ഇരവിപേരൂർ യാത്ര തുടങ്ങി, സമ്പൂർണ മാലിന്യമുക്തിയിലേക്ക്

Mail This Article
ഇരവിപേരൂർ ∙ഈ വർഷത്തെ രാജ്യാന്തര സീറോ വേസ്റ്റ് ദിനമായ 30 ന് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര മാലിന്യ നിർമാർജ്ജന ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി.തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ വള്ളംകുളം പാലം മുതൽ കുമ്പനാട് കല്ലുമാലി വരെയുള്ള റോഡുവശത്താണു മാലിന്യശേഖരണം തുടങ്ങിയത്.പഞ്ചായത്തിലെ പ്രധാന ടൗണുകൾ ശുചീകരിച്ചു ഹരിത ടൗണുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 25 വരെ വള്ളംകുളം, ഇരവിപേരൂർ, പഴയകാവ് എന്നിവിടങ്ങളിലും പഞ്ചായത്തിലെ തെരുവോരങ്ങളിലും ഹരിതകർമ സേന, കുടുംബശ്രീ, തൊഴിലുറപ്പു പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ മാസ് ക്ലീനിങ് നടത്തും.ഹരിത കർമസേനാ പ്രവർത്തകർ പ്രധാന ടൗണുകൾ ശുചീകരിക്കുവാനും പൊതുജനങ്ങൾക്ക് ശുചിത്വാവബോധം നൽകുവാനുള്ള പ്രവർത്തനങ്ങൾ ഇന്നലെ തുടങ്ങി.
ബോട്ടിൽ ബൂത്തുകൾ, വേസ്റ്റ് ബിന്നുകൾ എന്നിവ കാലിയാക്കും. മാലിന്യങ്ങൾ വലിച്ചെറിയാതെ ബിന്നുകളിൽ നിക്ഷേപിച്ചു നാടും നഗരവും വൃത്തിയോടെ സൂക്ഷിക്കാനുള്ള ആഹ്വാനം നൽകും.നാളെ പഞ്ചായത്തിലെ വ്യാപാരി വ്യവസായികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ് എന്നിവർക്കായി ബോധവൽക്കരണ ശിൽപശാല വൈഎംസിഎ ഹാളിൽ നടത്തും.ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ നിഫി.എസ്. ഹഖ് ക്ലാസ് നയിക്കും.പഞ്ചായത്തിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങൾ, ഓഫിസുകൾ, സ്കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കു മുൻപിൽ ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതു സംബന്ധിച്ച സ്റ്റിക്കർ പതിക്കുകയും അതു പാലിക്കുന്നുണ്ടെന്നു നിരീക്ഷിക്കുകയും ചെയ്യും.
പൊതുസ്ഥലങ്ങളിലും മിനി എംസിഎഫുകൾക്കു സമീപത്തായും ജലാശയങ്ങളിലും രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കും.ഇതിനായി സിസിടിവി ക്യാമറകൾ നിലവിലുള്ളവ പ്രവർത്തനക്ഷമമാക്കുകയും പുതിയവ സ്ഥാപിക്കുകയും ചെയ്യും.മാലിന്യ മുക്തം നവകേരളം ക്യാംപയിന്റെ സമാപനത്തോടനുബന്ധിച്ചു വാർഡുതല ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ ഈ മാസം അവസാനം ജനകീയ ശുചീകരണ യജ്ഞം നടത്തും.പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായും കുടുംബശ്രീ അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായും ഓഫിസുകളെയും ഹരിത ഓഫിസുകളായും ജില്ലാ ശുചിത്വമിഷൻ പരിശോധിച്ചു പ്രഖ്യാപനം നടത്തിയിരുന്നു.തുടർന്നു പഞ്ചായത്തിലെ പ്രധാന കലാലയങ്ങളായ ഐജിഒ ബൈബിൾ കോളജ്, നസ്രത്ത് ഫാർമസി കോളജ് എന്നിവയെ ഹരിത കാമ്പസുകളായി 26 ന് പ്രഖ്യാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള പറഞ്ഞു.
22 മുതൽ ക്യാംപെയ്ൻ
22 മുതൽ ഒരാഴ്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയിൽ മുക്ത - മാലിന്യ മുക്ത ഗ്രാമം, ലഹരി വിമുക്ത ഗ്രാമം എന്ന സന്ദേശവുമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സന്ദർശനം നടത്തി ബോധവത്കരണ ക്യാംപയിൻ സംഘടിപ്പിക്കും.