ADVERTISEMENT

പൊതുവേ ഇന്ത്യൻ കഥാപാത്രങ്ങൾക്ക് അത്ര വലിയ സ്ഥാനങ്ങൾ കൊടുക്കാൻ മടിയായിരുന്നു കൊളോണിയൽ കാലഘട്ടത്തിലെ യൂറോപ്യൻ എഴുത്തുകാർക്ക്. എന്നാൽ ഇക്കാര്യത്തിൽ തികഞ്ഞ വ്യത്യസ്തത പുലർത്തിയ എഴുത്തുകാരനായിരുന്നു ശാസ്ത്ര സാഹിത്യകാരനായ ഷൂൾസ് വേൺ. ഫ്രഞ്ച് സാഹിത്യത്തിലെ സമാനതകളില്ലാത്ത ഈ പ്രതിഭാശാലിയുടെ ഏറ്റവും പ്രസിദ്ധമായ കഥാപാത്രം ഇന്ത്യക്കാരനാണ്.

ക്യാപ്റ്റൻ നെമോ കരയിലെ ജീവിതം വെറുത്ത്, അത്യാധുനിക സൗകര്യങ്ങളുള്ള നോട്ടിലസ് എന്ന തന്റെ അന്തർവാഹിനിയിൽ കടലിൽ വിഹരിച്ച നാവികൻ. 1870ൽ പ്രസിദ്ധീകരിച്ച ട്വെന്റി തൗസൻഡ് ലീഗ്സ് അണ്ടർ ദ സീ എന്ന ഷൂൾസ് വേണിന്റെ നോവലിലൂടെയാണ് ക്യാപ്റ്റൻ നെമോ ലോകത്തിനു മുന്നിലെത്തുന്നത്.ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിച്ച കൃതി ഇംഗ്ലിഷിലേക്കു വിവർത്തനം നടത്തിയത് ല്യൂയിസ് മേഴ്സിയറാണ്. ലോകമെങ്ങും ജ്വരം ബാധിച്ചതുപോലെ ജനപ്രീതി നേടിയ നോവൽ വായനക്കാർക്കു മുൻപിൽ വിസ്മയലോകം തീർത്തു.

പ്രഫസർ ആരോനാക്സ്, കോൻസീൽ, നെഡ് ലാൻഡ് എന്നിവർ നോട്ടിലസിൽ തടവുകാരായി മാറുന്നതിനെക്കുറിച്ചാണ് കഥ. അവിടെ അവർ മുങ്ങിക്കപ്പലിന്റെ ക്യാപ്റ്റനായ നെമോയെ പരിചയപ്പെടുന്നു. വളരെ വ്യത്യസ്തനായ വ്യക്തിയായാണു നെമോയുടെ അവതരണം. നായകനാണോ പ്രതിനായകനാണോ എന്നു നിശ്ചയിക്കാൻ പറ്റാത്ത കഥാപാത്രം. നെമോ എന്ന പേരു പോലും പ്രത്യേകതയുള്ളതാണ്. ആരുമല്ലാത്തവൻ എന്നാണ് ലാറ്റിനിൽ ഇതിന്റെ അർഥം.

ഇന്നത്തെ യുപി–മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന ബുന്ദേൽഖണ്ട് മേഖലയിലെ ഒരു രാജകുമാരനായിരുന്നു നെമോ. പ്രിൻസ് ഡക്കർ എന്നായിരുന്നു അദ്ദേഹത്തിന്റെ ശരിക്കുമുള്ള പേര്. അക്കാലത്തെ ഇന്ത്യൻ നാട്ടുരാജ്യങ്ങളിലെ രാജകുമാരൻമാരെപ്പോലെ അദ്ദേഹം ലണ്ടനിലും പാരിസിലുമൊക്കെ പോയി വിദ്യാഭ്യാസം തേടി. പിന്നീട് അദ്ദേഹത്തിന്റെ കുടുംബവും ഉറ്റവരുമൊക്കെ ഒരു ശത്രുസാമ്രാജ്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും അതിൽ മനം നൊന്ത് നെമോ ഏകാകിയായി മാറിയെന്നും പറയുന്നു. ശത്രുസാമ്രാജ്യം ഇംഗ്ലണ്ടാണെന്നാണു പൊതുവേ ഈ കൃതിയുടെ ആരാധകർ വിലയിരുത്തുന്നത്. അന്ന് ഇന്ത്യയിൽ ഇംഗ്ലിഷ് ആധിപത്യം നിലനിൽക്കുകയായിരുന്നല്ലോ.

കുടുംബത്തിന്റെ മരണത്തെത്തുടർന്ന് ലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് അദ്ദേഹം നോട്ടിലസിൽ കടലിൽ സഞ്ചരിച്ചു.

