മാർക്കറ്റിങ്ങിൽ പുലിയാകാൻ 5 വഴികൾ
Mail This Article
ഏറ്റവും കൂടുതൽ ചലനാനാത്മകമായ മേഖലകളിലൊന്നാണ് മാർക്കറ്റിങ്. ഓരോ ദിവസവും വെല്ലുവിളികൾ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇതിനു പ്രധാന കാരണം. ഒരു വർഷം മുമ്പ് പോലും വിജയിച്ച തന്ത്രങ്ങൾ ഇന്നു വിജയിക്കണമെന്നില്ല. ദിവസേനയെന്നോണം പദ്ധതികളും ആശയങ്ങളും മാറിക്കൊണ്ടിരിക്കുന്നതിനാൽ നിരന്തരം നവീകരിക്കുന്ന വ്യക്തിക്കു മാത്രമേ മുന്നോട്ടുവരാനാവൂ.
ചീഫ് മാർക്കറ്റിങ് ഓഫിസർ എന്നത് ഉന്നതമായ പദവിയാണ്. അതുവരെയെത്താൻ വർഷങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും അനുകൂല സാഹചര്യങ്ങളുമുൾപ്പെടെ വേണം. എന്നാൽ ആ പദവിയിൽ തുടരുക എന്നത് അതിലേറെ വെല്ലുവിളി നിറഞ്ഞതാണ്. മാർക്കറ്റിങ് രംഗത്തു പ്രവർത്തിക്കുന്ന പലരും പുതിയ കോഴ്സുകൾ പഠിച്ചും പരിശീലിച്ചുമൊക്കെയാണ് പലപ്പോഴും മാറുന്ന കാലത്തെ നേരിടുന്നതും പുതിയ കാലത്തിനൊത്ത് പിടിച്ചുനിൽക്കാൻ പാടുപെടുന്നതും. എംബിഎ ഇല്ലാത്ത വ്യക്തിയാണെങ്കിൽ പുതുതായി കോഴ്സ് പഠിച്ചു വിജയിച്ചും വ്യത്യസ്ത വിഷങ്ങളിലെ കോഴ്സുകൾ തിരഞ്ഞു കണ്ടുപിടിച്ചു പഠിച്ചും പരിശീലിച്ചും പലരും പുതിയ അറിവുകളും വൈദഗ്ധ്യങ്ങളും നേടുന്നു.
മാർക്കറ്റിങ് രംഗത്ത് നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്ന 5 വഴികൾ പരിചയപ്പെടാം.
1. പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുക
ആശ്വാസ പ്രദമായ തസ്തികയിൽ ജോലി ചെയ്യുന്ന വ്യക്തി അതേ പദവിയിൽ വെല്ലുവിളികളില്ലാതെ തുടരാനാ യിരിക്കും താൽപര്യപ്പെടുക. സ്റ്റേജിലിരിക്കുന്നതിനേക്കാൾ താൽപര്യം സദസ്യരിൽ ഒരാളായി തുടരാൻ ആഗ്രഹിക്കു ന്നതുപോലെ തന്നെ. എന്നാൽ, അങ്ങനെയുള്ളവർക്ക് ഒരിക്കലും മുൻനിരയിൽ എത്താനോ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചെടുക്കാനോ ആവണമെന്നില്ല. മാർക്കറ്റിങ് രംഗത്തിനും ഇതു ബാധകമാണ്. മാറിവരുന്ന ഉപഭോക്താക്കളുടെയും കാലത്തിന്റെയും താൽപര്യങ്ങൾക്കനുസരിച്ച് ഏതു റോളും ഏറ്റെടുക്കാനാഗ്രഹിക്കുന്ന വ്യക്തിക്കു മാത്രമേ മാർക്കറ്റിങ് ടീമിനെ നയിക്കാൻ കഴിയൂ. മറ്റുള്ളവരിൽ നിന്ന് നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കണം. പ്രവർത്തന ശൈലിയിൽ ഉൾപ്പെടെ മാറ്റങ്ങൾ കൊണ്ടുവരണം. എതിരാളികൾ ഉൾപ്പെടെയുള്ളവർ നടപ്പാക്കുന്ന പരിഷ്കാരങ്ങളും മാറ്റങ്ങളും മനസ്സിലാക്കുന്നതിനൊപ്പം ഏറ്റവും പുതിയ ആശയങ്ങൾ എല്ലാവരും ശ്രദ്ധിക്കുന്ന രീതിയിൽ നടപ്പാക്കാനും ശ്രമിക്കണം.
