ADVERTISEMENT

ബസുകളിൽ ഒരുതവണ പോലും കയറാത്തവർ കുറവായിരിക്കും. നീണ്ട യാത്രകൾക്കും ചെറിയ യാത്രകൾക്കുമൊക്കെ ബസ് ഉപയോഗിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും നീളമുണ്ടായിരുന്ന ബസ് സർവീസ് ഏതായിരുന്നെന്ന് അറിയുമോ? അത് ബ്രിട്ടന്റെ തലസ്ഥാനം ലണ്ടനിൽ നിന്ന് ഇന്ത്യയിലെ കൊൽക്കത്ത വരെയുള്ള റൂട്ടിലോടിയ ബസുകളായിരുന്നു. 1957ൽ ആണ് ഈ ബസ്‌സർവീസകൾ തുടങ്ങിയത്. ലണ്ടനിലെ ഗാരോ ഫിഷർ ടൂർസ് എന്ന കമ്പനിയുടെ ഇന്ത്യമാൻ എന്ന ബസായിരുന്നു ഇക്കൂട്ടത്തിൽ ആദ്യത്തേത്. ലണ്ടനിലെ വിക്ടോറിയ കോച്ച് സ്റ്റേഷനിൽ നിന്ന് 1957 ഏപ്രി‍ൽ 15ന് പുറപ്പെട്ട ബസ് കൽക്കട്ടയിലെത്തി തിരിച്ച് ഓഗസ്റ്റ് രണ്ടിന് ലണ്ടനിലെത്തി. ഇംഗ്ലണ്ടിൽ നിന്നു ബൽജിയം, പിന്നീട് ജർമനി, ഓസ്ട്രിയ, യൂഗോസ്ലാവ്യ(ഈ രാജ്യം ഇപ്പോഴില്ല), ബൾഗേറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ,പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ പിന്നിട്ട് വടക്കുപടിഞ്ഞാറൻ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിച്ച് ഡൽഹി, ആഗ്ര, അലഹബാദ്, വാരാണസി നഗരങ്ങളിൽ കൂടി കടന്നുപോയിട്ടാണ് കൊൽക്കത്തയിൽ ഈ ബസ് എത്തിയിരുന്നത്.

 

പലവിധ പ്രശ്നങ്ങൾ ഈ ബസ്‌യാത്രയ്ക്ക് നേരിടേണ്ടിവന്നു. ഇറാനിലെ മണലിൽ ബസിന്റെ ചക്രങ്ങൾ പുതഞ്ഞതും കടുത്ത പകർച്ചപ്പനി കാരണം പാക്കിസ്ഥാൻ ഇറാനുമായുള്ള അതിർത്തി അടച്ചതുമെല്ലാം പ്രതിസന്ധി സൃഷ്ടിച്ചു. 85 പൗണ്ടായിരുന്നു ലണ്ടൻ മുതൽ കൊൽക്കത്ത വരെ പോകാനുള്ള ടിക്കറ്റ് വില. ഭക്ഷണം, യാത്ര, താമസ ചെലവുകൾ ഉൾപ്പെടെയായിരുന്നു ഈ തുക. ഒറ്റ ദിശയിലുള്ള യാത്രയിൽ 16,100 കിലോമീറ്റർ ദൂരമാണ് ബസ് താണ്ടിയത്. 

 

1968 മുതൽ ആൽബർട്ട് എന്ന മറ്റൊരു ബസ്സർവീസും ആരംഭിച്ചു. ഡബിൾഡക്കർ ബസായിരുന്നു ഇത്.ബ്രിട്ടനിലെ ആൽബർട്ട് ട്രാവൽ എന്ന യാത്രാക്കമ്പനിയായിരുന്നു ഈ ബസിന്റെ ഉടമസ്ഥർ. അന്നത്തെക്കാലത്തെ ബസ്സുകളെ വച്ച് മികച്ച സൗകര്യങ്ങളാണ് ബസ്സിലുണ്ടായിരുന്നത്. എല്ലാ യാത്രികർക്കും പ്രത്യേക ക്യാബിനുകൾ കിടക്കാനായി ഉണ്ടായിരുന്നു. എല്ലാ സൗകര്യങ്ങളുമുള്ള അടുക്കള, തീൻമേശ എന്നിവയും ബസ്സിലുണ്ടായിരുന്നു. പാർട്ടികൾ നടത്താനായുള്ള  ശബ്ദ, ദൃശ്യ സൗകര്യങ്ങളും ഇതിലുണ്ടായിരുന്നു. 1976ൽ ലണ്ടനിൽ നിന്നു കൊൽക്കത്തയിലേക്കുള്ള ഈ അതിദീർഘദൂര ബസ് സർവീസുകളെല്ലാം അവസാനിച്ചു.

 

Content summary : 'World's Longest Bus Route' From Kolkata To London

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com