ADVERTISEMENT

കായികതാരം മൂത്തു കോച്ചാകുന്നതാണു നാം കണ്ടുശീലിച്ചിട്ടുള്ളതെങ്കിലും ഇനി അങ്ങനെയാകണമെന്നില്ല. ചെറുപ്രായത്തിലേ സ്പോർട്സ് കോച്ചിങ് എന്ന കരിയർ ഓപ്ഷൻ തിരഞ്ഞെടുത്ത് ഉപരിപഠനം നടത്തി പ്രഫഷനലായി രംഗത്തിറങ്ങുന്നവരുടെ കാലമാണിനി. കോച്ച് മാത്രമല്ല, മാനേജർ, ഫിറ്റ്നസ് കോച്ച്, അനലിസ്റ്റ് എന്നിങ്ങനെ പലതാണു കരിയർ സാധ്യതകൾ. പഠന കോഴ്സുകളിലുമുണ്ട് ഇതേപോലെ വൈവിധ്യം. ഇത്തരത്തിൽ യുകെയിൽ പഠിച്ച് കരിയർ രൂപപ്പെടുത്തിയ രണ്ടു പേരെ പരിചയപ്പെടാം.

sports-professional-azhar-kamaru-career-guru
അസ്ഹർ കമറു

അസ്ഹറിന്റെ കളി കാര്യമായി
ഹൈസ്കൂൾ കാലത്തേ നല്ല ഫുട്ബോൾ താരമായിരുന്നെങ്കിലും തൃശൂർ പെരുമ്പിലാവുകാരൻ അസ്ഹർ കമറുവിനു കൂടുതൽ ഹരം കളിക്കണക്കുകളായിരുന്നു. കളിയുടെയും കളിക്കാരുടെയും ‘റൂട്ട് മാപ്പ്’ വരയ്ക്കാൻ കയ്യിലൊരു കടലാസുമായാണ് എപ്പോഴും നടപ്പ്.  കോളജ് പഠനകാലത്ത് പാലക്കാട് ജില്ലാ സീനിയർ ടീമിലും തൃശൂർ എഫ്സി (കേരള പ്രിമിയർ ലീഗ്) ടീമിലും അംഗമായി. പക്ഷേ അപ്പോഴും ഫുട്ബോൾ വിശകലനം പോലെയുള്ള അനുബന്ധ മേഖലകളിലായിരുന്നു കൂടുതൽ കമ്പം. ഡിഗ്രി രണ്ടാംവർഷമായപ്പോൾ പാലക്കാട് ജില്ലാ അണ്ടർ16 ടീമിന്റെ പരിശീലകനായി.  ആഴ്സനൽ കോച്ച് പങ്കെടുത്ത തിരുവനന്തപുരത്തെ ക്യാംപിൽവച്ചാണ് യുകെയിലെ സ്പോർട്സ് പഠനാവസരങ്ങളെക്കുറിച്ചറിഞ്ഞത്. അങ്ങനെ എത്തിച്ചേർന്നത് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് വോൾവെർഹാംപ്ടണിൽ. കോഴ്സ്: ബിഎസ്‌സി ഓണേഴ്സ് –ഫുട്ബോൾ കോച്ചിങ് ആൻഡ് പെർഫോമൻസ്.

ai-generated-image-sports-professional-mid-journey-club-player
Representative Image. Image Generated using AI MidJournery

‘‘നാട്ടിൽ കളിച്ചും കളി നിരീക്ഷിച്ചും നേടിയ അനുഭവങ്ങൾ ഇന്റർവ്യൂവിൽ നിർണായകമായി. അധ്യാപകരുടെയും പുറത്തെ കോച്ചുമാരുടെയും അടുപ്പം സമ്പാദിക്കാൻ ‍കഴിഞ്ഞത് മൂന്നുവർഷത്തെ കോഴ്സിലുടനീളം സഹായകമായി. 

ai-generated-image-sports-professional-mid-journey-woman
Representative Image. Image Generated using AI MidJournery

മികച്ച പ്ലേസ്മെന്റ് ലഭിക്കുന്നതിൽ ഫാക്കൽറ്റിയുമായുള്ള ബന്ധം പ്രധാനമാണ്’’– ഇപ്പോൾ യുകെയിലെ വിവിധ സ്കൂൾ, സർവകലാശാലാ, ക്ലബ് ടീമുകളുടെ കോച്ചിങ് ടീം അംഗമായും അനലിസ്റ്റായും ജോലി ചെയ്യുന്ന അസ്ഹർ പറയുന്നു.

മത്സരത്തിനു മുൻപും മത്സരസമയത്തും ശേഷവും കളിയെയും കളിക്കാരെയും വിശകലനം ചെയ്യുകയാണ് അനലിസ്റ്റിന്റെ ജോലി. കളിക്കിടെ താരങ്ങളെ മാറ്റുന്നതിൽപോലും അനലിസ്റ്റിന്റെ ഇടപെടലുണ്ട്.

shahashad-muhammed-john-abraham-football-sponsorship
ഷഹ്സാദ് മുഹമ്മദ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഉടമയായ നടൻ ജോൺ ഏബ്രഹാമിനൊപ്പം.

