കോഴിക്കോട് ബൈപാസ് തുറക്കാൻ 2025 മാർച്ച് വരെ കാത്തിരിക്കണം; പൂർത്തിയായത് 68% നിർമാണം
Mail This Article
കോഴിക്കോട്∙ വെങ്ങളം മുതൽ രാമനാട്ടുകര വരെ 28.400 കിലോമീറ്റർ വരുന്ന കോഴിക്കോട് ബൈപാസ് 2025 മാർച്ചിലേ ഗതാഗതത്തിനു തുറന്നുകൊടുക്കാൻ സാധിക്കൂവെന്ന് വ്യക്തമായി. കരാർ പ്രകാരം നിർമാണം പൂർത്തിയാക്കേണ്ടത് 2024 ഡിസംബർ 26നാണ്. വേങ്ങേരി ജംക്‌ഷനിൽ ജപ്പാൻ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി നേരിട്ട തടസ്സമാണ് പ്രവൃത്തി വൈകാനിടയാക്കിയത്. 68% പ്രവൃത്തിയാണ് ഇന്നലെ വരെ പൂർത്തിയായിരിക്കുന്നത്.
ബൈപാസ് 6 വരിയാക്കുന്ന പ്രവൃത്തി 2018ൽ കരാർ നൽകിയത് 2020ൽ പൂർത്തിയാക്കാനാണ്. എന്നാൽ നിർമാണം തുടങ്ങിയതുതന്നെ 2021 ഏപ്രിൽ 18നാണ്. അന്ന് 2024 ജനുവരിയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും മണ്ണുക്ഷാമവും മറ്റും കാരണം കരാറുകാരുടെ അപേക്ഷ പ്രകാരം ഡിസംബറിലേക്ക് നീട്ടിക്കൊടുത്തു.
ഇപ്പോൾ വേങ്ങേരിയിലെ ജപ്പാൻ പൈപ്പ് മാറ്റുന്ന കാരണത്താലാണ് വീണ്ടും വൈകുന്നത്. ഇത്തവണ കരാറുകാർക്ക് ഔദ്യോഗികമായി കാലാവധി നീട്ടിക്കൊടുത്തിട്ടില്ല. കാരണം വ്യക്തമാക്കി കരാറുകാർ ദേശീയപാത അതോറിറ്റിക്കു കത്തു നൽകിയ ശേഷമേ സമയം ദീർഘിപ്പിക്കൂ. ഹൈദരാബാദ് ആസ്ഥാനമായ കെഎംസി കൺസ്ട്രക്‌ഷൻസ് ലിമിറ്റഡ് ആണ് കരാറുകാർ.
പ്രധാന ഭാഗങ്ങളെല്ലാം നിർമാണം പൂർത്തിയായ കോഴിക്കോട് ബൈപാസ് ഫെബ്രുവരിയോടെ 99 ശതമാനവും നിർമിച്ചുകഴിയും. പെയിന്റിങ്, തെരുവുവിളക്കു സ്ഥാപിക്കൽ, ടോൾ ബൂത്ത് സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളേ പിന്നീട് അവശേഷിക്കൂ. പെയിന്റിങ് പൂർത്തിയാക്കാതെ ഗതാഗതത്തിനു തുറക്കില്ല. തെരുവുവിളക്കുകൾ സ്ഥാപിക്കൽ രാമനാട്ടുകര ഭാഗത്തുനിന്ന് ആരംഭിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലുമൊരു ടോൾ ബൂത്ത് ആണ് ദേശീയപാതയിൽ വരിക. അതനുസരിച്ച് കോഴിക്കോട് ജില്ലയിലെ ടോൾ ബൂത്ത് മാമ്പുഴ പാലത്തിനടുത്തായിരിക്കും. കോഴിക്കോട്–പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയും വന്നുചേരുന്ന സ്ഥലമെന്ന നിലയിലാണ് മാമ്പുഴ തിരഞ്ഞെടുത്തത്. ഇവിടെ ബൂത്ത് സ്ഥാപിച്ചാൽ രണ്ടു ഹൈവേയിലേക്കും ചേർന്നൊരു ടോൾ ബൂത്ത് മതിയാകുമെന്ന നേട്ടവുമുണ്ട്.
പൂർത്തിയായ ഭാഗം തുറക്കുന്നത് മേയ് 15ലേക്ക് മാറ്റി
കോഴിക്കോട്∙ നിർമാണം പുരോഗമിക്കുന്ന കോഴിക്കോട് ബൈപാസിൽ പൂർത്തിയായ 17 കിലോമീറ്റർ തുറന്നുകൊടുക്കുന്നത് മേയ് 15ലേക്ക് നീട്ടി. ചില ഭാഗങ്ങളിൽ നേരിട്ട അപ്രതീക്ഷിത തടസ്സങ്ങളാണ് ഇതിനു കാരണം. നേരത്തെ ഏപ്രിൽ രണ്ടാംവാരം തുറക്കാൻ തീരുമാനിച്ചിരുന്നു.
ദേശീയപാത 66ൽ വെങ്ങളം മുതൽ രാമനാട്ടുകര വരെ 28.400 കിലോമീറ്റർ 6 വരിയാക്കുന്ന പ്രവൃത്തി ലക്ഷ്യമിട്ട ഡിസംബറിൽ പൂർത്തിയാകില്ലെന്നുറപ്പായതോടെയാണ് ഗതാഗതത്തിനു പാകമായ ഭാഗങ്ങൾ തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. രാമനാട്ടുകര–അറപ്പുഴ പാലം (3 കിലോ മീറ്റർ), അറപ്പുഴ പാലം–ഹൈലൈറ്റ് മാൾ(5 കി.മീ), സൈബർ പാർക്ക്–മലാപ്പറമ്പ് (5 കി.മീ), പൂളാടിക്കുന്ന്–വെങ്ങളം ജംക്‌ഷൻ (4 കി.മീ) എന്നീ വ്യത്യസ്ത ഭാഗങ്ങളിലായാണ് 17 കിലോമീറ്റർ തുറന്നുകൊടുക്കാനിരിക്കുന്നത്.
ഇത്രയും ഭാഗം ഈ മാസംതന്നെ ഗതാഗത്തിനു തുറന്നുകൊടുക്കുന്നതിൽ ഹൈലൈറ്റ് മാളിനടുത്ത മേൽപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിൽ നേരിട്ട തടസമാണ് കുരുക്കായത്. ഇവിടെ കൽവർട്ട് നിർമാണം ലക്ഷ്യമിട്ട വേഗത്തിൽ പൂർത്തിയാക്കാനായില്ല. ഇപ്പോൾ തടസം നീങ്ങി കൽവർട്ട് പൂർത്തിയാക്കി.
ഇവിടെ ഗതാഗതം അടുത്തദിവസം സർവീസ് റോഡിലേക്ക് മാറ്റി അപ്രോച്ച് റോഡ് പൂർത്തിയാക്കും. അതോടെ ഹൈലൈറ്റ് മാളിനടുത്ത മേൽപ്പാലവും ഗതാഗതയോഗ്യമാകും. തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.അറപ്പുഴ പാലം പണി പൂർത്തിയാക്കാൻ 3 മാസം വേണം. വേങ്ങേരി, മലാപ്പറമ്പ് ജംക്‌ഷനുകളിലെ പ്രവൃത്തിയാണ് അവശേഷിക്കുന്നതിൽ പ്രധാനം. വേങ്ങേരിയിൽ ജപ്പാൻ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കിയശേഷമേ ദേശീയപാത വികസനം സാധിക്കൂ.