അറ്റോകോ പോയിന്റ്! ചൊവ്വയിൽ വിചിത്രപാറ കണ്ടെത്തി റോവർ, ഇതുവരെ ഇല്ലാത്ത

Mail This Article
ചൊവ്വയിൽ വിചിത്രമായ പാറ കണ്ടെത്തി നാസയുടെ റോവറായ പെഴ്സിവീയറൻസ്. ഇളം നിറത്തിലുള്ള പാറ ചൊവ്വയിലെ നേരേറ്റ്വ വാലിസ് എന്ന മേഖലയിലാണ് കണ്ടെത്തിയത്. പെഴ്സിവീയറൻസ് ഇറങ്ങിയ ജെസീറോ എന്ന മേഖലയിലേക്ക് അതിപ്രാചീന കാലത്ത് വെള്ളമെത്തിച്ചിരുന്ന ഒരു നദി സ്ഥിതി ചെയ്തിരുന്ന മേഖലയാണ് ഇത്.
സമീപത്തുള്ള ഇരുണ്ട പാറകൾക്കിടയിൽ പെട്ടെന്ന് തിരിച്ചറിയാവുന്ന നിലയിലാണ് ഈ പാറ. അനോർത്തസൈറ്റ് എന്ന ഇതുവരെ ചൊവ്വയിൽ കണ്ടെത്തിയിട്ടില്ലാത്ത തരം പാറയാണ് ഇത്. ഈ പാറ നിലനിൽക്കുന്ന സ്ഥലത്തിന് അറ്റോകോ പോയിന്റ് എന്ന് ശാസ്ത്രജ്ഞർ പേരിട്ടു. 2021ൽ ആണ് പെഴ്സിവീയറൻസ് ദൗത്യം ചൊവ്വയിൽ ഇറങ്ങിയത്.
2020 ജൂലൈ 30നു വിക്ഷേപിച്ച പെഴ്സിവീയറൻസ് ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്. ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവീയറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിച്ചിരുന്നു. ഇതിനെ പലതവണ ചൊവ്വയുടെ അന്തരീക്ഷത്തിൽ പറത്തി.
പെഴ്‌സിവീയറൻസ് ഇറങ്ങിയ ജെസീറോ ക്രേറ്റർ ചൊവ്വയിലെ ഒരു ദുരൂഹമേഖലയാണ്. ഗ്രഹത്തിന്റെ വടക്കൻ മേഖലയിലെ സിർട്ടിസ് ക്വോഡ്രാംഗിൾ എന്ന പ്രദേശത്ത് 50 കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ജെസീറോ ഇപ്പോൾ വരണ്ടു കിടക്കുകയാണെങ്കിലും ആദിമ കാലത്ത് ഇവിടേക്കു നദികൾ ഒഴുകിയിരുന്നു. ആ ജലം കെട്ടി നിന്ന് ഇവിടെ ഒരു തടാകവും ഉടലെടുത്തിരുന്നു. ചൊവ്വയുടെ ഒരു വിദൂര ഭൂതക്കാലത്ത് ഇവിടെ ജീവൻ തുടിച്ചിരുന്നെന്നും ശാസ്ത്രജ്ഞർക്ക് പ്രതീക്ഷയുണ്ട്.
ഇന്നും അതിന്റെ ഫലമായി ഇവിടത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലാണെന്ന് നാസയിലേതുൾപ്പെടെ ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. പഴയകാലത്തുണ്ടായിരുന്ന ജീവന്റെ സൂക്ഷ്മഫോസിലുകൾ ഇപ്പോഴും ഇവിടെ കാണാമായിരിക്കും. അത് അന്വേഷിക്കലാണ് പെഴ്‌സിവീയറൻസിന്റെ പ്രധാന ജോലി.
എന്നാൽ ജീവന്റെ തെളിവല്ല, ഒരു പക്ഷേ സൂക്ഷ്മകോശരൂപത്തിൽ ജീവൻ തന്നെ നിലനിൽക്കുന്ന സാധ്യത തള്ളിക്കളയാനാകില്ല. നേർത്ത അന്തരീക്ഷവും വ്യത്യസ്തമായ ധാതുഘടനയും ഉയർന്ന തോതിൽ ഉപരിതലത്തിൽ എത്തുന്ന വികിരണങ്ങളുമൊക്കെ കാരണം നിലവിൽ ചൊവ്വയിൽ ജീവൻ ഉണ്ടാകാൻ യാതൊരു സാധ്യതയും ശാസ്ത്രജ്ഞർ കൽപിക്കുന്നില്ല.