അഞ്ചു റാങ്ക് ലിസ്റ്റുകളിൽ ഒന്നാം റാങ്ക്; രതീഷിന്റെ വിജയരഹസ്യം അറിയാം

Mail This Article
ഉൾപ്പെട്ട 7 റാങ്ക് ലിസ്റ്റുകളിൽ അഞ്ചിലും ഒന്നാം റാങ്ക്, ഒന്നിൽ രണ്ടാം റാങ്ക്, മറ്റൊന്നിൽ മൂന്നാം റാങ്ക്... രതീഷ് അശോക് റാങ്ക് പടയോട്ടം തുടരുകയാണ്. വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയ്ക്ക് ഏപ്രിൽ 13 നു പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലെ മൂന്നാം റാങ്ക് നേട്ടമാണ് ഒടുവിലത്തേത്.
മൂന്നു കൊല്ലമായി റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ട്രേഡിലെ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ സ്ഥിരം സാന്നിധ്യമാണു രതീഷ്. എറണാകുളം നോർത്ത് പറവൂർ കടവത്ത് റോഡ് രതീഷ് ഭവനിൽ കെ.കെ.അശോകന്റെയും രാജലക്ഷ്മിയുടെയും മകനാണു രതീഷ്. മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് യോഗ്യതകൾ നേടിയ ശേഷമാണു പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്തേക്കിറങ്ങുന്നത്. വീട്ടിലിരുന്നു സ്വയം പഠിച്ചാണ് ഈ സ്വപ്നനേട്ടങ്ങൾ സ്വന്തമാക്കിയത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ആരോഗ്യ വകുപ്പിൽ റഫ്രിജറേഷൻ മെക്കാനിക്, മിൽമയിൽ ടെക്നീഷ്യൻ ഗ്രേഡ്–2, വിഎച്ച്എസ്ഇ ലാബ് അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ എസി മെക്കാനിക് തുടങ്ങിയവയാണു രതീഷ് ഉൾപ്പെട്ട പ്രധാന റാങ്ക് ലിസ്റ്റുകൾ. പെരുമ്പാവൂർ ഗവ.പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ–റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് തസ്തികയിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ. ഭാര്യ ദീപ ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ ഇൻഫർമേഷൻ അസിസ്റ്റന്റാണ്. മകൻ: അഞ്ചാം ക്ലാസ് വിദ്യാർഥി ഗൗതം ആർ പിള്ള.
English Summary: Success Story Of Ratheesh Ashok-Kerala PSC Rank Holder