ഭൗമസൂചിക പദവിയിലേക്ക് ഓണാട്ടുകര എള്ള്
Mail This Article
മാവേലിക്കര ∙ ഓണാട്ടുകരയുടെ സ്വന്തം എള്ള് ഭൗമസൂചിക പദവിയിലേക്ക്. 2 വർഷത്തോളം നീണ്ട ഗവേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങൾ ചെന്നൈ ഭൗമസൂചിക റജിസ്ട്രി അംഗീകരിക്കുന്നതോടെ ആലപ്പുഴ ഉൾപ്പെടെ 3 ജില്ലകളിലെ 570 ഹെക്ടർ ഭൂപ്രദേശം പുത്തൻ ബ്രാൻഡിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. കേരള കാർഷിക സർവകലാശാലയുടെ അധീനതയിലുള്ള കായംകുളം ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിലും ബൗദ്ധിക സ്വത്തവകാശ സെല്ലിലും നടന്ന പ്രവർത്തനങ്ങൾ മന്ത്രി വി.എസ്.സുനിൽകുമാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു, തുടർന്നാണു ഭൗമസൂചിക പദവിക്കായുള്ള ഭൂപ്രദേശ പരിധി വ്യക്തമാക്കുന്ന ഭൂപടം,
ലോഗോ എന്നിവ തയാറാക്കിയത്. ഈ വർഷത്തോടെ ഓണാട്ടുകര എള്ളിനു ഭൗമസൂചിക പദവി ലഭിക്കുമെന്നാണു പ്രതീക്ഷ.ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കായംകുളം നഗരസഭകൾ, 28 പഞ്ചായത്തുകൾ, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നഗരസഭ, 14 പഞ്ചായത്തുകൾ, പത്തനംതിട്ടയിലെ പന്തളം നഗരസഭ എന്നിവയാണു ഭൗമസൂചിക ഭൂപ്രദേശത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഓണാട്ടുകരയിൽ തനതു നാടൻ എള്ളിനമായ "ആയാളി"ക്കു പുറമേ ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഗവേഷണം നടത്തി ഉൽപാദിപ്പിച്ച കായംകുളം–ഒന്ന്, തിലക്, തിലതാര, തിലറാണി എന്നീ അത്യുൽപാദന ശേഷിയുള്ള 4 ഇനങ്ങളും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഭൗമസൂചിക പദവി ലഭിക്കുന്നതോടെ എള്ളിന്റെ വിലയിലും വർധന ഉണ്ടാകും.
'ഓണാട്ടുകര എള്ളിന് ഭൗമസൂചിക പദവി ലഭിക്കുന്നതോടെ കർഷകർക്ക് അതിന്റെ ഗുണഫലം ലഭിക്കും. എള്ളിന്റെ ഉൽപാദനം വർധിക്കുന്നതോടൊപ്പം നല്ലെണ്ണ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന എള്ളെണ്ണ ഓണാട്ടുകരയുടെ സ്വന്തമായി മാറുകയും ചെയ്യും. -ഡോ.ബി.ലവ്‍ലി, അസി.പ്രഫസർ, ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രം, കായംകുളം