ADVERTISEMENT

കുറേ വർഷങ്ങൾ ജോലി ചെയ്യുന്ന ഏതൊരു വ്യക്തിക്കും കടുത്ത നിരാശയും വിരസതയും തോന്നാം. എന്നാൽ, നിസ്സാരമെന്നു പറഞ്ഞ് ഇവയെ അവഗണിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും. സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായുള്ള ബന്ധം വഷളാകുമെന്നു മാത്രമല്ല, നന്നായി ജോലി ചെയ്യാൻ കഴിയാതെയുമാകും. ഇത്തരം സാഹചര്യങ്ങളിൽ രാജി മാത്രമല്ല, ഒരേയൊരു പരിഹാരം. ജോലിയിലെ താൽപര്യം പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ഒട്ടേറെ മാർഗങ്ങളിലൂടെ ജോലി തുടരാനും സന്തോഷപ്രദമായി ജീവിക്കാനും കഴിയും, 

Read Also : ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്, തെറ്റില്ലാത്ത സിവി തയാറാക്കാം

1. ക്രോസ് ട്രെയ്ൻ 

സ്ഥാപനത്തിലെ ഒരു വിഭാഗത്തിൽ മാത്രമായി വർഷങ്ങളോളം ജോലി ചെയ്യുന്നതായിരിക്കും ഒരുപക്ഷേ പ്രശ്നങ്ങളുടെ കാരണം. മേലുദ്യോഗസ്ഥനുമായി സംസാരിച്ച ശേഷം രണ്ടാഴ്ചയോ അതിൽ കൂടുതലോ നീളുന്ന മാറ്റത്തിനു ശ്രമിക്കുക. ഒരു കായിക ഇനത്തിൽ പൂർണമായും ശ്രദ്ധിച്ചു മുന്നോട്ടുപോകുന്ന താരം ഇടയ്ക്ക് വ്യത്യസ്തമായൊരു ഇനം പരീക്ഷിക്കുന്നതുപോലെയാണ് ഇത്. സ്ഥാപനത്തിലേക്കു തൊഴിലാളികളെ നിയമിക്കുന്ന ഉദ്യോഗസ്ഥനനാണെന്നു കരുതുക. ഇടയ്ക്കൊരു മാറ്റത്തിനു വേണ്ടി പുതിയ ഉദ്യോഗാർഥികളുടെ പരിശീലനത്തിന്റെ ചുമതല ഏറ്റെടുക്കാവുന്നതാണ്. ഇത്തരം ചെറിയ മാറ്റങ്ങൾ പോലും വലിയ ഫലങ്ങൾ കൊണ്ടുവരും. വിരസത ഒഴിയുമെന്നു മാത്രമല്ല, പുതിയ ഓജസ്സോടെയും ഉണർവോടെയും ജോലിയിൽ മുന്നോട്ടുപോകാനുമാകും. 

 

2. സഹായം അവഗണിക്കരുത് 

സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്ന മുതിർന്ന സഹപ്രവർത്തകനുമായി സംസാരിച്ച് പ്രശ്നത്തിനു പരിഹാരം കാണാൻ ശ്രമിക്കാവുന്നതാണ്. മുതിർന്ന സഹപ്രവർത്തകർക്ക് അനുഭവ പരിചയം കൂടുതലായിരിക്കും. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ അവർക്ക് സഹായിക്കാനും അതുവരെ ചിന്തിക്കാത്ത പുതിയൊരു വഴിയിലേക്കു നയിക്കാനും കഴിഞ്ഞേക്കാം. 

