ADVERTISEMENT

ഓരോ ദിവസവും ഡോക്ടർമാർക്കു സമ്മാനിക്കുന്നത് പുതിയ അനുഭവങ്ങളാണ്; അത്യാസന്ന നിലയിൽ വരുന്നവർ മുതൽ ചെറിയ ജലദോഷ പനിയുമായി വരുന്നവർ വരെ. രോഗിയോടൊപ്പം വരുന്ന ബന്ധുക്കളുടെ പെരുമാറ്റം ചില നേരങ്ങളിൽ ചിരിക്കും ചിന്തയ്ക്കും വക നൽകും. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഡോ. സാജൻ ടി.അലക്സ്.

മൂന്നു വർഷം മുൻപ് നടന്ന സംഭവമാണ്. ഉച്ചയക്ക് മൂന്നു മണി മുതൽ ഒപി വീണ്ടും സജീവമാകും. ഒപിയിൽ രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ അത്യാഹിത വിഭാതത്തിൽനിന്നു സിസ്റ്റർ ഓടി വന്നു. തുടർന്നുള്ള സംഭാഷണം ഇങ്ങനെയായിരുന്നു:

സിസ്റ്റർ :  ഡോക്ടർ, ശ്വാസം മുട്ടലുമായി ഒരാൾ വന്നിട്ടുണ്ട്. തീരെ സുഖമില്ല.  

ഞാൻ അത്യാഹിത വിഭാഗത്തിൽ എത്തുമ്പോൾ നാൽപത്തിയഞ്ച് വയസ്സുവരുന്ന, വിയർത്തൊലിച്ച മുഖവുമായി ക്ഷീണിതയായ ഒരു സ്ത്രീ. ഒപ്പം ഭർത്താവും മകനും അരഡസൻ ബന്ധുക്കളും. 

ഞാൻ : എന്തുപറ്റി ചേച്ചി ?

ചേച്ചി : പെട്ടെന്ന് ഒരു ശ്വാസംമുട്ടൽ. ആകെ ക്ഷീണം തോന്നുന്നു.

ഞാൻ : സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?

ചേച്ചി : ഇല്ല, ഇവിടെ എത്തിയപ്പോൾ നല്ല കുറവുണ്ട്.

വെപ്രാളത്തിന്റെ ഭാഗമായി ഹൃദയമിടിപ്പ് കൂടു എന്നതൊഴിച്ചാൽ ബാക്കി എല്ലാം നോർമൽ.

ചേട്ടൻ (ചേച്ചിയുടെ ഭർത്താവ്) :  വീട്ടിൽ വച്ചാ ശ്വാസം മുട്ടൽ വന്നേ. വണ്ടി വിളിച്ച് പാതി വഴി വരും വരെ നല്ല കൂടുതലായിരുന്നു. ഇവിടെ എത്തിയപ്പോഴേക്കും കുറഞ്ഞു.

ഞാൻ : തുടങ്ങിയിട്ട് എത്ര നാളായി?

മകൻ : 3, 4  മാസമായി.

ഞാൻ : വീട്ടിൽ ആർക്കെങ്കിലും ഇൗ രോഗം ഉണ്ടോ?  

ചേച്ചി : ഇല്ല. നേരത്തേ ശ്വാസംമുട്ടലും ക്ഷീണവും വന്നപ്പോൾ എല്ലാ ടെസ്റ്റും ചെയ്തതാ. ടെൻഷൻ ആണെന്നു പറഞ്ഞു. അന്ന് എക്സ്റേ, ഇസിജി എല്ലാം നോക്കി. കുഴപ്പങ്ങളൊന്നുമില്ല. എല്ലാം നോർമലാണ്. 

ഭർത്താവിനെയും മകനെയും ബന്ധുക്കളെയും പുറത്തിറക്കി. ഇപ്പോൾ ഞാനും രോഗിയും സിസ്റ്ററും മാത്രം.  ഞങ്ങൾ രോഗിയോട് വിശദമായി ചോദിച്ചറിയാൻ തീരുമാനിച്ചു. 

ഞാൻ : ഇന്ന് എന്ത് ചെയ്തുകൊണ്ടിരുന്നപ്പോളാണ് ശ്വാസംമുട്ടൽ തോന്നിയേ?

ചേച്ചി : രാവിലെ തിരുവല്ല വരെ പോയി. വന്നിട്ട് ഡ്രസ്സ് മാറാൻ റൂമിൽ കയറിയതും പെട്ടെന്ന് ബുദ്ധിമുട്ട് തോന്നി.

ഞാൻ : ഉറക്കം ഒക്കെ ഉണ്ടോ?

ചേച്ചി  : രണ്ടു ദിവസമായിട്ട് ജനൽ തുറന്നാ കിടന്നുറങ്ങുന്നത്. അതുകൊണ്ടൊന്നു മയങ്ങും.

ഞാൻ : മുൻപ് ശ്വാസംമുട്ടൽ വന്നപ്പോൾ എവിടെയായിരുന്നു?

ചേച്ചി : ലിഫ്റ്റിൽ വെച്ച് ഒരു തവണ ഇങ്ങനെ തോന്നി. ബാത്റൂമിൽ കയറി വാതിൽ അടയ്ക്കുമ്പോഴും ഇങ്ങനെ തോന്നാറുണ്ട്. അപ്പോഴേ ഞാൻ വാതിൽ തുറന്നിടും.

