ADVERTISEMENT

സംരംഭം തുടങ്ങണമെന്ന ആഗ്രഹവുമായി തലപുകയ്ക്കുന്നവർ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ. ആശയം തലയിലുദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും സംരംഭത്തിനു തറക്കല്ലിടാൻ കഴിയാതെ നിരാശപ്പെടുന്നവരാണ് ഏറെയും. മികച്ചൊരു ആശയം മനസ്സിലുണ്ടെങ്കിൽ അവസരം തൊട്ടരികിലുണ്ട്. കണ്ണൂർ ധർമശാലയിലെ മൈസോൺ വരെ ഒന്നുചെന്നോളൂ.. ദേശീയ – രാജ്യാന്തര തലങ്ങളിലേക്ക് ആ ആശയത്തെ കൈപിടിച്ചുയർത്താൻ ലോകോത്തര സംരംഭകർ ഉൾപ്പെടെയുള്ളവർ ഒപ്പംനിൽക്കും.

കർഷകർക്കു ന്യായവില ഉറപ്പാക്കുന്ന ഫാർമേഴ്സ് ഫ്രഷ്സോൺ, വനിതകൾക്കു വീട്ടിലിരുന്നുതന്നെ വസ്ത്രവ്യാപാരിയാവാൻ കഴിയുന്ന ഈവ്, അടുക്കളയും പാചകക്കാരനുമില്ലാതെ ഹോട്ടൽ തുടങ്ങാൻ കഴിയുന്ന കോമൺ കിച്ചൺ, പെട്രോകെമിക്കൽ കമ്പനികൾക്കു സഹായകമായ ടിഇബി സൊല്യൂഷൻസ് തുടങ്ങി രാജ്യാന്തര ശ്രദ്ധനേടിയ എഴുപതിലേറെ സംരംഭങ്ങൾ മൈസോണിന്റെ ചൂടുപറ്റി വളരുന്നുണ്ട്.

MI-Zone1

എന്താണു മൈസോൺ
‌സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന രണ്ട് സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റങ്ങളിൽ ഒന്നാണ് മലബാർ ഇന്നവേഷൻ ഇൻട്രാപ്രണർഷിപ്പ് സോൺ (Mizone). കൊച്ചിയിലാണു മറ്റൊന്നുള്ളത്. സംരംഭകർ, പൊതുമേഖല സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി കൈകോർത്താണു മൈസോൺ പ്രവർത്തിക്കുന്നത്. 

ആരോഗ്യം, കൃഷി, ജലം, ശുചീകരണം, ഇലക്ട്രോണിക്സ് തുടങ്ങി ഏതു മേഖലകളിൽ നിന്നുമുള്ള ആശയത്തെയും സംരംഭമായി മാറ്റാം. കൈത്തറി, ഫർണിച്ചർ, പ്ലൈവുഡ്, കൃഷി  തുടങ്ങി മലബാറിലെ പരമ്പരാഗത മേഖലകളിലെ വ്യവസായങ്ങളുടെ ഉന്നമനവും രാജ്യാന്തര – ദേശീയ തലത്തിലുള്ള വളർച്ചയും മൈസോണിന്റെ ലക്ഷ്യമാണ്.

മൈസോണിൽ എന്തെല്ലാം
സംരംഭം തുടങ്ങാൻ എടുത്തുചാടുന്നവരിൽ ഏറെയും ആദ്യം ചെയ്യുന്നത് ഓഫിസ് സജ്ജമാക്കുകയാവും. വാടകയ്ക്കു മുറിയെടുത്ത്, നാലഞ്ചു കംപ്യൂട്ടറും വാങ്ങി ബോർഡും സ്ഥാപിച്ച് പ്രവർത്തനം തുടങ്ങുമ്പോഴേക്കും അഞ്ചോ പത്തോ ലക്ഷം ചെലവായിട്ടുണ്ടാവും. 

പ്രതിമാസം മൂവായിരം രൂപ നിരക്കിൽ ഓഫിസ് സൗകര്യവും (സീറ്റ്), വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. വിവിധ വലിപ്പത്തിലുള്ള കോൺഫ്രൻസ് ഹാളുകൾ, കന്റീൻ സൗകര്യങ്ങളുമുണ്ട്.

സംരംഭത്തിന്റെ വിജയത്തിന് ആവശ്യമായ വിപണി ബന്ധം, പ്രഫഷനൽ ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും അനുഭവപരിചയമുള്ള കൈത്താങ്ങ് എന്നിവയും ഇൻക്യുബേഷൻ സെന്റർ നൽകുന്നു. 

വ്യവസായ പ്രമുഖർ, പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിക്ഷേപ സമൂഹം, മെന്റർമാർ, സാങ്കേതിക വിദഗ്ദർ, കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ വിപുലമായ ശൃംഖല, പിന്തുണ എന്നിവയും ഉറപ്പ്.