സ്ഥാപനം തന്നെ ഏർപ്പെടുത്തുന്ന മോട്ടിവേഷനൽ പദ്ധതികളാണ് മറ്റൊരു പരിഹാരം. ഇത്തരം പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കാനുള്ള നിർദേശം സമർപ്പിക്കാവുന്നതാണ്. വിശ്രമമില്ലാതെ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്നു എന്നതായിരിക്കും ചിലപ്പോൾ പ്രധാന പ്രശ്നം. ഇത് മേലുദ്യോഗസ്ഥനും അറിയേണ്ട വിഷയമാണ്. കസ്റ്റമേഴ്സിനെ നേരിടുന്നതിലെ പ്രശ്നങ്ങളായിരിക്കും ചിലരെ തളർത്തുന്നത്. നിരന്തരമായി പരാതികളും അവയ്ക്കുള്ള പരിഹാരങ്ങളുമായി ദിവസം നീളുമ്പോൾ സ്വാഭാവികമായി മടുപ്പും അലസതയും വരാം. ഇത്തരം പ്രശ്നങ്ങൾ തുറന്നു സംസാരിക്കുകയും മാറ്റത്തിനുള്ള അവസരം ഉപയോഗിക്കുകയും ചെയ്താൽ, ജോലി രാജി വയ്ക്കാതെതന്നെ പ്രശ്നം പരിഹരിച്ച് മന്നോട്ടുപോകാൻ കഴിയും. 

 

3. പഠനം തുടരുക 

താൽപര്യമുള്ള വിഷയങ്ങളിൽ പഠനം തുടരുക എന്നത് നല്ലൊരു മാർഗമാണ്. ഏറെ താൽപര്യം തോന്നിയതും എന്നാൽ പകുതിക്കുവച്ച് നിർത്തിയതുമായ വിഷയങ്ങൾ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. ചില സ്ഥാപനങ്ങൾ ജീവനക്കാർക്ക് ജോലി സമയമത്തിനു പുറമേ, പഠിക്കാനുള്ള അവസരങ്ങളും നൽകുന്നുണ്ട്. ഇത്തരം അവസരങ്ങളുണ്ടെങ്കിൽ അവ പാഴാക്കരുത്. ജോലി ചെയ്യാനും കൂടുതലായി ഇടപെടാനും താൽപര്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളിലും വർക് ഷോപ്പുകളിലും പങ്കെടുക്കുക. കംപ്യൂട്ടർ റിപ്പയർ ടെക്നീഷ്യനായി ജോലി ചെയ്യുന്ന വ്യക്തിക്ക് ഇടയ്ക്ക് വെബ് ഡിസൈൻ സെമിനാറുകളിൽ പങ്കെടുക്കുന്നതിലൂടെ ജോലിയിലെ മടുപ്പ് ഒഴിവാക്കാം. 

 

4. സന്നദ്ധസേവനം 

ഒരു ജോലിയിൽ തന്നെ തളിച്ചിടാനുള്ളതല്ല ആരുടെയും ജീവിതം. എല്ലാ ദിവസവും ജോലി മാത്രമായി മുന്നോട്ടുപോകുന്നവർക്ക് കുറച്ചുകഴിയുമ്പോൾ സ്വാഭാവികമായി പ്രശ്നങ്ങൾ സംഭവിക്കാം. സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതാണ് മികച്ച ഒരു പോംവഴി. നാട്ടിലോ സ്ഥാപനത്തിലോ ഉള്ള വീടില്ലാത്ത വ്യക്തിക്ക് വീട് നിർമിച്ചുകൊടുക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാം. ചികിത്സാ സഹായം എത്തിക്കാനുള്ള പദ്ധതിയുടെ ഭഗമാകാം. തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചുനൽകുന്ന ഒട്ടേറെ സംഘടനകളുണ്ട്. ഇവർക്കൊപ്പം ചേർന്നു പ്രവർത്തിക്കാവുന്നതാണ്. ഇത്തരം പ്രവർത്തനങ്ങളെല്ലാം സമൂഹത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നവയാണ്. സഹായം വേണ്ടവരും പരിഗണന അർഹിക്കുന്നവരുമായ ഒട്ടേറെപ്പേർ നമുക്കു ചുറ്റുമുണ്ടെന്ന തിരിച്ചറിവ് തന്നെ ജോലിയിലും ജീവിതത്തിലും മറ്റുള്ളവരെ സഹായിച്ച് മുന്നോട്ടുപോകാൻ സഹായിക്കും. 

