കിടുവാണ് ഈ കടുവാക്കയ്യൻ കാച്ചിൽ
Mail This Article
തൂക്കുപാലത്തെ കടുവാക്കയ്യൻ കാച്ചിലിന് പ്രിയമേറെ. കടുവയുടെ കൈയുമായി രൂപസാദൃശ്യമുള്ളതിനാലാണ് ഈ പേരു ലഭിച്ചത്. തൂക്കുപാലം മൈനാകം കെ.രമേശന്റെ പുരയിടത്തിലാണ് കടുവാക്കയ്യൻ കാച്ചിൽ കൃഷി. ഇതിനു പുറമേ വയലറ്റ് കാച്ചിൽ, വെള്ളക്കാച്ചിൽ എന്നിവയുടെ കൃഷിയുമുണ്ട്. ഒരു മൂടിൽനിന്ന് 25 മുതൽ 40 കിലോഗ്രാം വരെ തൂക്കമുള്ള കാച്ചിൽ ലഭിക്കും.
കിലോഗ്രാമിനു 35 രൂപ വിലയ്ക്കാണ് കാച്ചിൽ വിൽപന. വിത്തുകൾക്കും ആവശ്യക്കാർ ഏറെയാണെന്ന് രമേശൻ പറയുന്നു. ലോക്ഡൗൺ കാലം മുതലാണ് കാച്ചിലിനു പ്രിയമേറിയത്. ഇതിൽ കാർബോ ഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റാമിനുകൾ, മറ്റു ധാതുലവണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, അന്നജം ഇവയുടെ ഉറവിടമാണ് കാച്ചിൽ. കാച്ചിൽ വേവിച്ചാൽ 140 കാലറി ഉണ്ടെന്നാണ് കണക്ക്.
27 ഗ്രാം അന്നജം, 1 ഗ്രാം പ്രോട്ടീൻ, 0.1 ഗ്രാം കൊഴുപ്പ്, 4 ഗ്രാം നാരുകൾ, സോഡിയം, പൊട്ടാസ്യം, അയൺ, വൈറ്റമിൻ എ, സി എന്നിവയുമുണ്ട്. ആന്റി ഓക്സിഡന്റുകളുടെ ശേഖരമാണ് കാച്ചിൽ. കാച്ചിലിന്റെ തളിരില പ്രോട്ടീൻ സമ്പുഷ്ടമാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളാണ് നടീൽ സമയം. നല്ല നീർവാർച്ചയും ഇളക്കവുമുള്ള മണ്ണാണ് കൃഷിക്ക് യോജിച്ചത്. മുറിച്ച കിഴങ്ങു കഷണങ്ങളാണ് നടുന്നതിനായി തിരഞ്ഞെടുക്കുന്നത്.