500 വർഷത്തോളം പ്രായമുള്ള ചെമ്പഴന്തിപ്ലാവിന് സുഖചികിത്സ
Mail This Article
തിരുവനന്തപുരം∙ ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീടിനോടു (ചെമ്പഴന്തി ഗുരുകുലം) ചേർന്നുള്ള മുത്തശ്ശിപ്ലാവിന് വൃക്ഷായുർവേദ ചികിത്സയിലൂടെ പുതുജീവൻ നൽകുന്നു. പ്ലാവിനു 300 മുതൽ 500 വർഷം വരെ പ്രായം കണക്കാക്കുന്നു. രണ്ടാൾ പൊക്കമുള്ള തായ്ത്തടിയുടെ കാതൽ നശിച്ചു തുടങ്ങി. ശേഷിക്കുന്ന ശാഖകളിൽ ചക്കയുണ്ടാകാറുണ്ട്. മുത്തശ്ശിപ്ലാവിന്റെ ചുവട് തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനുവിന്റെ നേതൃത്വത്തിലാണ് ചികിത്സ.
വിഴാലരി, പശുവിൻപാൽ, നെയ്യ്, ചെറുതേൻ, കദളിപ്പഴം, പാടത്തെ മണ്ണ്, ചിതൽപുറ്റ്, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, രാമച്ചപ്പൊടി തുടങ്ങി 14 ചേരുവകളുള്ള ഔഷധക്കൂട്ട് തടിയിൽ തേച്ചുപിടിപ്പിച്ച് കോട്ടൺ തുണി കൊണ്ടു പൊതിഞ്ഞുകെട്ടും. 7 ദിവസം തുടർച്ചയായി 3 ലീറ്റർ പാൽ വീതം തടിയിൽ സ്പ്രേ ചെയ്യും. ശിവഗിരിയിലും അരുവിപ്പുറത്തും എത്തുന്ന തീർഥാടകരിലേറെയും വയൽവാരം വീടും മുത്തശ്ശി പ്ലാവും സന്ദർശിച്ചാണ് മടങ്ങുന്നതെന്നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.