 

5. ഷെഡ്യൂൾ മാറ്റം

മേലുദ്യോഗസ്ഥരുമായി സംസാരിച്ച് ഷെഡ്യൂളിൽ മാറ്റത്തിനു ശ്രമിക്കുക. ഒറ്റ ഷെഡ്യൂളിൽ വർഷങ്ങളോളം ഒരേ രീതിയിൽ പ്രവർത്തിക്കുന്നത് ഏതൊരു വ്യക്തിയെയും തളർത്തും. ജോലിയിലുള്ള എല്ലാ താൽപര്യവും ഇല്ലാതാക്കാനും ഇതു കാരണമാകും. വർക് ഷെഡ്യൂളിൽ ചെറിയ മാറ്റമെങ്കിലും വരുത്തിത്തരാൻ മേലുദ്യോഗസ്ഥരോട് സംസാരിക്കുന്നത് നല്ലതാണ്. ജോലിക്കു പുറമേ, ഞായറാഴ്ച ദിവസം മുഴുവൻ നീളുന്ന ക്ലാസ്സിൽ പങ്കെടുക്കുന്ന വ്യക്തിയാണെങ്കിൽ തിങ്കളാഴ്ച ജോലിക്കെത്തേണ്ട പതിവു സമയം മാറ്റിത്തരാൻ ആവശ്യപ്പെടാവുന്നതാണ്. 

 

6. ബ്രേക്ക് 

ജോലിക്കിടെ ഇടവേളകൾ എടുക്കുക. നടക്കാൻ പോകുന്നതും സുഹൃത്തുക്കളെ സന്ദർശിക്കുന്നതും വ്യത്യസ്ത ഡിപ്പാർട്മെന്റുകളിൽ പ്രവർത്തിക്കുന്നതുമൊക്കെ നവോൻമേഷം പകരുന്ന അനുഭവങ്ങളാണ്. പുറത്തൊരു കടയിൽ പോയി ചായ കുടിക്കുന്നതുപോലും നഷ്ടപ്പെട്ട ഊർജം തിരിച്ചുകിട്ടാൻ സഹായിക്കും. ഉച്ചയൂണ് കഴിഞ്ഞ് തിരിച്ച് കസേരയിലെത്തി ജോലി തുടങ്ങുന്നതിനു മുമ്പേ അൽപനേരം പാർക്കിൽ ചെലവഴിക്കുക. അടുത്ത സുഹൃത്തിനോട് സംസാരിക്കാൻ സമയം കണ്ടെത്തുക. 

 

7. മാറാനും മടിക്കരുത് 

നിരാശ കൂടുകയും നിലവിലെ ജോലിയിൽ ഒരു നിമിഷം പോലും തുടരാൻ ആവില്ലെന്നും ബോധ്യപ്പെടുകയും ചെയ്താൽ ജോലി മാറാൻ ശ്രമിക്കുക. നിലവിലെ സ്ഥാപനത്തിൽ‌ തന്നെ മറ്റേതെങ്കിലും വിഭാഗത്തിൽ അനുയോജ്യമായ ജോലിയുണ്ടെങ്കിൽ അതിനുവേണ്ടി ശ്രമിക്കാവുന്നതാണ്. നിലവിലെ ജോലിയുടെ ഭാഗമായി ഏറ്റെടുത്ത ചെയ്ത എല്ലാ പ്രോജക്ടുകളുടെ വിവരങ്ങളും അടങ്ങിയ റെസ്യൂമെ അപ്ഡേറ്റ് ചെയ്തുവയ്ക്കാൻ ശ്രദ്ധിക്കണം. മികച്ച ജോലി ലഭിക്കാൻ മികച്ച റെസ്യൂമെ അത്യാവശ്യമാണ്. പെട്ടെന്നൊരു ജോലി കണ്ടെത്തുക എന്നതായിരിക്കരുത് ലക്ഷ്യം. ആഴ്ചകളും മാസങ്ങൾ തന്നെയുമെടുത്ത് മികച്ച ജോലിക്കായി എല്ലാ വാതിലുകളും മുട്ടിനോക്കുക. നിലവിലെ ജോലിയിൽ നിന്നു വ്യത്യസ്തവും കുറേക്കൂടി നന്നായി പ്രവർത്തിക്കാൻ അവസരമുള്ളതും കൂടുതൽ വെല്ലുവിളികളുള്ളതുമായ ജോലി തന്നെ തിരഞ്ഞെടുക്കണം. 

 

Content Summary : Before you impulsively quit your job, do these Seven things

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com