ഇന്നത്തെ കാലത്തെ അയൺമാൻ സിനിമകളിലെ ടോണി സ്റ്റാർക്കിനോടൊക്കെ കിടപിടിക്കാവുന്ന ശാസ്ത്രജ്ഞാനവും സാങ്കേതികമായ അറിവുമുള്ളയാളാണു നെമോ. നോട്ടിലസ് എന്ന അദ്ഭുത മുങ്ങിക്കപ്പൽ തന്നെ അദ്ദേഹം രൂപകൽപന ചെയ്തു നിർമിച്ചതാണ്. മുങ്ങിക്കപ്പലുകൾ ഇല്ലാതിരുന്ന അല്ലെങ്കിൽ പ്രചാരത്തിലില്ലാത്ത കാലത്താണ് ഇതെല്ലാമെന്ന് ഓർക്കണം. ഈ രീതിയിൽ വൈദഗ്ധ്യമുള്ളപ്പോഴും മികച്ച ഒരു സംഗീതജ്ഞനെയും നെമോയിൽ കാണാം. വിവിധ സിദ്ധാന്തങ്ങളിലും തത്വചിന്തകളിലുമൊക്കെ അദ്ദേഹത്തിന് അപാരമായ അറിവുമുണ്ട്. ഫ്രഞ്ച്, ഇംഗ്ലിഷ്, ലാറ്റിൻ, ജർമൻ എന്നീ യൂറോപ്യൻ ഭാഷകളും അദ്ദേഹത്തിനു മാതൃഭാഷ പോലെ വശംവദമാണ്.

പക്ഷേ ശത്രുക്കളുടെ നേർക്ക് നിഷ്ഠൂരത കാട്ടാൻ ഒരു മടിയുമില്ലാത്ത പ്രകൃതവും അദ്ദേഹത്തിനുണ്ട്. ശത്രുക്കപ്പലുകളെയോ സൈനികരെയോ കണ്ടാൽ ഒരു ദയയും കൂടാതെ നശിപ്പിക്കാൻ നെമോയ്ക്ക് യാതൊരു മടിയും ഇല്ലായിരുന്നു. ലോകത്ത് ചൂഷണത്തിന് വിധേയരായ ജനങ്ങൾ നടത്തുന്ന എല്ലാ വിപ്ലവങ്ങൾക്കും നെമോ പിന്തുണയും നൽകി. തന്റെ കൂടെ കൂടിയവരോടും അദ്ദേഹത്തിനു തികഞ്ഞ സ്നേഹമാണ്. കരീബിയൻ കടലിൽ ഒരു രാക്ഷസക്കണവയുടെ ആക്രമണത്തിൽ തന്റെ സംഘാംഗങ്ങളിൽ ചിലർ മരിക്കുമ്പോൾ അദ്ദേഹം ദുഃഖിതനാകുന്നത് ഇതിനു തെളിവാണ്. മൊത്തത്തിൽ പറഞ്ഞാൽ നന്മയും അക്രമണ മനോഭാവവും സംഗമിക്കുന്ന ഒരു അപൂർവ വ്യക്തിത്വം.

ട്വന്റി തൗസൻഡ് ലീഗ്സ് അണ്ടർ ദ സീ നെമോ മരിക്കുന്നതായി സൂചനകൾ നൽകിക്കൊണ്ടാണ് അവസാനിക്കുന്നത്. എന്നാൽ ശരിക്കും അതു സംഭവിക്കുന്നില്ല. അഞ്ച് വർഷത്തിനു ശേഷം ഷൂൾസ് വേൺ എഴുതിയ മിസ്റ്റീരിയസ് ഐലൻഡിൽ വീണ്ടും അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്. ലിങ്കൺ ഐലൻഡെന്ന നിഗൂഢദ്വീപിലകപ്പെടുന്ന സൈറസ് ഫാർഡിങ് എന്ന എൻജീനിയർക്കും മറ്റു നാലുപേർക്കും അദ്ദേഹം രക്ഷ നൽകുന്നു. നെമോയുടെ മികച്ച വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലാണ് ഇത്.

മിസ്റ്റീരിയസ് ഐലൻഡിന്റെ അന്ത്യത്തിൽ അദ്ദേഹം ശരിക്കും മരിക്കുന്നു. ആദരപൂർവം സംസ്കാരം നടത്തിയ ശേഷം നെമോയുടെ ലോകമായിരുന്ന നോട്ടിലസ് സ്ഫോടനത്തിൽ ഹാർഡിങ് നശിപ്പിച്ചു കളയുകയും ചെയ്യുന്നുണ്ട്.

വൻ ജനപ്രീതിയും ഒട്ടേറെ ആരാധകരെയും നേടിയ ക്യാപ്റ്റൻ നെമോയെ അടിസ്ഥാനപ്പെടുത്തി ഇരുപതിലധികം സിനിമകളും ടിവി ഷോകളും പുറത്തിറങ്ങിയിട്ടുണ്ട്. 2003ൽ പുറത്തിറങ്ങിയ  ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്റിൽമെനിൽ നെമോയുടെ വേഷം ചെയ്തത് പ്രസിദ്ധ ബോളിവുഡ് നടനായ നസിറുദ്ദീൻ ഷായാണ്. 2002ൽ അമേരിക്കൻ സയൻസ് ഫിക്‌ഷൻ എഴുത്തുകാരനായ കെവിൻ ജെ.ആൻഡേഴ്സൻ ‘ക്യാപ്റ്റൻ നെമോ ’ എന്ന പേരില്‍ ഒരു ക്രോസ് ഓവർ നോവലും എഴുതിയിരുന്നു.

 English Summary : Captain nemo

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com