ജനുവരി ഒന്നിനു ശേഷം ഇന്ത്യയിലെ ഈ നഗരത്തിൽ ഭിക്ഷ നൽകിയാൽ വമ്പൻ പിഴ!
Mail This Article
യാചകർക്ക് ഭിക്ഷ നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തി മധ്യപ്രദേശിലെ ഇൻഡോർ. തെരുവുകളെ പരിവർത്തനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്മൈൽ (പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികൾക്കുള്ള ഉപജീവനത്തിനും സംരംഭത്തിനും മുൻഗണന) പദ്ധതിയുടെ ഭാഗമായാണ് ഇത്. 2025 ജനുവരി ഒന്നുമുതലാണ് യാചകർക്ക് ഭിക്ഷ നൽകുന്നതിന് ഇൻഡോറിൽ നിരോധനം നിലവിൽ വരുന്നത്. ഭിക്ഷാടനത്തെ തുടർന്നുണ്ടാകുന്ന സാമൂഹിക - സാമ്പത്തിക പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയാണ് ജില്ല അധികൃതർ ഇത്തരത്തിലൊരു നടപടിക്ക് ഒരുങ്ങുന്നത്. സർക്കാരിന്റെ ഭിക്ഷാവൃത്തി മുക്ത ഭാരത് പരിപാടിയിൽ ഉൾപ്പെടുത്തി ഇൻഡോറിനെ മറ്റ് നഗരങ്ങൾക്കു മാതൃകയാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ 2024 ഫെബ്രുവരിയിലാണ് ഇൻഡോർ ആരംഭിച്ചത്. ഭിക്ഷക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഒരു കൗൺസിലിങ് ക്യാംപയിനോടെയാണ് ഇൻഡോർ ഈ ഉദ്യമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഏകദേശം 300ലധികം വ്യക്തികളെ തടവിലാക്കി ഉജ്ജയിനിലെ സേവധാം ആശ്രമത്തിലേക്ക് അയച്ചു. ഭിക്ഷാടനം ഉപേക്ഷിക്കുമെന്ന് അവിടെ വച്ച് ഇവർ പ്രതിജ്ഞയെടുത്തു. ഡി - അഡിക്ഷൻ ക്യാംപുകളിലേക്കും ക്യാംപയിൻ വ്യാപിപ്പിച്ചു. അതേസമയം, ഈ സംരംഭം കേവലം ഒരു ശിക്ഷാനടപടിയല്ലെന്നും വ്യക്തികളെ പുനരധിവസിപ്പിക്കാനും അവരുടെ അന്തസ്സ് വീണ്ടെടുക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും ജില്ല കളക്ടർ അഷീഷ് സിംഗ് പറഞ്ഞു.
യാചകർക്ക് ഭിക്ഷ നൽകരുതെന്ന് വ്യക്തമാക്കി സെപ്തംബർ മുതൽ ഡിസംബർ വരെ താമസക്കാർക്ക് പ്രത്യേക ബോധവൽക്കരണം നടത്തിയിരുന്നു. ജനുവരി ഒന്നുമുതൽ നിയമം ലംഘിക്കുന്നവർ കർശനമായ നിയമനടപടിക്ക് വിധേയമാകും. യാചകർക്ക് ഭിക്ഷ നൽകിയാലും ശിക്ഷിക്കപ്പെടും. ഭാരതീയ നാഗരിക് സുരക്ഷ സൻഹിതയിലെ സെക്ഷൻ 163 അനുസരിച്ച് നിയമനടപടി നേരിടേണ്ടി വരുമെന്ന് അഷീഷ് സിംഗ് പറഞ്ഞു. 1000 രൂപ പിഴയും ആറു മാസത്തെ തടവുമാണ് നിയമം ലംഘിക്കുന്നവർക്ക് ലഭിക്കുക.
എന്താണ് സ്മൈൽ സ്കീം
ഭിക്ഷാടനം പോലെയുള്ള പ്രശ്നങ്ങൾ കണ്ടെത്തി ആവശ്യമായ ബോധവൽക്കരണം നടത്തി പുനരധിവാസം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സ്മൈൽ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. യാചകരായി ജീവിക്കുന്ന വ്യക്തികളെ അന്തസോടെ ജോലിയെടുത്ത് കഴിയാൻ പ്രാപ്തരാകുകയാണ് ആത്യന്തികമായി ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. അതേസമയം, തടവിലാക്കിയവരിൽ പലർക്കും സ്വന്തമായി കൃഷിഭൂമിയും ബാങ്ക് ബാലൻസും ഉണ്ടെന്നാണ് റിപ്പോർട്ട്.
ഏതായാലും ഇൻഡോറിലേക്ക് ജോലി ആവശ്യങ്ങൾക്കായും വിനോദസഞ്ചാര യാത്രകൾക്കായും പോകുന്നവർ ശ്രദ്ധിക്കുക. ഏതെങ്കിലും യാചകർ മുമ്പിൽ വന്ന് കൈ നീട്ടിയാൽ ഭിക്ഷ നൽകരുത്. നിയമം ലംഘിച്ചാൽ ഭിക്ഷ നൽകിയവരെയും കാത്തിരിക്കുന്നത് 1000 രൂപ പിഴയും തടവുശിക്ഷയുമാണ്.