നെല്ലിയാമ്പതി പാടഗിരിയിൽ കാട്ടാന കാർ തകർത്തു

Mail This Article
നെല്ലിയാമ്പതി∙ പാടഗിരിയിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിനു നേരെ കാട്ടാനയുടെ പരാക്രമം. കാറിന്റെ ചില്ലുതകർത്ത കാട്ടാന കൊമ്പുകൊണ്ടു കുത്തി പല ഭാഗത്തും കേടുപാടുകൾ വരുത്തി. ഇന്നലെ പുലർച്ചെ 2ന് പാടഗിരി പൊലീസ് സ്റ്റേഷനടുത്ത് രാമചന്ദ്രന്റെ വീടിനു മുന്നിൽ നിർത്തിയിട്ട, മകൻ രഞ്ജിത്തിന്റെ കാറാണു ചില്ലിക്കൊമ്പൻ തകർത്തത്. വീട്ടുകാർ ശബ്ദം കേട്ടു ഉണർന്നെങ്കിലും പുറത്തിറങ്ങിയില്ല. കഴിഞ്ഞ ഏതാനും ദിവസമായി ചില്ലിക്കൊമ്പൻ ജനവാസ മേഖലയിൽ കറങ്ങി വരുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഹോട്ടൽ നടത്തി വരുന്ന രാമചന്ദ്രന്റെ വീടിനു നേരെ മുൻപും കാട്ടാന ആക്രമണം നടന്നിരുന്നു. അന്ന് മതിലായിരുന്നു തകർത്തത്. നഷ്ടം സംബന്ധിച്ചു പൊലീസിലും കൈകാട്ടി വനംവകുപ്പ് ഓഫിസിലും രഞ്ജിത്ത് പരാതി നൽകി.
2 മാസം മുൻപ് പാടഗിരിയിലെ റിസോർട്ടിനു മുന്നിൽ വിനോദസഞ്ചാരികൾ നിർത്തിയിട്ടിരുന്ന കാറിന്റെ മുൻഭാഗവും കാട്ടാന തകർത്തിരുന്നു. കഴിഞ്ഞ ദിവസം ചന്ദ്രാമല എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന മട്ടത്ത്പാടിയിൽ ചക്കയും മാങ്ങയും തിന്നു നടന്ന കാട്ടാനയെ ശബ്ദമുണ്ടാക്കിയാണ് തുരത്തിവിട്ടത്. പോത്തുപാറയിൽ എസ്റ്റേറ്റ് മാനേജരുടെ വീടിന്റെ പരിസരത്ത് മറ്റൊരു ആനയും ഉണ്ടായിരുന്നു .

പോത്തുപാറ ആശുപത്രി ഭാഗത്തും തേയിലത്തോട്ടത്തിലും പകൽ സമയത്ത് കാട്ടാനകളെ കണ്ടിരുന്നതായി തൊഴിലാളികൾ പറഞ്ഞു. പാടികൾക്ക് സമീപമുള്ള ഫലവൃക്ഷങ്ങൾ തേടിയാണ് കാട്ടാനകൾ വരുന്നതെന്നും ആനകളെ ഉൾക്കാട്ടിലേക്ക് തുരത്തിവിടാൻ വനപാലകർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.