കരുവാരകുണ്ട് കുനിയൻമാട്ടിൽ കടുവ; പ്രദേശത്ത് ജാഗ്രതാ നിർദേശം

Mail This Article
കരുവാരകുണ്ട് ∙ കേരള എസ്റ്റേറ്റിൽ ജനവാസ മേഖലയോടു ചേർന്ന കുനിയൻമാട്ടിൽ കടുവ ഇറങ്ങി. സ്ഥലത്തെത്തിയ വനപാലകരും കടുവയെ നേരിട്ടു കണ്ടു. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് കടുവയെ കണ്ടത്. ടാപ്പിങ് തൊഴിലാളികളുമായി തിരിച്ചുവരുമ്പോൾ എസ്റ്റേറ്റ് ഡ്രൈവർ വട്ടപ്പറമ്പൻ ഷാജഹാനാണ് ആദ്യം കടുവയെ കണ്ടത്. ഉടൻ എസ്റ്റേറ്റ് അധികൃതരെ വിവരമറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ നിലമ്പൂർ സൗത്ത് ആർആർടിയും നാട്ടുകാരും വാഹനത്തിൽ വീണ്ടും കുനിയൻമാട്ടിലെത്തിയപ്പോൾ, നേരത്തെ കണ്ട സ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റർ മാറിയാണ ് കടുവയെ കണ്ടത്.

പാറയിലൂടെ ഓടിപ്പോകുന്ന കടുവയെ വനപാലകരും കണ്ടു. കടുവയെ കണ്ടതായി ഡിഎഫ്ഒ അടക്കമുള്ള ഉന്നത വനം ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സൈലന്റ് വാലി വനമേഖലയിൽനിന്ന് ആർത്തല ഭാഗം വഴിയാണ് കടുവ എത്തിയതെന്ന് സംശയിക്കുന്നു. ആർത്തലയിൽ തൊഴിലാളികൾ നേരത്തെ കടുവയെ കണ്ടിരുന്നു. ജനവാസ മേഖലയായ തുരുമ്പോട ഭാഗത്തേക്കാണ് കടുവ പോയത്. അതിനാൽ ഈ ഭാഗത്തെ കുടുംബങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. കടുവയെ കണ്ട പ്രദേശത്തു വനപാലകർ നിരീക്ഷണം ഏർപ്പെടുത്തി. കടുവ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ കെണി സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി.ധനിക്‌ലാൽ അറിയിച്ചു.