ഗൾഫിൽനിന്ന് പ്രവാസികൾ കൂട്ടത്തോടെ വിമാനം വിളിച്ചു പറന്നെത്തിത്തുടങ്ങി
Mail This Article
കരിപ്പൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ആവേശത്തിലേക്ക് പ്രവാസികൾ കൂട്ടത്തോടെ വിമാനം വിളിച്ചു പറന്നെത്തിത്തുടങ്ങി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗൾഫിൽനിന്നുള്ള ആദ്യ വോട്ടുവിമാനം ഇന്നലെ പുലർച്ചയോടെ ജിദ്ദയിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തി. 190 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം ജിദ്ദയിൽനിന്നു കരിപ്പൂരിലെത്തിയപ്പോൾ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
വരും ദിവസങ്ങളിൽ കെഎംസിസിയുടെ നേതൃത്വത്തിൽ കൂടുതൽ വോട്ടർമാരുമായി വിമാനങ്ങളിൽ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ എത്തുമെന്നു നേതാക്കൾ പറഞ്ഞു. കേരളത്തിലെ മിക്ക ജില്ലകളിലെയും പ്രവാസികൾ വോട്ടു വിമാനത്തിലുണ്ട്. കെഎംസിസിയുടെ നേതൃത്വത്തിൽ ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്താണ് എത്തുന്നത് എന്നതിനാൽ ടിക്കറ്റ് നിരക്കിലും കുറവുണ്ടെന്നു പ്രവാസികൾ പറഞ്ഞു. പെരുന്നാളും വിഷുവും തിരഞ്ഞെടുപ്പും കഴിഞ്ഞു മടങ്ങിയാൽ മതി.
പലരും തിരഞ്ഞെടുപ്പു ഫലം അറിഞ്ഞ ശേഷമേ മടങ്ങുന്നുള്ളൂ. ആദ്യ വോട്ടുവിമാനത്തിലെ പ്രവാസികളെ യാത്രയാക്കാൻ ജിദ്ദയിൽ കെഎംസിസി നാഷനൽ കമ്മിറ്റി രക്ഷാധികാരി കെ.പി.മുഹമ്മദ്കുട്ടി, ജിദ്ദ കെഎംസിസി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജനറൽസെക്രട്ടറി വി.പി.മുസ്തഫ, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം തുടങ്ങിയവർ എത്തിയിരുന്നു. സൗദി നാഷനൽ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസഡന്റ് ഇബ്രാഹിം, മലപ്പുറം ജില്ലാ സെക്രട്ടറി ടി.പി.സുഹൈൽ, ഏറനാട് മണ്ഡലം സെക്രട്ടറി മൊയ്തീൻകുട്ടി കാവനൂർ തുടങ്ങിയവവരാണ് ആദ്യ യാത്രാസംഘത്തിൽ ഉണ്ടായിരുന്നത്.