എവിടെയാണു മൈസോൺ
കണ്ണൂർ മാങ്ങാട്ട് പറമ്പിൽ അ‍ടഞ്ഞു കിടന്നിരുന്ന കേരള ക്ലേസ് ആൻഡ് സിറാമിക്‌സ് പ്രോഡക്ട്സ് ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനത്തിന്റെ ഫാക്ടറി നിന്നിരുന്ന സ്ഥലത്താണു മൈസോൺ പ്രവർത്തിക്കുന്നത്. 25000 ചതുരശ്രഅടി വലുപ്പത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ഇൻക്യൂബേഷൻ സെന്റർ ആണ് മൈസോൺ. 305 സീറ്റുകൾ ഉള്ള ഇൻക്യൂബേറ്ററിൽ ഇതിനകം 70 സ്റ്റാർട്ട് ആപ്പ് കമ്പനികൾ പ്രവർത്തിക്കുന്നു. 

മലബാർ ഏഞ്ചൽസ് എന്ന പേരിൽ കേരളത്തിലെ ആദ്യ ഏഞ്ചൽ നെറ്റ്‌വർക്ക് ഇതിന്റെ ഡിവിഷൻ ആയി പ്രവർത്തിക്കുന്നു എന്നതും മൈസോണിന്റെ പ്രത്യേകതയാണ്.

subhash
മൈസോൺ എംഡി കെ.സുഭാഷ് ബാബു

പിന്നിലുണ്ട് മുൻനിര
രാജ്യാന്തരപ്രശസ്തരായ മലബാറുകാരാണ് മൈസോണിൽ എത്തുന്ന നവസംരംഭകരെ കൈപിടിച്ചുയർത്തുന്നത്. റിഡിഫ് സ്ഥാപകൻ അജിത്ത് ബാലകൃഷ്ണൻ, ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായിരുന്നു ശിലേൻ സഗുണൻ, വിപ്രോ സിഇഒ ആയിരുന്ന പി.കെ.ഗോപാലകൃഷ്ണൻ, നാഗരാജ പ്രകാശം (ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്ക്), കെ.രവീന്ദ്രൻ (മുൻ സിഇഒ, ഐബിഎം ഇന്ത്യ), അനീഷ് കുമാർ (എംഡി, ബാങ്ക് ഓഫ് ന്യൂയോർക്ക്), ഡോ.സേതുമാധവൻ (ഡയറക്ടർ ഓഫ് എജ്യുക്കേഷൻ, യുഎൽസിസിഎസ്), ശിവരാജ രാമനാഥൻ (സ്ഥാപകൻ, നാറ്റീവ് ലീഡ്സ് ഫൗണ്ടേഷൻ) തുടങ്ങിയവരെല്ലാം മാർഗനിർദേശങ്ങളുമായി ഒപ്പമുണ്ട്. ബിസിനസ് ടെക്നോളജി റിസർച്ച് ആൻഡ് അനലിറ്റിക്സ് സെന്റർ സിഇഒ ആയ കെ.സുഭാഷ് ബാബുവാണ് മൈസോണിന്റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിക്കുന്നത്. 9846113263, admin@mizone.in.

മൈസോണിന്റെ ചൂടുപറ്റി ഇവർ

ewe
റെയ്മണ്ട്സ് മുൻ പ്രസിഡന്റ് റോബർട്ട് ലൂബോയ്ക്കൊപ്പം ഈവ് സാരഥി സംഗീതയും ഭർത്താവ് അഭയനും

ഈവ്
സംഗീതയെന്ന നീലേശ്വരം സ്വദേശിനി വസ്ത്രമേഖലയിൽ തുടക്കമിട്ട എംപവർമെന്റ് ഓഫ് വിമൻ എന്റർപ്രണർഷിപ്പ് (ഈവ്) എന്ന സംരംഭത്തിനു മാർഗനിർദേശവുമായി മൈസോണിൽ എത്തിയത് റെയ്മണ്ട്സ് മുൻ പ്രസിഡന്റ് റോബർട്ട് ലൂബോ. ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സംയോജിപ്പിച്ചു സ്ത്രീകളുടെ സഹായത്തോടെ വസ്ത്രവിപണനമാണ് ഈവ് ചെയ്യുന്നത്. നെയ്ത്ത്, ഡിസൈനിങ്, തയ്യൽ, വിപണനം എന്നിവയെല്ലാം ചേർന്നുള്ള ശ്രേണിയാണ് ഈവ് സജ്ജമാക്കിയിരിക്കുന്നത്. മുന്നൂറിലേറെ സ്ത്രീകൾക്കു ജോലി നൽകാൻ ഇവർക്കു കഴിയുന്നു. വിപണനശാലകളോ സ്റ്റോക്കിങ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ചെറിയ ലാഭമെടുത്തു വിൽക്കാൻ സാധിക്കുന്നു. ഏറ്റവും പുതിയ ഫാഷൻ അതിവേഗം കൈകളിലെത്തുമെന്നത് ഉപഭോക്താക്കൾക്കും നേട്ടമാണ്.

