ആറുവരിപ്പാത: സർവീസ് റോഡുകളിലെ ചെങ്കുത്തായ കയറ്റത്തിൽ വാഹനങ്ങൾ കുടുങ്ങുന്നു
Mail This Article
വളാഞ്ചേരി ∙ ആറുവരിപ്പാതയുടെ അരികിലൂടെ സർവീസ് റോഡുകളിലെ കയറ്റിറക്കങ്ങളിൽ ചരക്കുവാഹനങ്ങൾ കുടുങ്ങി ഗതാഗതതടസ്സം പതിവാകുന്നു. വളാഞ്ചേരി –കുറ്റിപ്പുറം റോഡിൽ മുക്കിലപ്പീടികയിലും ചോലവളവിലും മർകസ് മൂടാലിനു സമീപവുമാണ് കയറ്റം കയറിയെത്താൻ വലിയ വാഹനങ്ങൾ പെടാപ്പാട് അനുഭവിക്കുന്നത്. വാഹനങ്ങൾ നടുറോഡിൽ കുടുങ്ങുന്നതും പതിവു സംഭവമാകുന്നു.
പഴയ ദേശീയപാത ഇടിച്ചിറക്കി ആറുവരിപ്പാതയാക്കുന്നതിനാൽ ഈ ഭാഗങ്ങളിൽ സർവീസ് റോഡുകൾക്ക് ചെങ്കുത്തായ കയറ്റിറക്കങ്ങളാണുള്ളത്. മുന്നറിയിപ്പു ബോർഡുകൾ മിക്കയിടത്തുമില്ലാത്തതാണ് വാഹനങ്ങളെ പ്രയാസത്തിലാക്കുന്നത്. നിരപ്പ് റോഡുകളിലൂടെ എത്തുന്ന വാഹനങ്ങൾ ചെറിയ വേഗത്തിൽ എത്തുമ്പോഴാണ് ചെങ്കുത്തായ കയറ്റം കാണുക. ഇതോടെ വാഹനം നിന്നുപോവുകയാണ്.
മുക്കിലപ്പീടിക കയറ്റത്തിൽ കഴിഞ്ഞ ദിവസം ചരക്കുലോറി കയറ്റത്തിൽ കേടായി നിന്നത് വാഹനഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച പെരുമ്പറമ്പ് ചോലവളവിൽ കായ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞതിനും കാരണം ഇതുതന്നെ. ആറുവരിപ്പാതയുടെ ഇരുഭാഗങ്ങളിലും ഒറ്റവരിപ്പാതയാണ്. മുൻഭാഗത്തെ വാഹനം നിന്നാൽ പിറകിലുള്ളവയും ഗതികേടിലാകും. കൃത്യമായ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചു വാഹനങ്ങൾക്ക് വിവരങ്ങൾ നൽകാൻ ദേശീയപാത നിർമാണക്കമ്പനി തയാറാൽ മാത്രമേ പ്രശ്നപരിഹാരമാകൂ.