ഞാൻ : ചേട്ടൻ ഇതൊക്കെ കാണാറില്ലേ?

ചേച്ചി : കുറച്ചു ദിവസമായി ഞാൻ വീട്ടിൽ ഒറ്റയ്ക്കാ.

അടച്ചിട്ട അല്ലെങ്കിൽ ഇടുങ്ങിയ സ്ഥലങ്ങളിൽ ചേച്ചിക്ക് പോകാൻ ഭയമാണ് എന്ന് കൂടുതൽ ചോദിച്ചതിൽനിന്നു മനസ്സിലായി. ഞാൻ എന്റെ നിഗമനത്തിൽ എത്തിച്ചേർന്നു. 

ക്ലോസ്ട്രോഫോബിയ. അതായത് അടച്ചിട്ട മുറികളിലോ ഇടുങ്ങിയ സ്ഥലങ്ങളിലോ പോകുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥ. ഇടുങ്ങിയ മുറിയിലോ ലിഫറ്റിലോ ഇടനാഴിയിലോ ഒക്കെ ആയിരിക്കുമ്പോൾ തോന്നുന്ന നിയന്ത്രിക്കാനാവാത്ത ഭയം. പലരും പലതരത്തിലുള്ള ലക്ഷണങ്ങളാവും പ്രകടിപ്പിക്കുക. വിയർക്കുക, കൈകാലുകൾ തളരുക, നെഞ്ചിൽ ഭാരം തോന്നുക അങ്ങനെ പലതും.

ചേട്ടനോടും മകനോടും സാവധാനം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. അവരുടെ മുഖം മാറി.

ചേട്ടൻ : പറയുന്നത് അവൾക്ക് ഭ്രാന്താ എന്നാണോ?

ഞാൻ: അങ്ങനെയല്ല ചേട്ടാ. കേട്ടിടത്തോളം കൂടുതലായുള്ള ഭയം അല്ലെങ്കിൽ ഉത്കണ്ഠ. ഒരു സൈക്യാട്രിക് കൗൺസലിങ് നൽകിയാൽ നന്നായിരിക്കും.

മകൻ : ഇങ്ങനെയൊക്കെ അസുഖമുണ്ടോ? ഡോക്ടർ പറഞ്ഞ പേരു തന്നെ കേട്ടിട്ട് എന്തോ പോലെ തോന്നുന്നു,

എന്തോ ഒന്ന് ആലോചിച്ചശേഷം. ചേട്ടൻ (മകനോട്)  : നീ അമ്മയെ വിളിച്ചേ.

ക്ഷീണമെല്ലാം മാറി ഊർജ്ജസ്വലമായി തന്നെ ചേച്ചി ക്യാബിനിലേക്ക് കയറി വന്നിരുന്നു. ചേച്ചിയുടെ ദേഷ്യത്തെപ്പറ്റിയും ഭക്ഷണം കഴിക്കാത്തതിനെപ്പറ്റിയും ചേട്ടൻ കുറെ നേരം സംസാരിച്ചു. 

ചേട്ടൻ : ഡോക്ടറേ, പറഞ്ഞ പോലെ ആയിരുന്നെങ്കിൽ ഈ അടഞ്ഞ മുറിയിൽ ഇരിക്കുമ്പോൾ ബുദ്ധിമുട്ട് വരണ്ടേ?

ഞാൻ : എപ്പോഴും വേണമെന്ന് നിർബന്ധമില്ല.

ചേട്ടൻ : (അൽപം ദേഷ്യത്തോടെ) വന്നില്ലല്ലോ? അപ്പോ പറഞ്ഞതൊന്നുമല്ല. ഇനിയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ ആളുകളോട് പറയരുത്. ഞങ്ങളായതു കൊണ്ട് ഇപ്പോ കൂടുതൽ പറയുന്നില്ല.

എനിക്ക് വല്ലാതെ വേദന തോന്നിയ നിമിഷമായിരുന്നു അത്.

ഞാൻ മറുപടി പറയും മുൻപ...

ചേച്ചി : അതേ... (ചേച്ചി  പതുക്കെ വിയർത്തുതുടങ്ങിയിട്ടുണ്ട്. അസ്വസ്ഥയാണ്) എനിക്ക് ഇവിടെ ഇരിക്കാൻ വയ്യ. പുറത്തിരിക്കാം. മരിക്കാൻ പോകുന്ന പോലെ തോന്നുന്നു.

ഞാൻ : ചേച്ചി മുറിയുടെ വെളിയിൽ  ഇരുന്നോ

ചേച്ചി പുറത്തേക്ക് പോയി. അൽപനേരത്തെ മൗനത്തിനു ശേഷം.

ചേട്ടൻ : സാറിനു നന്നായി അറിയുന്ന സൈക്രാട്ടറിസ്റ്റ് ആരെങ്കിലുമുണ്ടോ? പുറത്ത് ആരും അറിയരുതേ..

Career Work Experience Series - Dr. Sajan T Alex Memoir
ഡോ. സാജൻ ടി.അലക്സ്

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Dr. Sajan T Alex Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com