ഗു‍‍ഡ് ഫുഡ്
ഹോട്ടൽ മേഖലയിൽ കാൽനൂറ്റാണ്ടിന്റെ അനുഭവ പരിചയവുമായാണ് സന്തോഷ് ചങ്ങാട്ട് ഗുഡ് ഫുഡ് എന്ന ബ്രാൻഡിൽ 3 സ്ക്വയർഫുഡ് പ്രോഡക്ട്സ് എന്ന സംരംഭം തുടങ്ങാൻ മൈസോണുമായി കൈകോർത്തത്. അഞ്ചാംപീടികയിൽ 2500 ചതുരശ്രഅടിയിൽ കോമൺ കിച്ചൺ ഒരുക്കി. അടുക്കളയും പാചകക്കാരനുമില്ലാതെ ഹോട്ടലുകൾ‍ തുടങ്ങാൻ ഗുഡ് ഫുഡ് സഹായിക്കും. എല്ലാതരം വിഭവങ്ങളും ഇവിടെ പാചകം ചെയ്ത് എത്തിക്കും. 

ഭക്ഷണം വിളമ്പിക്കൊടുത്താൽ മാത്രം മതിയാവും. ഓൺലൈനിൽ ഓർഡർ സ്വീകരിച്ചുള്ള ഭക്ഷണ വിതരണം, കാറ്ററിങ്, ഓർഗാനിക് ഫുഡ്, ഹൈജീനിക് തട്ടുകടകൾ തുടങ്ങി ഒട്ടേറെ പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നു.

ടിഇബി സൊല്യൂഷൻസ്
പെട്രോളിയം കമ്പനികൾ ഏറെ താൽപര്യത്തോടു ചേർത്തു നിർത്തുകയാണ് തൊടുപുഴ സ്വദേശിയായ നജീബ് നാരായണന്റെ ടെക്നോളജി എനേബിൾഡ് ബിസിനസ് സൊല്യൂഷൻസ് ഈ സംരംഭം. പെട്രോൾ ബങ്കുകളിൽ സ്റ്റോക്ക് കാലിയായി വിൽപ്പന നിലയ്ക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഇന്ധന വിതരണം കാര്യക്ഷമമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ സംവിധാനമാണിത്. 

എണ്ണ കമ്പനികൾക്കു പുറമെ കെമിക്കൽ, ലൂബ്രിക്കന്റ് മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് നജീബ്. മൈക്രോസോഫ്റ്റിന്റെയും കർണാടക സർക്കാരിന്റെയും ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ഇവരെത്തേടി എത്തി.

Farmers_fresh
ഫാർമേഴ്സ് ഫ്രഷ് സോണിന്റെ വിളവെടുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിക്കുന്നു

ഫാർമേഴ്സ് ഫ്രഷ് സോൺ
എത്രവിലയിടിഞ്ഞാലും കർഷകർക്കു പ്രദീപ് ന്യായവില ഉറപ്പാക്കും. ഇവരിൽ നിന്നു ശേഖരിക്കുന്ന പച്ചക്കറികൾ, ലാബിൽ പരിശോധിച്ച് വിഷമില്ലെന്ന് ഉറപ്പാക്കി ഉപഭോക്താക്കളിലെത്തിക്കുന്ന സംവിധാനമാണു ഫാർമേഴ്സ് ഫ്രഷ് സോൺ. തൃശ്ശൂർ മറ്റത്തൂർ സ്വദേശിയായ പി.എസ്.പ്രദീപിന്റെ സംരംഭത്തിന് 55 ലക്ഷം രൂപ മൈസോണിന്റെ ഭാഗമായ മലബാർ ഏഞ്ചൽസ് വഴി ലഭിച്ചു. 1100 കർഷകരാണു പ്രദീപിനുവേണ്ടി കൃഷി ചെയ്യുന്നത്. 

ഗുണനിലവാരമുണ്ടെന്ന് ഉറപ്പുള്ളതിനാൽ ന്യായവില നൽകി വാങ്ങാൻ ഉപഭോക്താക്കൾക്കു മടിയില്ല. ഓൺലൈൻ വിപണിക്കു പുറമെ എറണാകുളത്തു മൂന്നു വിപണന കേന്ദ്രങ്ങളും ഇവർക്കുണ്ട്. കർഷകരുടെ എണ്ണം 4000–5000 എന്നനിലയിലേക്ക് ഉയർത്താനും എല്ലാ ജില്ലകളിലും സ്റ്റോറുകൾ തുറക്കാനും ഒരുങ്ങുകയാണു പ്രദീപ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com