എല്ലാവരും ഒരുപോലെയല്ല ഗന്ധം തിരിച്ചറിയുന്നത്! വ്യത്യസ്തമായ ഗന്ധങ്ങൾ തിരിച്ചറിയുന്നത് എങ്ങനെ?
Mail This Article
മനുഷ്യൻ ജനിക്കുമ്പോൾ തന്നെ ഗന്ധം തിരിച്ചറിയാൻ കഴിയും എന്നാണ് ശാസ്ത്രം പറയുന്നത്. ജീവിതകാലം മുഴുവൻ നമുക്ക് ഗന്ധമറിയുവാനുള്ള ശേഷി ഉണ്ടാവുകയും ചെയ്യും. ആരോഗ്യവാനായ ഒരു മനുഷ്യന് പതിനായിരത്തോളം വ്യത്യസ്ത ഗന്ധങ്ങൾ തിരിച്ചറിയാൻ കഴിയും.
ഗന്ധം അറിയുന്നത് എങ്ങനെ?
വായുവിലെ പലതരം ഗന്ധങ്ങൾ മൂക്കിലൂടെയാണ് ഉള്ളിലേക്കെത്തുന്നത്. നമ്മുടെ നാസാഗഹ്വരത്തിന്റെ (Nasal Cavity) 95 ശതമാനവും ആ വായു അരിക്കാനാണ് ഉപയോഗിക്കുന്നത്. ബാക്കി 5 ശതമാനത്തിൽ ഏറ്റവും പിന്നിലുള്ള ഭാഗമാണ് ഓൾഫാക്ടറി എപ്പിത്തീലിയം. ഈ ഭാഗമാണ് ഗന്ധമറിയുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇവിടെ ഗന്ധഗ്രാഹികളുടെ ഒരു പാളി ഉണ്ടാവും. അവിടെയാണ് ഗന്ധം തിരിച്ചറിയുന്ന പ്രത്യേക ന്യൂറോണുകൾ സ്ഥിതിചെയ്യുന്നത്.
ഗന്ധം പേറിയ തന്മാത്രകൾ മൂക്കിന്റെ പിന്നിലുള്ള ഓൾഫാക്ടറി എപ്പിത്തീലിയത്തിൽ വന്നു തട്ടും. അവിടെയുള്ള ശ്ലേഷ്മ പാളിയിൽ അത് തങ്ങിനിൽക്കും. ആ പാളിയുമായും അവിടുള്ള ഗന്ധഗ്രാഹികളുമായും അത് അലിഞ്ഞു ചേരും. അവ ഓൾഫാക്ടറി ട്രാക്റ്റ് വഴി തലച്ചോറിൽ എത്തുകയും അങ്ങനെ ഗന്ധം നമുക്ക് അനുഭവവേദ്യമാവുകയും ചെയ്യും. ഓൾഫാക്ടറി എപ്പിത്തീലിയത്തിന്റെ വലുപ്പം അനുസരിച്ചാണ് ഗന്ധം അറിയാനുള്ള കഴിവ് വ്യത്യാസപ്പെട്ടിരിക്കുന്നത്. മനുഷ്യരുടേതിനെക്കാൾ ഇരുപതുമടങ്ങു വലുതാണ് നായ്ക്കളുടെ ഓൾഫാക്ടറി എപ്പിത്തീലിയം. ഗന്ധം തിരിച്ചറിയാനുള്ള നായ്ക്കളുടെ കഴിവ് നമ്മളെക്കാൾ മികച്ചതാകുന്നതിന്റെ പ്രധാനകാരണം മനസ്സിലായല്ലോ.
പല മണം
എങ്ങനെയാണ് വ്യത്യസ്തമായ ഗന്ധങ്ങൾ തിരിച്ചറിയുന്നത്? നമ്മുടെ തലച്ചോറിൽ ഏതാണ്ട് 40 ദശലക്ഷം ഗന്ധ നാഡികളുണ്ട്. ഓരോ പ്രത്യേക ഗന്ധവും ഒന്നോരണ്ടോ നാഡികളെയാവും ഉത്തേജിപ്പിക്കുന്നത്. ഇത്തരത്തിൽ വിവിധ നാഡികളെ ഉത്തേജിപ്പിക്കുക വഴിയാണ് പതിനായിരത്തോളം വ്യത്യസ്തമായ ഗന്ധങ്ങൾ തിരിച്ചറിയാൻ കഴിയുന്നത്. ഗന്ധനാഡികൾ എപ്പോളും സജീവമായിരിക്കും. ഏകദേശം 4 മുതൽ 8 ആഴ്ചകൾക്കുള്ളിൽ അവ മാറ്റി സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മൂത്രത്തിലെ ശതാവരി ഗന്ധം
എല്ലാവരും ഒരുപോലെയല്ല ഗന്ധം തിരിച്ചറിയുന്നത്. അതിന്റെ ഒരു നല്ല ഉദാഹരണമാണ് ശതാവരി കഴിച്ചതിനുശേഷം മൂത്രത്തിന്റെ ഗന്ധം പലർക്കും പല തരത്തിൽ അനുഭവപ്പെടുന്നത്. ശതാവരി ദഹിച്ചതിനുശേഷം അവയുടെ മെറ്റബോളിക് ഉൽപന്നങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന എൻസൈമുകൾ എല്ലാവരുടെയും ശരീരത്തിൽ ഉണ്ടാവുകയില്ല. കൃത്യമായി പറഞ്ഞാൽ ചിലരുടെ ശരീരത്തിലെ ക്രോമസോം നമ്പർ 1 ലെ OR2M7 എന്ന ജീൻ ആണ് ഇതിന് കാരണക്കാരൻ. ഇത് ഒരാൾക്ക് ജനിതകമായി ലഭിക്കുന്ന പ്രത്യേകതയുമാണ്.
അനോസ്മിയ (Anosmia)
ഗന്ധം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയ്ക്ക് 'അനോസ്മിയ' എന്നാണ് പറയുന്നത്. അനോസ്മിയ തന്നെ പലവിധമുണ്ട്. ഉദാഹരണത്തിന് വെളുത്തുള്ളിയുടെ ഗന്ധം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയ്ക്ക് അലീസിൻ അനോസ്മിയ (Allicin Anosmia) എന്നും ഗ്രാമ്പുവിന്റെ ഗന്ധം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയ്ക്ക് യൂജിനോൾ അനോസ്മിയ (Eugenol Anosmia) എന്നും പറയുന്നു.
മണവും രുചിയും തമ്മിൽ
മണവും രുചിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മണം തിരിച്ചറിയാൻ കഴിയാത്തവർക്ക് ചില ഭക്ഷണസാധനങ്ങളുടെ രുചി പൂർണ്ണമായും ആസ്വദിക്കാൻ കഴിയില്ല. ഭക്ഷണം ചവയ്ക്കുമ്പോൾ അവിടെയുള്ള വായു ആഹാരത്തിന്റെ ഗന്ധവും പേറി മുകളിലേക്ക് ഉയർന്നു മൂക്കിലൂടെ ഓൾഫാക്ടറി എപ്പിത്തീലിയത്തിൽ എത്തും. അതുവഴി തലച്ചോറിൽ എത്തുകയും തലച്ചോർ നാം രുചികരമായ ഭക്ഷണം കഴിക്കുകയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. മാത്രമല്ല തലച്ചോർ അതനുസരിച്ചു നമ്മുടെ രസമുകുളങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കുകയും ഭക്ഷണത്തിന്റെ രുചി പൂർണമായും ആസ്വദിക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്നു.