ADVERTISEMENT

വളരെ പ്രശസ്തമായ ഒരു കായികയിനമാണ് ജാവലിൻ ത്രോ. 2020 ഒളിംപിക്‌സിൽ സ്വർണവും ഇത്തവണത്തെ ഒളിംപിക്‌സിൽ വെള്ളിയും ഉൾപ്പെടെ ശ്രദ്ധേയമായ നേട്ടങ്ങൾ നേടിയ നമ്മുടെ സ്വന്തം നീരജ് ചോപ്ര ഉൾപ്പെടെ ഒരു പിടി കായികതാരങ്ങൾ ജാവലിൻ ത്രോയെ ഒളിംപിക്‌സിന്റെ ശ്രദ്ധേയമായ ഒരു ഇനമാക്കി മാറ്റി. പഴയകാലത്ത് വേട്ടക്കാർ കുന്തം എറിഞ്ഞ് മൃഗങ്ങളെ വേട്ടയാടാറുണ്ടായിരുന്നു. സൈനികരും എതിരാളികളെ നേരിടാനായി കുന്തമേർ പരീക്ഷിച്ചിരുന്നു. കുന്തമേറിൽ നിന്നാണ് ജാവലിൻ ത്രോ എന്ന കായിക ഇനത്തിന്റെ പിറവി.

ഗ്രീസിലെ പ്രാചീന കാല ഒളിംപിക്‌സുകളിൽ മത്സരയിനങ്ങളിൽ ഒന്നായി 708 ബിസിയിലാണ് ജാവലിൻ ത്രോ ഇടം പിടിച്ചത്. അക്കാലത്ത് ജാവലിൻ ഉണ്ടാക്കിയിരുന്നത് ഒലീവ് മരത്തടിയുപയോഗിച്ചാണ്. 394 എഡിയിൽ പ്രാചീന ഒളിംപിക്‌സ് മത്സരങ്ങൾക്ക് അവസാനമായി. പിന്നെയും നൂറ്റാണ്ടുകൾ കഴിഞ്ഞ് സ്‌കാൻഡിനേവിയൻ രാജ്യങ്ങളാണ് 18ാം നൂറ്റാണ്ടിൽ ജാവലിൻ ത്രോ വീണ്ടും വികസിപ്പിച്ചത്. ഫിൻലൻഡിൽ നിന്നുള്ളവരും സ്വിറ്റ്‌സർലൻഡിൽ നിന്നുള്ളവരും രണ്ടു തരത്തിൽ ജാവലിൻ എറിഞ്ഞു തുടങ്ങി. ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് എറിയുന്നതോ അല്ലെങ്കിൽ ഏറ്റവും കൂടുതൽ ദൂരം താണ്ടി എറിയുന്നതോ ആയ രീതിയാണ് ഇവർ പരീക്ഷിച്ചത്.

സ്വീഡനിൽ നിന്നുള്ള എറിക് ലെമ്മിങ് ആധുനിക ജാവലിൻ ത്രോയിലെ ആദ്യ സൂപ്പർതാരമായി. 1896ൽ ആധുനിക ഒളിംപിക്‌സ് തുടങ്ങി. എന്നാൽ 1908ൽ നടന്ന മൂന്നാം പതിപ്പിലാണ് ജാവലിൻ ത്രോ ഒളിംപിക്‌സിൽ മത്സരയിനമായത്. എറിക് ലെമ്മിങ്ങായിരുന്നു ആദ്യ ഒളിംപിക് മത്സരങ്ങളിലെ ജാവലിൻ താരം. യുവ് ഹോൻ എന്ന ജർമൻകാരനാണ് 100 മീറ്റർ മറികടന്ന് ജാവലിൻ എറിഞ്ഞ ഒരേയൊരാൾ. 1984ൽ ആയിരുന്നു അത്. എന്നാൽ പിന്നീട് ജാവലിന്റെ ഭാരവും ഘടനയുമൊക്കെ പരിഷ്‌കരിക്കപ്പെട്ടു. പരിഷ്‌കരിക്കപ്പെട്ട ജാവലിൻ ഏറ്റവും കൂടുതൽ ദൂരം എറിഞ്ഞത് 1996ൽ ജാൻ സെലസ്‌നി എന്ന കായികതാരമാണ്. 98.48 മീറ്റർ അദ്ദേഹം ജാവലിൻ എറിഞ്ഞു.

English Summary:

Unveiling the Origins and Modern Triumphs of Javelin Throw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com