സെൻട്രൽ ജംക്ഷനിലെ ഫ്ലെക്സ് ബോർഡുകൾ നീക്കി; ഒപ്പം നീങ്ങിയത് അപകടഭീതിയും
Mail This Article
മല്ലപ്പള്ളി ∙സെൻട്രൽ ജംക്‌ഷനിലും സമീപത്തും സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകൾ പഞ്ചായത്ത് അധികൃതർ നീക്കി.ഫ്ലെക്സ് ബോർഡുകൾ നിറഞ്ഞ ടൗണിലൂടെയുള്ള വാഹനയാത്ര അപകടഭീതിയിലാണെന്നു മനോരമ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. വാഹന ഡ്രൈവർമാർക്കു മുന്നറിയിപ്പ് നൽകുന്നതിനുള്ള ബോർഡുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളിലെല്ലാം പരസ്യബോർഡുകൾ ഏറെയായിരുന്നു. മുന്നറിയിപ്പ് ബോർഡുകളുടെ അപര്യാപ്തതമൂലം വൺവേ തെറ്റിച്ചു വാഹനങ്ങൾ പോകുന്നതും പതിവാണ്. അപകടങ്ങൾ ഒഴിവാകുന്നതു തലനാരിഴയ്ക്കാണെങ്കിലും വാക്കുതർക്കങ്ങൾ പതിവായിരുന്നു.
വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുംവിധം സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകൾ നീക്കിയെങ്കിലും ആവശ്യമായ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ ബന്ധപ്പെട്ട അധികൃതർ സ്ഥാപിച്ചാൽ മാത്രമേ ടൗണിൽകൂടി അപകടഭീതിയില്ലാതെ സഞ്ചരിക്കാൻ കഴിയൂ. നോ പാർക്കിങ്, വൺവേ എന്നിവ സൂചിപ്പിക്കുന്ന ബോർഡുകൾ എത്രയും പെട്ടെന്ന് സ്ഥാപിക്കാൻ നടപടിയെടുക്കണമെന്ന് പൊതുമരാമത്ത് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ പറഞ്ഞു.