ഹോൺ മുഴക്കി ശല്യം സൃഷ്ടിച്ചു; ബസ് ഡ്രൈവർക്ക് 2 മണിക്കൂർ നിന്ന നിൽപിൽ ഗതാഗത നിയമപഠനം

Mail This Article
കാക്കനാട് ∙ നിയമം അറിയാത്ത സ്വകാര്യ ബസ് ഡ്രൈവറെ 2 മണിക്കൂർ നിന്ന നിൽപിൽ നിർത്തി റോഡ് ഗതാഗത നിയമ പുസ്തകം വായിപ്പിച്ച് ആർടിഒ. വഴി നീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ആർടിഒയുടെ മുൻപിൽ അകപ്പെട്ടതാണു സംഭവങ്ങളുടെ തുടക്കം. ഇന്നലെ രാവിലെ 9ന് ഏലൂർ ഫാക്ട് ജംക‍്ഷനു സമീപം ആർടിഒ കെ.മനോജിന്റെ കാറിനു പിന്നിലൂടെ അമിത ശബ്ദത്തിൽ തുടരെ ഹോൺ മുഴക്കി വന്ന ഏലൂർ–മട്ടാഞ്ചേരി റൂട്ടിലെ ബസാണ് അടുത്ത സ്റ്റോപ്പിൽ ആർടിഒ തടഞ്ഞത്.
ട്രിപ് അവസാനിച്ച ശേഷം ഡ്രൈവറോട് ആർടി ഓഫിസിലെത്താൻ നിർദേശിച്ചു. ഉച്ചയ്ക്ക് 3ന് ഡ്രൈവർ മഞ്ഞുമ്മൽ സ്വദേശി ജിതിൻ ആർടി ഓഫിസിലെത്തി. മലയാളത്തിൽ അച്ചടിച്ച റോഡ് ഗതാഗത നിയമ പുസ്തകം ജിതിന് നൽകി, ചേംബറിന്റെ ഒരു വശത്തേക്ക് മാറി നിന്ന് വായന തുടങ്ങാൻ ആർടിഒ നിർദേശിക്കുകയായിരുന്നു.
5 മണിയോടെയാണു വായന അവസാനിച്ചത്. നിയമം പഠിച്ചെന്ന് ഉറപ്പാക്കാൻ ഏതാനും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിപ്പിച്ച ശേഷമാണു ഡ്രൈവറെ വിട്ടയച്ചത്.