വല്യപ്പച്ചനെയും വല്യമ്മച്ചിയെയും യാത്രയാക്കി ഇസയും ജോക്കുട്ടനും; ആരോണിനെ കാണാൻ തോമസ് എത്തി, ആദ്യമായും അവസാനമായും
Mail This Article
തിരുവല്ല ∙ ലാലപ്പനും അമ്മന്നയും ബെംഗളുരുവിൽ വരുമ്പോൾ കളിപ്പാട്ടവും മിഠായിയും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അഞ്ചു വയസ്സുകാരി ഇസ. കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ച ദമ്പതികളായ ഇരവിപേരൂർ കുറ്റിയിൽ ജേക്കബ് ഏബ്രഹാം (ലാലൻ–60), ഭാര്യ ഷീബ ജേക്കബ് (55) എന്നിവരുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ ഇരവിപേരൂരിലെ വീട്ടിൽനിന്നു സംസ്കാരത്തിനായി പള്ളിയിലേക്കെടുത്തപ്പോൾ ബന്ധുവിന്റെ ഒക്കത്തിരുന്ന് ഇസ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നോക്കിനിന്നു. ജേക്കബ് ഏബ്രഹാമിന്റെയും ഷീബയുടെ മകൻ അതുൽ ജേക്കബിന്റെ (ബെംഗളൂരു) മകളാണ് ഇസ. ലാലപ്പച്ചൻ, അമ്മന്ന എന്നിങ്ങനെയാണ് വല്യപ്പച്ചനെയും വല്യമ്മച്ചിയെയും വിളച്ചിരുന്നത്.
മറ്റൊരു അഞ്ചു വയസ്സുകാരൻ അപകടത്തിന്റെ തീവ്രത ഒന്നുമറിയാതെ പിതാവിന്റെ മടിയിൽ ഇരിക്കുകയായിരുന്നു. മരിച്ച ദമ്പതികളുടെ മകൾ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അലീന ജേക്കബിന്റെ മകൻ ജോകുട്ടനായിരുന്നു അത്. അപകടത്തിൽ ജോക്കുട്ടന്റെ ഇളയസഹോദരൻ രണ്ടുമാസം പ്രായമുള്ള ആരോൺ ജേക്കബ് തോമസും മരിച്ചിരുന്നു. ആരോൺ ജേക്കബ് തോമസിന്റെ സംസ്കാരം ഇന്ന് 2ന് പുനലൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ നടക്കും.
അപകട വിവരമറിഞ്ഞ് അലീനയുടെ ഭർത്താവ് പുനലൂർ വിളക്കുവെട്ടം മാങ്ങാച്ചാലിൽ തോമസ് കുര്യാക്കോസ് സൗദിയിൽ നിന്നു ഞായാറാഴ്ച നാട്ടിലെത്തിയിരുന്നു. തോമസ് ഇളയ കുട്ടി ആരോണിനെ കണ്ടിട്ടില്ല. ക്രിസ്മസിനോട് അനുബന്ധിച്ച് സൗദിയിൽ നാട്ടിലെത്തി കുഞ്ഞിന്റെ മാമോദീസ നടത്താനുള്ള തയാറെടുപ്പിലായിരുന്നു. അലീനയുടെ നഴ്സിങ് പരീക്ഷക്കായി ബെംഗളൂരുവിലേക്ക് പോകുമ്പോൾ വ്യാഴാഴ്ചയാണ് കോയമ്പത്തൂരിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലിടിച്ച് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ് അലീന കോയമ്പത്തൂരിലെ സ്വകാര്യ മൾട്ടി സ്പെഷൽറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.