2. വികസിക്കുന്ന ചക്രവാളങ്ങൾ
യാത്ര ചെയ്യുക എന്നത് മാർക്കറ്റിങ് ജോലിയുമായി ചേർന്നുപോകുന്ന ഒന്നാണ്. ഏറ്റവും പുതിയ കാര്യങ്ങൾ പഠിക്കുന്നത് യാത്രകളിലൂടെയാണ്. ഒരു യാത്രയോടും നോ പറയാതിരിക്കുക എന്നത് മാർക്കറ്റിങ് രംഗത്തു പ്രവർത്തിക്കുന്നവർ അനുവർത്തിക്കേണ്ട നയമാണ്. യാത്ര ഏതുമാകട്ടെ. ഔദ്യോഗികമോ അനൗദ്യോഗികമോ ആയ യാത്രയാണെങ്കിലും ഒട്ടേറെ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയും. ഓരോ യാത്രയെയും പഠനത്തിന്റെ ഭാഗമാക്കുക. വർഷങ്ങളൾ നീളുന്ന കോഴ്സിൽ നിന്നു പഠിക്കുന്ന കാര്യങ്ങൾ യാത്രയിൽ നിന്ന് നേടാൻ കഴിയും എന്നു മറക്കരുത്. ഓരോ സ്ഥലത്തെയും ഭൂമിശാസ്ത്രം മുതൽ സംസ്കാരം വരെ വേറിട്ടതായിരിക്കും. ഓരോ സ്ഥലത്തിനും തനതായ സംസ്കാരവുമുണ്ട്. ബ്രാൻഡ് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണു ലക്ഷ്യമെങ്കിൽ ഓരോ പ്രദേശത്തെ യും സംസ്കാരം മനസ്സിലാക്കി അതനുസരിച്ച് ബ്രാൻഡിലും വിപണനത്തിലുമെല്ലാം മാറ്റങ്ങൾ വരുത്തണം. ഓരോ യാത്രയുടെയും അവസാനം മനസ്സിൽ അവശേഷിക്കുന്നത് എന്തൊക്കെയെന്ന് ആലോചിക്കുക. ജോലി ചെയ്യുന്ന ബ്രാൻഡും ഓരോ പ്രദേശത്തുള്ളവരുടെയും മനസ്സിൽ പതിയണമെങ്കിൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ ഇതു സഹായിക്കും.
3. ഡിജിറ്റൽ കാലത്തെക്കുറിച്ച് പഠിക്കുക
ഡിജിറ്റൽ കാലത്തിനു വേണ്ട തന്ത്രങ്ങളും രീതികളുമാണ് പുതിയ കാലത്ത് നടപ്പാക്കേണ്ടത്. ഡിജിറ്റൽ കാലത്തിനു മുന്നേ ജനിച്ചവർക്ക് ഇത്തരം തന്ത്രങ്ങൾ പരിചിതമാവണമെന്നില്ല. പഴയ കാലത്തെ പല തന്ത്രങ്ങളും ആശയങ്ങളും കാലഹരണപ്പെട്ടതുമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ, ഡിജിറ്റൽ കാലത്തെക്കുറിച്ചും പുതിയ കാലത്തെ പരസ്യ, മാർക്കറ്റിങ് തന്ത്രങ്ങളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. വെബ്സൈറ്റ് ഡവലപ്മെന്റ്, മൊബൈൽ ഗെയിം, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് എന്നിങ്ങനെയുള്ള കാര്യങ്ങൾ സ്വന്തമായി ചെയ്യേണ്ടിവരാറില്ലെങ്കിലും ഇവയെക്കുറിച്ചു വ്യക്തമായ ബോധം വേണം. ഇന്നത്തെ കാലത്തെ മാനേജർമാർ കോഡിങ് പഠിച്ചിട്ടുണ്ടാവില്ല. പുതിയ കാലത്ത് മാർക്കറ്റിങ് ഉൾപ്പെടെയുള്ള മേഖലകളിൽ കോഡിങ് ഒഴിച്ചുകൂടാത്തതാണ്. അതിനാൽ, ഇപ്പോൾ പഠിച്ചിറങ്ങുന്ന കുട്ടികളുടെ അറിവുമായി പ്രതികരിക്കാവുന്ന വിധത്തിൽ സ്വന്തം അറിവുകളും കഴിവുകളും തേച്ചുമിനുക്കിയെടുക്കക.
