ഏഴാം ക്ലാസിലെ ഐടിയിൽ നിർമിത ബുദ്ധി ഉൾപ്പെടുത്തി

Mail This Article
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ നിർമിത ബുദ്ധി (എഐ)യും ഇനി പാഠ്യവിഷയം. ഏഴാം ക്ലാസിലെ ഐടി പാഠപുസ്തകത്തിലാണ് എഐ പ്രായോഗിക പാഠം ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എഐ പ്രോഗ്രാം കുട്ടികൾ സ്വയം തയാറാക്കുന്ന വിധമാണ് 'കംപ്യൂട്ടർ വിഷൻ' എന്ന അധ്യായത്തിലുള്ളത്. ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് ഭാവങ്ങൾ വരെ തിരിച്ചറിയാൻ കംപ്യൂട്ടറിന് സാധിക്കും.
സ്മാർട് ക്ലാസ് റൂമുകളുടെ ഭാഗമായി നൽകിയിട്ടുള്ള ലാപ്ടോപ്പുകളിൽ എഐ പ്രോഗ്രാം തയാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ കൂടി ഉൾപ്പെടുത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു. ജൂണിൽ എൽപി, യുപി സ്കൂൾ അധ്യാപകർക്കുള്ള എഐ പരിശീലനവും നൽകും. 6–ാം ക്ലാസിൽ പഠിക്കുന്ന കോഡിങ്, പ്രോഗ്രാമിങ് എന്നിവയുടെ തുടർച്ചയായി കുട്ടികൾക്ക് ഇത് ചെയ്യാനാകും. രാജ്യത്ത് ആദ്യമായാണ് ഒരു ക്ലാസിലെ മുഴുവൻ കുട്ടികൾക്കായും എഐ പഠനം ഉൾപ്പെടുത്തുന്നത്.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി 1, 3, 5, 7 ക്ലാസുകളിലാണ് ഈ വർഷം മുതൽ പുതിയ ഐടി പാഠപുസ്തകങ്ങളും നിലവിൽ വരുന്നത്. ജീവിത നൈപുണ്യ ശേഷികൾ പരിപോഷിപ്പിക്കുന്ന പ്രായോഗിക പ്രവർത്തനങ്ങൾക്കൊപ്പം സൈബർ സുരക്ഷ, വ്യാജവാർത്ത തിരിച്ചറിയൽ തുടങ്ങിയവയ്ക്കു മാർഗനിർദേശം നൽകുന്ന പാഠഭാഗങ്ങളും ഐടി പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അൻവർ സാദത്ത് പറഞ്ഞു.