തുത്തന്‍ഖാമന്റെ കല്ലറയിലെ മമ്മിയുടെ കൈ; കാറ്റായും കരിമൂര്ഖനായും വന്ന ശാപങ്ങള്‍...

Mail This Article
ഇതുവരെ ഈജിപ്തിന്റെ പല ഭാഗത്തുനിന്നുമായി ആയിരക്കണക്കിന് മമ്മികളാണ് പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തിരിക്കുന്നത്. അതില്‍ ഏറ്റവും പ്രശസ്തം ഏതാണെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. 1922ല്‍, ബ്രിട്ടിഷ് ഗവേഷകനായ ഹൊവാര്‍ഡ് കാര്‍ട്ടറും സംഘവും കണ്ടെത്തിയ തുത്തന്‍ഖാമന്റെ മമ്മി. ആ ഈജിപ്ഷ്യന്‍ ഫറവോയുടെ കല്ലറ തുറന്നപ്പോള്‍ ആകാശത്തു കഴുകന്മാര്‍ വട്ടമിട്ടു പറന്നുവെന്നാണു കഥ. കല്ലറയിലെ പ്രാചീനകാല ലിപികളിലൊന്നില്‍ ഇങ്ങനെയും കുറിച്ചിരുന്നു- ഫറവോയുടെ ഉറക്കം തടസ്സപ്പെടുത്തുന്നവരെ ശാപം വിടാതെ പിന്തുടരും. കല്ലറ തുറക്കുന്നതിനു സാക്ഷികളായ പലരും പില്‍ക്കാലത്ത് അകാലമൃത്യു വരിച്ചുവെന്നാണ് നിഗൂഢ സിദ്ധാന്തക്കാര്‍ പറയുന്നത്. എന്നാല്‍ തുത്തന്‍ഖാമന്റെ കല്ലറയിലുണ്ടായിരുന്ന കോടിക്കണക്കിനു രൂപ മൂല്യം വരുന്ന സ്വര്‍ണവും മറ്റ് അമൂല്യവസ്തുക്കളും മോഷ്ടാക്കാള്‍ കൊണ്ടുപോകാതിരിക്കാനായിരുന്നു അത്തരമൊരു എഴുത്തെന്നാണു ഗവേഷകര്‍ പറയുന്നത്. ഈജിപ്തിലെ ഒട്ടുമിക്ക കല്ലറകളിലും അത്തരത്തിലുള്ള അറിയിപ്പുകള്‍ ഉണ്ടായിരുന്നുതാനും.
തുത്തന്‍ഖാമന്റെ കല്ലറ തുറക്കാനായി പണമിറക്കിയത് ബ്രിട്ടനിലെ കാണര്‍വന്‍ പ്രഭുവായിരുന്നു. അദ്ദേഹത്തിന്റെ മരണമാണ് തുത്തന്‍ഖാമന്റെ ശാപത്തിന് ഏറെ കുപ്രസിദ്ധി നല്‍കിയത്. ഒരുതരം കൊതുക് കടിച്ച് പ്രഭുവിന്റെ മുഖത്ത് മുറിവുണ്ടായി. അതിലൂടെ ഷേവ് ചെയ്തതുവഴി മുറിവ് കൂടുതല്‍ വലുതായി, അണുബാധയുണ്ടായി വൈകാതെ അദ്ദേഹം മരിക്കുകയും ചെയ്തു. തുത്തന്‍ഖാമന്റെ മമ്മിയുടെ മുഖത്ത് ഒരു പ്രത്യേകതരം അടയാളമുണ്ടായിരുന്നു. കാണര്‍വന്‍ പ്രഭുവിന്റെ മുഖത്ത് അതേ സ്ഥാനത്തുതന്നെയായിരുന്നു കൊതുക് കടിച്ചതെന്നും പലരും പറഞ്ഞു പരത്തി. അതിനും മുന്‍പുതന്നെ തുത്തന്‍ഖാമന്റെ ശാപം സംബന്ധിച്ച മറ്റൊരു കഥയും പ്രചരിച്ചു തുടങ്ങിയിരുന്നു. ഹൊവാര്‍ഡ് കാര്‍ട്ടറുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന കാനറിപ്പക്ഷിയെ ഒരു മൂര്‍ഖന്‍ പാമ്പ് തിന്നതായിരുന്നു അത്. ഈജിപ്ഷ്യന്‍ രാജാക്കന്മാരുടെ കരുത്തിന്റെ പ്രതീകമായിരുന്നു മൂര്‍ഖന്‍.

