ചിംപാൻസികളും മനുഷ്യരെപ്പോലെ യുദ്ധം ചെയ്യും, എതിരാളികളുടെ ചലനങ്ങൾ നിരീക്ഷിക്കും: പഠനം
Mail This Article
ചിംപാൻസികൾക്കും മനുഷ്യരെ പോലെ പോരാട്ട അടവുകളും പദ്ധതികളുമൊക്കെയുണ്ടെന്ന് ഗവേഷകരുടെ പഠനം. തെക്കുപടിഞ്ഞാറൻ ഐവറി കോസ്റ്റിലെ ടായ് ദേശീയോദ്യാനത്തിലെ ചിംപാൻസികളെ നിരീക്ഷിച്ച ശാസ്ത്രജ്ഞരാണ് ഈ നിഗമനത്തിൽ എത്തിചേർന്നത്. ഐവറി കോസ്റ്റിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ് ടായ്. രണ്ടു ചിംപാൻസി സംഘങ്ങളുടെ രീതികളാണ് ഗവേഷകർ തുടർച്ചയായി നിരീക്ഷിച്ചത്. ഈ സംഘങ്ങൾ തമ്മിൽ ശത്രുതയിലാണ്, നിരന്തരമായി ഇവർ തമ്മിൽ യുദ്ധവുമുണ്ട്.
മനുഷ്യർ ചെയ്യുന്നത് പോലെയുള്ള പോരാട്ട രീതികൾ ഇവർക്കുമുണ്ടെന്ന് ഗവേഷകർ പറയുന്നു. ശത്രുവിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനായി ചെറു പട്രോൾ ഗ്രൂപ്പുകളെ ഈ സംഘങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉയരമുള്ള സ്ഥലത്തുനിന്നാണ് നിരീക്ഷണം. മനുഷ്യരുടേത് പോലെ കൂട്ടായുള്ള പോരാട്ട പദ്ധതികളും ആസൂത്രണങ്ങളും ചിംപാൻസികൾക്കുണ്ടെന്നും ഗവേഷകർ പറയുന്നു. പരിണാമ പ്രക്രിയയിൽ വേർപെട്ട, മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ആൾക്കുരങ്ങുകൾ. ചിംപാൻസി, ഗൊറില്ല, ബൊനോബോസ്, ഒറാങ്ഉട്ടാൻ എന്നിവയാണ് ആൾക്കുരങ്ങുകളിലെ പ്രധാനികൾ. ഗ്രേറ്റ് ഏപ്‌സ് എന്ന് ഇവർ അറിയപ്പെടുന്നു. ഇവയ്ക്കു കുരങ്ങുകളെക്കാൾ മനുഷ്യരുമായിട്ടാണു സാമ്യം.
കാട്ടിൽ താമസിക്കുന്ന ചിംപാൻസികളുടെ ശരാശരി ജീവിതദൈർഘ്യം 33 വയസ്സാണ്. എന്നാൽ മൃഗശാലകളിലും മറ്റും ഇവ 63 വയസ്സൊക്കെ വരെ ജീവിച്ചിരിക്കാറുണ്ട്. വംശനാശ ഭീഷണി അഭിമുഖീകരിക്കുന്ന ജീവികളായ ചിംപാൻസികൾ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. ഒരു ലക്ഷത്തിലധികം ചിംപാൻസികൾ മാത്രമാണ് ഇപ്പോഴുള്ളതെന്നു സാൻ ഫ്രാൻസിസ്‌കോ മൃഗശാല അധികൃതർ പറയുന്നു.
പരിണാമദിശയിൽ മനുഷ്യനോട് ഏറെ അടുത്തു നിൽക്കുന്ന, അതിബുദ്ധിമാൻമാരായ ജീവികളായ ചിമ്പൻസികളിൽ ക്രൂരതയും ആക്രമണ മനോഭാവവും ഗൊറില്ല പോലുള്ള മറ്റ് ആൾക്കുരങ്ങു വർഗങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഒരു തലവൻ ചിമ്പൻസിക്ക് കീഴിൽ അണിനിരത്തപ്പെട്ട സമൂഹങ്ങളായാണ് ചിംപാൻസികൾ കഴിയുന്നത്.