കൊളംബിയ സ്പേസ് ഷട്ടില്‍ കത്തിയമർന്ന് കൽപന ചൗള അനന്തതയിൽ ലയിച്ചിട്ട് 20 വർഷം
Mail This Article
ദശാബ്ദങ്ങൾ മുൻപ് ബഹിരാകാശ വൻശക്തികളായി അമേരിക്കയും സോവിയറ്റ് യൂണിയനും മത്സരിക്കുന്ന കാലത്താണ് കൊളംബിയയുടെ പിറവി. ഒറ്റത്തവണ മാത്രമുപയോഗിക്കാൻ പറ്റുന്ന ബഹിരാകാശ വാഹനങ്ങളുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം കനത്തതായിരുന്നു. അതിനു പരിഹാരമായി നാസ വികസിപ്പിച്ചെടുത്ത പുനരുപയോഗ സാധ്യമായ ബഹിരാകാശ പേടകങ്ങളിൽ ആദ്യമായി വിക്ഷേപിക്കപ്പെട്ടത് കൊളംബിയയാണ്.
1981 ഏപ്രിൽ 12 മുതൽ 14 വരെയായിരുന്നു കൊളംബിയയുടെ ആദ്യ ബഹിരാകാശ യാത്ര. റോക്കറ്റിനൊപ്പം കുതിച്ചുയരാനും തിരികെ ഒരു വിമാനം പോലെ ഭൂമിയിൽ ഇറങ്ങാനും കഴിവുള്ളതായിരുന്നു കൊളംബിയ. അവസാനമായി കൊളംബിയ പറന്നുയർന്നത് STS-107 എന്നു പേരിട്ട ദൗത്യത്തിൽ 2003 ജനുവരി 16 നാണ്.
ഫെബ്രുവരി ഒന്നാം തീയതി ഭൂമിയിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ ശേഷിക്കെ വാഹനം അന്തരീക്ഷത്തിൽ വച്ചു തീഗോളമായി മാറി. ഇന്ത്യൻ വംശജ കൽപന ചൗള ഉൾപ്പെടെ യാത്രക്കാർ 7 പേരും കൊല്ലപ്പെട്ടു.
വിക്ഷേപണം കഴിഞ്ഞ് 82 സെക്കൻഡ് കഴിഞ്ഞപ്പോൾ തന്നെ, റോക്കറ്റിന്റെ ഇന്ധന ടാങ്കിലെ ആവരണം അടർന്ന് കൊളംബിയയുടെ ഇടതു ചിറകിനോടു ചേർന്ന് പതിക്കുകയും താപക്രമീകരണത്തിനായി ഒട്ടിച്ച പ്രത്യേക ടൈലിനു കേടു വരികയും ചെയ്തു. ഈ തകരാറാണു പിന്നീട് വൻദുരന്തത്തിനു വഴിവച്ചത്.
ആകെ 28 യാത്രകൾ പൂർത്തിയാക്കിയ കൊളംബിയ 160 യാത്രികരെ ബഹിരാകാശത്ത് എത്തിച്ചു. 4,808 തവണ ഭൂമിയെ ചുറ്റി. 20 കോടിയിലേറെ കിലോമീറ്റർ സഞ്ചരിച്ചു. STS എന്നത് സ്പേസ് ഷട്ടിൽ ട്രാൻസ്പോർട്ടേഷൻ സിസ്റ്റം എന്നതിന്റെ ചുരുക്കമാണ്. ആദ്യ യാത്രികർ: ജോൺ യങ്ങ്, ബോബ് ക്രിപ്പൺ.
കൽപന ചൗള
ഇന്ത്യയിലെ ഹരിയാനയിൽ ജനിച്ച കൽപന പിന്നീട് യുഎസ് പൗരത്വം നേടി. 1997ൽ നാസയുടെ ബഹിരാകാശ യാത്രയിൽ അംഗമായി നമ്മുടെയൊക്കെ അഭിമാനമായി മാറുകയും ചെയ്തു. STS 87 , STS107 എന്നീ ദൗത്യങ്ങളിലും കൽപന അംഗമായിരുന്നു. 1997 നവംബർ 19ന് മറ്റ് 5 പേർക്കൊപ്പം കൊളംബിയയിൽ ആദ്യയാത്ര. കൽപനയ്ക്കു മുൻപ് ഇന്ത്യയിൽ നിന്ന് രാകേഷ് ശർമ മാത്രമാണ് ബഹിരാകാശ യാത്ര നടത്തിയത്. റഷ്യൻ ബഹിരാകാശ വാഹനത്തിൽ യാത്ര നടത്തുമ്പോൾ രാകേഷ് ശർമ ഇന്ത്യൻ പൗരൻ തന്നെയായിരുന്നു. പക്ഷിനിരീക്ഷണം, വിമാനം പറത്തൽ, വായന എന്നിവയൊക്കെയായിരുന്നു കൽപനയുടെ വിനോദങ്ങൾ.
കൊളംബിയ ദുരന്തത്തിനു ശേഷം ഇന്ത്യയുടെ മെറ്റ്സാറ്റ്-1 എന്ന ഉപഗ്രഹത്തിനെ കൽപന - 1 എന്ന് പുനർനാമകരണം ചെയ്തു. ബഹിരാകാശ ഗവേഷണം സ്വപ്നം കാണുന്നവർക്കും സാധാരണക്കാർക്കും കൽപന ചൗള എന്ന എയ്റോസ്പേസ് എൻജിനീയർ അഭിമാനവും പ്രചോദനവും അതുപോലെ നൊമ്പരവുമാണ്.
Content Summary : Columbia Space shuttle disaster Kalpana Chawla