കുറുവദ്വീപിൽ ഹിറ്റായി ചങ്ങാട സവാരി; കബനിയിലെ സവാരിക്ക് 4 ചങ്ങാടങ്ങൾ നീറ്റിലിറക്കി
Mail This Article
പുൽപള്ളി ∙ പാക്കം–കുറുവ ഇക്കോടൂറിസം കേന്ദ്രത്തിൽ സഞ്ചാരികളെ ആകർഷിച്ച് ചങ്ങാട സവാരി. കബനിയിലെ കുളിർതെന്നലേറ്റുള്ള സവാരിയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. കാട്ടനശല്യത്തെതുടർന്ന് 7 മാസം അടച്ചിട്ട കുറുവദ്വീപ് കോടതി അനുമതിയോടെ ഒക്ടോബർ 15നാണ് വീണ്ടും തുറന്നത്. സഞ്ചാരികളുടെ എണ്ണം കാര്യമായി കുറച്ചിരുന്നു.കൂടുതൽ സഞ്ചാരികളെ ഉൾക്കൊള്ളാനാണ് ദ്വീപിൽസൗകര്യം വർധിപ്പിച്ചത്. 4 ചങ്ങാടങ്ങൾ ഇപ്പോഴുണ്ട്. ഒന്നിൽ 5 പേർക്ക് സവാരിനടത്താം. 20 മിനിറ്റിന് 400 രൂപ നൽകണം. ചങ്ങാടത്തിലൂടെ വനഭംഗി ആസ്വദിച്ച് കുറുവദ്വീപിന്റെ ഓരങ്ങളിലൂടെ യാത്രചെയ്യാം.
പുതുതായി നിർമിച്ച 4 ചങ്ങാടങ്ങൾ സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ നീറ്റിലിറക്കി. നിബിഡമായ പാക്കം വനപ്രദേശത്തുകൂടി ദ്വീപിലേക്കുള്ള യാത്രയും ജില്ലയ്ക്കുപുറത്തുള്ളവർക്ക് ഏറെ പ്രിയങ്കരമാണ്. ആവശ്യമെങ്കിൽ കൂടുതൽ ചങ്ങാടങ്ങൾ നിർമിക്കുമെന്ന് ചെതലയം റേഞ്ച് ഓഫിസർ എം.കെ.രാജീവ്കുമാർ അറിയിച്ചു. പാക്കംഭാഗത്തുകൂടിയുള്ള പ്രവേശനം പാക്കം–കുറുവ വനസംരക്ഷണസമിതിയും പാൽവെളിച്ചം ഭാഗത്ത് ഡിടിപിസിയുമാണ് നിയന്ത്രിക്കുന്നത്.
7 മാസം ദ്വീപ് അടച്ചത് പ്രദേശത്തെ ഒട്ടേറെ സംരംഭകരെ പ്രയാസത്തിലാക്കിയിരുന്നു. കുറുവ തുറക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനകളും കോടതിയെ സമീപിച്ചിരുന്നു. സർക്കാർ ഇടപെടലിനെ തുടർന്നാണ് ആളെ കുറച്ചെങ്കിലും ദ്വീപ് തുറക്കാൻ തീരുമാനമായത്.മുണ്ടക്കൈ, ചൂരൽമല ദുരന്തത്തെ തുടർന്ന് ജില്ലയിലെ ടൂറിസംമേഖല കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങിയിരുന്നു.വയനാട് സുരക്ഷിതമാണെന്ന ക്യാംപെയ്നുമായി സർക്കാരും ടൂറിസം ഏജൻസികളും രംഗത്തു വന്നതോടെ മാന്ദ്യം മാറിവരുന്നു.