കൊണ്ടോട്ടി മുതൽ നോർത്ത് ഈസ്റ്റ് വരെ
അനസ് എടത്തൊടിക രാജ്യമറിയുന്ന ഫുട്ബോൾ താരമായി വളരുന്നതു നോക്കിനിന്ന മലപ്പുറം കൊണ്ടോട്ടിക്കാരൻ പ്ലസ്ടു പയ്യന്റെ പേര് ഷഹ്സാദ് മുഹമ്മദ്. കളിക്കിടെ അനസിനെയും മറ്റു താരങ്ങളെയും കണ്ടും സംസാരിച്ചുമാണ് ഷഹ്സാദ് സ്പോർട്സ് കോഴ്സുകളെക്കുറിച്ചറിയുന്നത്. അങ്ങനെ 2018ൽ എത്തിച്ചേർന്നത് യുകെയിലെ ബർമിങ്ങാം യൂണിവേഴ്സ്റ്റിയിലാണ്. കോഴ്സ്: ബിഎ ഓണേഴ്സ് ഇൻ സ്പോർട്സ് മാനേജ്മെന്റ്. സ്പെഷലൈസേഷൻ: ഫുട്ബോൾ. ഷഹ്സാദ് ഇപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ടീമിന്റെ മാനേജരാണ്. ‘‘ഐഎസ്എൽ, കെഎസ്എൽ തുടങ്ങി പ്രാദേശിക, ദേശീയ തലങ്ങളിലെ ലീഗുകളുടെ വരവും താഴേത്തട്ടിൽപോലും റിസർവ് ടീമുകളുമായതോടെ ഫുട്ബോളിനു നല്ല കാലമാണ്. സ്കൂൾ ടീമുകൾ പോലും യോഗ്യതയുള്ള, ചുറുചുറുക്കുള്ള പുതിയ കോച്ചുമാരെയും ഒഫിഷ്യൽസിനെയും തേടുന്നു. ദേശീയതലത്തിലേക്കു വന്നാൽ അവസരങ്ങൾ വർധിക്കും’’ – ഷഹ്സാദ് പറയുന്നു. പണ്ട് ടീം സൈക്കോളജിസ്റ്റ് എന്നൊരു തസ്തിക തന്നെയുണ്ടായിരുന്നില്ല. ഇപ്പോൾ അതൊരു അനിവാര്യതയായി മാറിയിരിക്കുന്നു. ഇത്തരത്തിൽ മാറ്റങ്ങളുടെ റൂട്ട് അറിഞ്ഞാൽ അതനുസരിച്ചു കരിയർ കെട്ടിപ്പടുക്കാം.

സ്പോർട്സ് പഠനം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
∙ സ്പോർട്സിലെ നേട്ടങ്ങൾ നേരത്തേ ഡോക്യുമെന്റ് ചെയ്തുവയ്ക്കണം. ഭാഷാജ്ഞാനമല്ല, കളിയാണു പ്രധാനമെന്നു കരുതുന്ന സർവകലാശാലകളിൽ അഭിമുഖത്തിലെ പ്രകടനം സുപ്രധാനമാണ്.
∙ ക്ലാസ് പാതി, കളിക്കളം പാതി – ഇതാണ് മിക്ക സ്പോർട്സ് കോഴ്സുകളുടെയും രീതി. വായിച്ചും കളിച്ചും പഠിക്കുന്നതിനെക്കാൾ കളി കണ്ടുപഠിക്കണം. കോഴ്സും ഫീൽഡും പാർട്‌ടൈം ജോബുണ്ടെങ്കിൽ അതും ഒരുമിച്ചുകൊണ്ടുപോകാൻ കഴിയണം.
∙ ഫുട്ബോൾ കോഴ്സുകൾക്ക് യുകെയാണ് ഏറ്റവും മികച്ച സ്ഥലം. വിവിധ തലങ്ങളിലുള്ള പ്രഫഷനൽ ക്ലബ്ബുകളുടെ സാന്നിധ്യവും ഗ്രൗണ്ടുകളും ഫുട്ബോളിനു ഭരണകൂടം നൽകുന്ന പ്രാധാന്യവും ഇന്റേൺഷിപ്പുകൾക്കുള്ള അവസരവും തന്നെ കാരണം.

കോഴ്സുകളിലെ താരം
∙ ദ് ഫിഫ മാസ്റ്റർ – ഇന്റർനാഷനൽ മാസ്റ്റർ (എംഎ) ഇൻ മാനേജ്മെന്റ്, ലോ, ആൻഡ് ഹ്യുമാനിറ്റീസ് ഓഫ് സ്പോർട് ഏറെ ശ്രദ്ധേയമായ കോഴ്സാണ്. ഇന്റർനാഷനൽ സെന്റർ ഫോർ സ്പോർട്സ് സ്റ്റഡീസ് (സിഐഇഎസ്) യുകെയിലെ ലെസ്റ്ററിലുള്ള ഡെ മോണ്ട്ഫോർട് സർവകലാശാല, ഇറ്റലിയിലെ മിലാനിലുള്ള എസ്ഡിഎ ബക്കോണി (Bocconi) സ്കൂൾ ഓഫ് മാനേജ്മെന്റ്, സ്വിറ്റ്‌സർലൻഡിലെ നുഷാറ്റെൽ (Neuchatel) സർവകലാശാല എന്നിവയുമായി ചേർന്നു നടത്തുന്ന ഒരു വർഷത്തെ കോഴ്സിൽ ആകെ സീറ്റ് 30. എല്ലാ വർഷവും സെപ്റ്റംബറിലാണ് കോഴ്സ് തുടങ്ങുന്നത്. വിശദാംശങ്ങൾക്ക് sdabocconi.it

English Summary:

This article explores the expanding career options within the sports industry, highlighting the shift from traditional coaching roles to diverse paths like analysis and management. It features inspiring stories of individuals who pursued sports education in the UK and built successful careers. The article also offers key considerations and top courses for aspiring sports professionals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com