റോഡ് കുഴിക്കാൻ ചെലവാകുന്ന 25,000 രൂപ അടച്ചാൽ വെള്ളം തരാം; മറുപടി കേട്ട് ‘മറുപടി’യില്ലാതെ നാട്ടുകാർ
Mail This Article
തിരുവനന്തപുരം∙ ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടി കുടപ്പനക്കുന്ന് പേരാപ്പൂരിലെ ഇരുപതോളം കുടുംബങ്ങൾ. കലക്ടറേറ്റിന്റെ മൂക്കിൻ തുമ്പിലാണ് കഴിഞ്ഞ ഒരു മാസത്തോളമായി വെള്ളമില്ലാത്തത്. റോഡിനടിയിലെ പൈപ്പിലെ ചോർച്ചയാണ് വെള്ളം വീടുകളിലെത്താതിനു വാട്ടർ അതോറിറ്റി അധികൃതർ പറയുന്ന കാരണം. പ്രശ്നം പരിഹരിക്കണമെങ്കിൽ റോഡ് കുഴിച്ച് പൈപ്പിലെ ചോർച്ച അടയ്ക്കണം. എന്നാൽ അടുത്തിടെ ടാർ ചെയ്ത റോഡ് കുഴിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറല്ല. എംഎൽഎയുടെ കത്ത് കിട്ടിയാൽ റോഡ് പൊളിക്കാമെന്നാണ് വകുപ്പ് നിലപാട്.
ഇക്കാര്യം ആവശ്യപ്പെട്ട് സ്ഥലം എംഎൽഎയായ വി.കെ.പ്രശാന്തിനെ സമീപിച്ചെങ്കിലും റോഡ് കുഴിക്കാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രദേശവാസികൾ ഇടതടവില്ലാതെ ആവശ്യം ഉന്നയിച്ചപ്പോൾ റോഡ് കുഴിക്കുന്നതിനും മൂടുന്നതിനും ചെലവാകുന്ന 25,000 രൂപ പ്രദേശവാസികൾ പിരിക്കണമെന്നാണ് അനൗദ്യോഗിക ഭാഷ്യം. ഗതികെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ ബന്ധപ്പെട്ടെങ്കിലും റോഡ് കുഴിക്കാൻ ആകില്ലെന്ന് കട്ടായം പറയുകയാണ് അധികൃതർ.
മൈൻഡ് ചെയ്യൂ സർ
വാട്ടർ അതോറിറ്റിയുടെ പേരൂർക്കട ഡിവിഷനു കീഴിലാണ് പ്രദേശം. വാട്ടർ അതോറിറ്റിയുടെ പരാതി പരിഹാര സെല്ലിൽ സംഭവം പലതവണ വിളിച്ചറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ അനങ്ങിയില്ല. വാട്ടർ അതോറിറ്റി ഓവർസിയറെ ഫോണിൽ പരാതി അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ പ്രദേശത്തെ കൗൺസിലർ ഓവർസിയറെ കാര്യം അറിയിച്ചപ്പോഴാണ് തടസം റോഡിനടിയിൽ കൂടിയുള്ള പൈപ്പ് ലൈൻ ചോർച്ചയാണ് എന്ന കാരണം അറിയുന്നത്. കാൻസർ ബാധിതരും വൃദ്ധ ദമ്പതിമാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രദേശവാസികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. പലരും ബന്ധു വീടുകളിൽ അഭയം തേടി. പ്രദേശത്തെ കിണർ വെള്ളം ശുദ്ധമല്ല.
ടാറിടൽ... ഫ്ലക്സ് വയ്ക്കൽ...
രണ്ടര വർഷമായി കുടപ്പനക്കുന്ന് പേരാപൂര് റോഡ് പൊളിഞ്ഞ് കിടക്കുകയായിരുന്നു. ചെറുകുഴികൾ പലതും വൻ കുഴികളാവുകയും പ്രദേശത്തെ യാത്ര ദുസഹമാവുകയും ചെയ്തു. ഒടുവിൽ കഴിഞ്ഞ മാസമാണ് റോഡ് ടാർ ചെയ്തത്. നികുതി അടയ്ക്കുന്ന ജനം രണ്ടര വർഷം അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് പുല്ലുവില നൽകി റോഡ് ടാറിട്ടതിനു ഉദ്ഘാടനം വരെ നടത്തി. ടാറിട്ടതിനു എംഎൽഎയുടെയും കൗൺസിലറുടെയും ഫ്ലക്സ് ബോർഡുകളും പൊങ്ങി. ഇതിനു പിന്നാലെയാണ് നികുതി അടയ്ക്കുന്ന ജനങ്ങളോട് പ്രശ്നം പരിഹരിക്കാൻ അവർ തന്നെ പണം അടയ്ക്കണമെന്ന് പറയുന്നത്. മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുന്ന പ്രദേശവാസികൾ നടപടി ഉണ്ടായില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല എന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങും.