട്ട് തിരികെവന്നെങ്കിലും സംഭവം അമേരിക്കയാകെ പ്രചരിച്ചു. ഇൗ സംഭവവും അന്നത്തെ അമേരിക്കൻ രാഷ്ട്രീയ സാഹചര്യവും കോർത്തിണക്കി ക്ലിഫോർഡ് ബെറിമാൻ എന്ന കാർട്ടൂണിസ്റ്റ് 1902–ൽ വാഷിങ്ടൺ പോസ്റ്റ് പത്രത്തിൽ ‘ഡ്രോയിങ് ദ ലൈൻ ഇൻ മിസിസിപ്പി’ എന്ന കുറിപ്പോടെ പ്രസിദ്ധീകരിച്ചു. കാർട്ടൂണ്‍ കണ്ട മോറിസ് മിക്ടോം എന്ന പാവ നിർമാതാവ് അതിലെ വിപണനസാധ്യത മനസ്സിലാക്കി ഓമനത്തം തോന്നുന്ന ഒരു കരടിപ്പാവയുണ്ടാക്കി. പുതിയ പാവയ്ക്ക് പ്രസിഡന്റിന്റെ ഓമനപ്പേരായ ടെഡി എന്ന പേരു നൽകുന്നതിന് അനുമതി ചോദിച്ച് മോറിസ് റൂസ്‍വെൽറ്റിന് കത്തയച്ചു. അനുമതി ലഭിച്ചതോടെ പുതിയ കരടിപ്പാവയ്ക്ക് ടെഡി ബെയർ എന്ന് നാമകരണം ചെയ്ത് വിപണിയിലെത്തിച്ചു. ചൂടപ്പം പോലെ വിറ്റുപോയ പാവകൾ പ്രചാരം നേടിയതോടെ അദ്ദേഹം മോറിസ് ഐഡിയൽ ടോയ് കമ്പനി എന്ന പാവ നിർമാണ സ്ഥാപനം ആരംഭിക്കുകയും വൻതോതിൽ ടെഡി ബെയർ പാവകളുടെ നിർമാണം തുടങ്ങുകയും ചെയ്തു. പ്രസിഡന്റ് റൂസ്‍വെൽറ്റിന്റെ ദയ നേടിയ കരടിക്കുട്ടി സ്നേഹത്തിന്റെയും മമതയുടെയും സഹാനുഭൂതിയുടെയും പ്രതീകമായി ലോകമൊട്ടാകെയുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ടതാകാൻ അധികം വൈകിയില്ല. 

 

 

 

ആദ്യമൊക്കെ കരടിക്കുട്ടിയുടെ തനിപ്രതിരൂപമായിരുന്നു പാവയ്ക്കെങ്കിൽ കാലം കഴിയും തോറും രൂപത്തിലും നിർമാണ സാമഗ്രികളിലും മാറ്റങ്ങള്‍ വന്നു. ഓരോ രാജ്യങ്ങളിലും അവിടുത്തേതായ തനതു ശൈലികളും‍ കടന്നുവന്നു. യൂറോപ്പിൽ പ്രചാരം നേടിയത് വിന്നി ദ പൂ എന്ന കാർട്ടൂൺ കഥാപാത്രത്തിനോട് സാമ്യമുള്ള കരടിപ്പാവകളാണ്. ധ്രുവക്കരിയോടും ഗ്രിസ്‍ലി കരടികളോടും പാണ്ടയോടും കോവാലയോടും സാമ്യമുള്ള പാവകളും ഇന്ന് പ്രചാരത്തിലുണ്ട്. സിനിമകളിലും സാഹിത്യത്തിലും സംഗീതത്തിലും ടെഡി ബിയർ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ലോകത്ത് പലഭാഗങ്ങളിലും ടെഡി ബിയർ പാവകളുടേതു മാത്രമായുള്ള മ്യൂസിയങ്ങൾ ഉണ്ട്.

 

 

 

English summary : The Story of the Teddy Bear - Theodore Roosevelt

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com