4. പുതിയത് പഠിക്കുക
ഏതെങ്കിലുമൊരു കായിക വിനോദത്തിൽ എല്ലാവർക്കും താൽപര്യമുണ്ടാവും. ക്രിക്കറ്റ് കളിക്കുകയും നിരന്തരം ക്രിക്കറ്റ് കളികൾ ശ്രദ്ധിക്കുന്ന വ്യക്തിയുമാണെങ്കിൽ ആ കളിയുടെ നിയമങ്ങളും പരിചിതമായിരിക്കും. എന്നാൽ, പുതിയൊരു കായിക വിനോദം കൂടി പഠിക്കാൻ ശ്രമിക്കുക. ബാസ്കറ്റ് ബോൾ, റഗ്ബി എന്നിങ്ങനെ പരിചയപ്പെടാനും പുതിയ ആവേശം സൃഷ്ടിക്കാനുമാവുന്ന ഒട്ടേറെ കളികളുണ്ട്. പുതിയൊരു കായിക വിനോദത്തെക്കുറിച്ച് പഠിച്ച് വിദഗ്ധൻ ആവുന്നതുപോലെയാണ് മാർക്കറ്റിങ് മേഖലയിൽ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതും. ആദ്യമൊക്കെ പുതിയ കായികയിനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും പ്രവചനങ്ങളുമൊക്കെ തെറ്റിയേക്കാം. വെളിച്ചമില്ലാത്ത കാട്ടിൽ അകപ്പെട്ട പ്രതീതിയായിരിക്കും. എന്നാൽ, ഓരോ തോൽവിയിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടാവും. ഓരോ പാഠവും വൈദഗ്ധ്യത്തിനുള്ള മുതൽക്കൂട്ടായിരിക്കും.
5. കവിതയ്ക്കും സ്ഥാനമുണ്ട് മാർക്കറ്റിങ്ങിൽ
താഴ്ന്ന ക്ലാസ്സകളിൽ പഠിക്കുമ്പോൾ മിക്കവരും കവിത എഴുതാൻ ശ്രമിച്ചിട്ടുണ്ടായിരിക്കും. പിന്നീട് ആ ശ്രമങ്ങൾ ഉപേക്ഷിക്കുകയാണ് പതിവ്. കവിത എഴുതാൻ നിയോഗിക്കപ്പെട്ടവർ മാത്രമായിരിക്കും കവികളാകുന്നതും കവികളെന്ന നിലയിൽ അറിയപ്പെടുന്നതും. മാർക്കറ്റിങ് മേഖലയിലെ ഉന്നത പദവിയിൽ എത്തിയ ശേഷം ഒരിക്കൽക്കൂടി കവിത എഴുതാൻ ശ്രമിക്കുക. മികച്ച കവിത എഴുതാൻ വേണ്ടിയോ ആ രീതിയിൽ ശ്രദ്ധിക്കപ്പെടാനോ അല്ല. ഓരോ വാക്കും വരിയും ശ്രദ്ധിച്ച്, കുത്തും കോമയും പോലും അവഗണിക്കാതെ കവി നടത്തുന്ന പ്രയത്നത്തിന്റെ മൂല്യം മനസ്സിലാക്കാൻ വേണ്ടി മാത്രം. അതീവ ശ്രദ്ധയോടെ കവിത എഴുതുന്നതുപോലെ തന്നെയാണ് മാർക്കറ്റിങ് മേധാവി എന്ന നിലയിൽ ബ്രാൻഡ് പരിചയപ്പെടുത്തി വിജയിപ്പിക്കുന്നതും. കവിയുടെ അതേ ശ്രദ്ധയും ഏകാഗ്രതയും മാർക്കറ്റിങ്ങിലും വേണം.