തുത്തന്‍ഖാമന്‍ രാജാവിന്റെ ശാപം ഓരോരുത്തരെയായി ബാധിച്ചു തുടങ്ങി എന്നതിന്റെ ആരംഭമായിരുന്നു ഹൊവാര്‍ഡിന്റെ വീട്ടിലേക്കുള്ള പാമ്പിന്റെ വരവെന്ന് പലരും പറഞ്ഞു പരത്തി. അതിനിടെയാണ് മറ്റൊരു സംഭവം ഉണ്ടായത്. കാര്‍ട്ടറുടെ സുഹൃത്തായ സര്‍ ബ്രൂസ് ഇന്‍ഗമിന് ഈജിപ്തില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം ഒരു സമ്മാനം നല്‍കിയിരുന്നു. മമ്മിഫൈ ചെയ്യപ്പെട്ട ഒരു കൈകൊണ്ടുള്ള പേപ്പര്‍ വെയ്റ്റായിരുന്നു അത്. ആ കയ്യില്‍ ഒരു പ്രത്യേകതരം ആഭരണവും ഉണ്ടായിരുന്നു. ഈജിപ്തില്‍ കാണപ്പെട്ടിരുന്ന സ്‌കറാബ് വണ്ടുകളുടെ ആകൃതിയിലുള്ളതായിരുന്നു അത് (ഈ വണ്ടുകളെ കൊച്ചുകൂട്ടുകാര്‍ക്കും അറിയാം. ദ് മമ്മി സിനിമയില്‍ ഭൂമിക്കടിയില്‍നിന്ന് ഇരച്ചുവരുന്ന കറുത്തിരുണ്ട വണ്ടുകളെ കണ്ടിട്ടില്ലേ? അതുതന്നെ സംഗതി) ആ ആഭരണത്തില്‍ ഒരു കാര്യം കൂടി രേഖപ്പെടുത്തിയിരുന്നു-എന്റെ ശരീരം അനക്കുന്നവര്‍ക്കു മേല്‍ തീയാലും ജലമായും ശാപം വന്നുപതിക്കും, എന്ന്! മമ്മിയുടെ ശാപം ഉണ്ടായാലും ഇല്ലെങ്കിലും വൈകാതെതന്നെ ബ്രൂസിന്റെ വീട് അഗ്നിക്കിരയായി. ഏറെക്കുറേ പൂര്‍ണമായും നശിച്ച ആ വീട് പുനര്‍നിര്‍മിക്കാനുള്ള ശ്രമവും അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ നിര്‍മാണത്തിന്റെ പാതിയില്‍ പ്രദേശത്തു പെരുമഴയില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായി വീട് പിന്നെയും നശിച്ചു! ഇതോടെ തുത്തന്‍ഖാമന്റെ ശാപം എന്നൊരു പ്രയോഗംതന്നെ ലോകത്തു പ്രചരിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങളും സിനിമകളുമുണ്ടായി. പക്ഷേ ഈ ശാപം സത്യമാണോയെന്ന് ഗവേഷകരില്‍ ചിലര്‍ അന്വേഷിച്ചിരുന്നു. കല്ലറ തുറക്കുമ്പോള്‍ ആകെയുണ്ടായിരുന്നത് 58 പേര്‍. അതില്‍ അസ്വാഭാവിക മരണമുണ്ടായത് വെറും എട്ടു പേര്‍ക്കാണ്. അതില്‍ ഹൊവാര്‍ഡ് കാര്‍ട്ടറും ഉണ്ടായിരുന്നുവെന്നാണോ കരുതുന്നത്? ഇല്ല. അദ്ദേഹം പിന്നെയും ഏറെ നാള്‍ ജീവിച്ചു. 1939ല്‍, വാര്‍ധക്യത്തില്‍ കാന്‍സര്‍ ബാധിച്ചായിരുന്നു മരണം. തുത്തന്‍ഖാമന്റെ ശവകുടീരം ഇപ്പോഴും ഈജിപ്തിലെ ലക്‌സറിലുണ്ട്. ഇടയ്ക്ക് മമ്മിയുടെ ശവപ്പെട്ടി ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്ക് അറ്റകുറ്റപ്പണിക്കായി മാറ്റിയിരുന്നു. ശാപകഥകളുള്ളതിനാല്‍ത്തന്നെ ഈജിപ്തിലേക്കെത്തുന്ന ടൂറിസ്റ്റുകളെല്ലാവരും തുത്തന്‍ഖാമന്റെ കല്ലറ കാണാതെ മടങ്ങുകയില്ലെന്ന സ്ഥിതിയാണ്.
English Summary : The Mummy's Curse and Tutankhamun's Tomb