പുതിയ വഴിവിളക്കുകൾ മിഴിതുറന്നു; ഇരിട്ടിയിൽ ‘ഇരുട്ട് ’ മാറി; ‘വെളിച്ചം’ വന്നു

Mail This Article
ഇരിട്ടി∙ ‘കത്താത്ത വഴിവിളക്കുകളും കത്തിക്കാൻ ശ്രമിക്കാത്ത കെഎസ്ടിപി അവഗണനയും’ തള്ളി നഗരത്തെ പ്രകാശപൂരിതമാക്കാൻ ഇരിട്ടി നഗരസഭ നടത്തിയ ഇടപെടൽ വിജയിച്ചു. ഇരിട്ടി പട്ടണത്തിൽ ഇനി ഇരുട്ടില്ല. പഴയ സ്റ്റാൻഡ് പരിസരം മുതൽ പുതിയ പാലം വരെ 64 വഴിവിളക്കുകൾ (ഇരുവശത്തേക്കും ബൾബുകൾ ഉള്ളത്) നഗരത്തിൽ വെളിച്ചം നിറച്ചു. നഗരത്തിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിന്റെ (എം.എസ്.ഗോൾഡ്) സ്പോൺസർഷിപ്പോടെയാണ് 75 ലക്ഷം രൂപ ചെലവ് വരുന്ന വഴിവിളക്ക് പദ്ധതി 7 വർഷ കാലാവധിയോടെ നടപ്പാക്കിയിട്ടുള്ളത്. ഇന്നലെ രാത്രി ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത സ്വിച്ച് ഓൺ കർമം നടത്തി.നഗരസഭാ പരിധിയിൽ കെഎസ്ടിപി സ്ഥാപിച്ച വഴിവിളക്കുകൾ പിഴുതുമാറ്റിയാണ് പുതിയവ സ്ഥാപിച്ചത്. ഡിവൈഡറിൽ ഉൾപ്പെടെ പൂച്ചെടികൾ വച്ചുപിടിപ്പിച്ചു സൗന്ദര്യവൽക്കരണം ഉൾപ്പെടെ പൂർണ ചുമതലയും ഈ സ്വകാര്യ സ്ഥാപനത്തിനാണ്.
ഡിവൈഡർ വഴിവിളക്കുകൾ ഉൾപ്പെടെ പരസ്യ ബോർഡുകൾ വയ്ക്കുന്നതിനു സ്ഥാപനത്തിനു അനുമതി നൽകിയാണു ധാരണ ഉണ്ടാക്കിയിട്ടുള്ളത്. ഡിവൈഡറിൽ ഗതാഗത, ശുചിത്വ സന്ദേശങ്ങളും സ്ഥാപിച്ചിട്ടുണ്ട്.അടുത്ത ഘട്ടത്തിൻ ഉളിയിൽ പാലവും കളറോട് പാലവും ഇരിട്ടി പുതിയ ബസ് സ്റ്റാൻഡും ഉൾപ്പെടെയായി വഴിവിളക്കുകൾ സ്ഥാപിക്കും. നഗരത്തിലെ റോഡ്, സംസ്ഥാനാന്തര പാത കൂടി ആയതിനാൽ വഴിവിളക്കുകൾ ഇല്ലാത്തതു യാത്രക്കാർക്ക് ഗുരുതര പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.നഗരസഭാ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു. എംഎസ് ഗോൾഡ് ഉടമ കെ.മുഹമ്മദ്, നഗരസഭാ ക്ലിൻ സിറ്റി മാനേജർ കെ.വി.രാജീവൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എ.കെ.രവീന്ദ്രൻ, കെ.സുരേഷ്, കെ.സോയ, ടൗൺ കൗൺസിലർ വി.പി.അബ്ദുൽ റഷീദ്, വ്യാപാരി നേതാക്കളായ അയൂബ് പൊയിലൻ, റജി തോമസ്, ഒ.വിജേഷ്, കൗൺസിലർമാർ, സംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

കെഎസ്ടിപി സ്ഥാപിച്ചത് 947 ‘കത്താത്ത’ വഴിവിളക്കുകൾ
366 കോടി രൂപ ചെലവിൽ നവീകരിച്ച റോഡിൽ 9 കോടി രൂപയോളം മുടക്കി 947 വഴിവിളക്കുകളാണ് കെഎസ്ടിപി സ്ഥാപിച്ചത്. തുടക്കം മുതൽ ഇവ പ്രകാശിക്കുന്നില്ലെന്ന് മാത്രമല്ല, തലയ്ക്ക് മുകളിൽ ഭീഷണിയായും മാറി. വഴിവിളക്കുകളിൽ സ്ഥാപിച്ച ഗുണനിലവാരം കുറഞ്ഞ ഇരുമ്പ് കവചം തുരുമ്പിച്ച് കൂറ്റൻ ബാറ്ററി ഏതു സമയവും യാത്രക്കാരുടെ മേൽ പതിക്കുന്ന സ്ഥിതി വന്നതോടെ ടൗൺ പ്രദേശങ്ങളിൽ നിരന്തര പരാതിയെ തുടർന്നു അധികൃതർ തന്നെ ബാറ്ററികൾ അഴിച്ചു മാറ്റി.കെഎസ്‌ടിപിയുടെ പരിപാലന കാലാവധി കഴിഞ്ഞതിനാൽ ഉത്തരവാദിത്തത്തിൽ നിന്നു അവരും കയ്യോഴിഞ്ഞതോടെ സംസ്ഥാനാന്തര പാതയിൽ 53.97 കിലോമീറ്ററോളം ദൂരം ഭൂരിഭാഗം മേഖലയിലും ഇരുട്ടിലായി മാറി. 95000 രൂപ വീതം ഒരു വഴിവിളക്കിനു ചെലവഴിച്ചിട്ടും തുടക്കം മുതൽ തന്നെ ഭൂരിഭാഗവും പ്രകാശിക്കാതിരുന്നതിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിമർശനം ഉയർന്നിട്ടും പരിഹാരം ഉണ്ടായില്ലെന്നു മാത്രം അല്ല, നിയമനടപടി സ്വീകരിക്കാത്തതും ഇപ്പോഴും ദുരൂഹത ഉയർത്തുന്നു.