‘ഡയപ്പർ മൂലം കുഞ്ഞിന് ത്വക്ക് രോഗം, തുണി ഉപയോഗിച്ചിട്ടും കുറവില്ല’: എന്താണു ചെയ്യേണ്ടത്?

Mail This Article
ചോദ്യം :എന്റെ കുഞ്ഞിന് ഇപ്പോൾ ഒരു മാസം പ്രായമായി. കഴിഞ്ഞ രണ്ടാഴ്ചയായി കുഞ്ഞിന്റെ ഡയപ്പർ ഭാഗത്തെ തൊലി ചുവന്ന് വീങ്ങിയിരിക്കുകയാണ്. ഡയപ്പര്‍ മൂലമാണ് ഇതെന്നു കരുതി ഞാൻ ഇപ്പോൾ തുണിയാണ് ഉപയോഗിക്കുന്നത്. എന്നിട്ടും ഇതിനു കുറവൊന്നും കാണുന്നില്ല. എന്താണു ചെയ്യേണ്ടത് എന്നൊന്നു വിശദീകരിക്കാമോ?
ഉത്തരം: കുഞ്ഞുങ്ങളിലെ ത്വക്ക് രോഗങ്ങളിൽ സാധാരണയായി കാണുന്ന ഒന്നാണ് ഡയപ്പർ ഡെർമെറ്റിറ്റിസ് എന്നു വിളിക്കുന്ന ഈ ത്വക്ക് രോഗം. ഇതുണ്ടാകുവാനുള്ള പ്രധാന കാരണം ഈ ഭാഗത്തെ തൊലിയിൽ നനവ് ഏറെ നേരം തങ്ങിയിരിക്കുന്നതാണ്. കുഞ്ഞിന് ഡയപ്പർ ഉപയോഗിക്കുന്നുണ്ടെങ്കിൽ മലമൂത്രവിസർജനം കഴിഞ്ഞാൽ അധികം താമസിയാതെ തന്നെ അതു മാറ്റിയാൽ ഒരുപരിധിവരെ ഇതു തടയാം.
ഡയപ്പറിനു പകരം തുണി ഉപയോഗിക്കുന്നതു കൊണ്ട് ഇതു പൂർണമായി മാറ്റാൻ സാധിക്കില്ല. എങ്കിലും ഇടയ്ക്കിടെ കുറച്ചു സമയത്തേക്ക് ഡയപ്പർ മാറ്റി കാറ്റു കൊള്ളിക്കുന്നത് തൊലിയിലെ ഈർപ്പം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, സിങ്ക് ഓക്സൈഡ് അടങ്ങിയ ക്രീമുകൾ ഡയപ്പർ ഉപയോഗിക്കുന്നതിനു മുന്‍പ് ഈ ഭാഗങ്ങളിൽ പുരട്ടുന്നത് തൊലിയിൽ ഈർപ്പം തട്ടുന്നതു കുറയ്ക്കാൻ ഉപകരിക്കും. ഏതാനും ദിവസത്തെ ഈ ചികിത്സ കൊണ്ട് പൂർണ ശമനം വന്നില്ലായെങ്കിൽ ഒരു പീഡിയാട്രീഷനെയോ ത്വഗ് രോഗ വിദഗ്ധനെയോ കാണുന്നത് ഉചിതമായിരിക്കും. ചില കുട്ടികളിൽ ഇതിന്റെ ഭാഗമായി പൂപ്പൽ ബാധയും കാണപ്പെടാറുണ്ട്. അതിന് പ്രത്യേക ആന്റിഫംഗൽ ഓയിന്റ്മെന്റ് ചികിത്സ വേണ്ടി വന്നേക്കാം.