ഗയ്സ്...സപ്ലിയുണ്ടെങ്കിൽ കീശ കീറും; 4 വർഷ ബിരുദ പരീക്ഷകൾക്ക് ഫീസ് കുത്തനെ കൂട്ടി
Mail This Article
തിരുവനന്തപുരം ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു പിന്നാലെ, കേരള സർവകലാശാലയും 4 വർഷ ഡിഗ്രി പ്രോഗ്രാം പരീക്ഷകളുടെ ഫീസ് കുത്തനെ കൂട്ടി. ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷയുടെ ഫീസ് നിരക്കുകളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയറി പേപ്പറുകൾക്ക് ഒരു കോഴ്സിന് 150 രൂപ, ഇംപ്രൂവ്മെന്റിന് 200 രൂപ, സപ്ലിമെന്ററി പരീക്ഷയ്ക്കു 300 രൂപ എന്നിങ്ങനെയാണു നിരക്ക്. തിയറിയും പ്രാക്ടിക്കലുമുള്ള പരീക്ഷകൾക്കു ഇത് യഥാക്രമം 250, 300, 350 എന്നിങ്ങനെയാണ്. 4 വർഷ ഡിഗ്രി പ്രോഗ്രാമുകളിൽ മിക്ക വിഷയങ്ങൾക്കും പ്രാക്ടിക്കലുണ്ട്. പരീക്ഷാ മൂല്യനിർണയ ഫീസ് 300 രൂപയും നൽകണം. ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി എന്നിവയുടെ മൂല്യനിർണയത്തിന് 500 രൂപയുമാണു ഫീസ്. മാർക്ക് ഷീറ്റിന് 75 രൂപയും നൽകണം.
3 വർഷ ഡിഗ്രിക്ക് ഒരു സെമസ്റ്ററിൽ പരീക്ഷാഫീസ് 505 രൂപയായിരുന്നെങ്കിൽ 4 വർഷ ഡിഗ്രിയിൽ പേപ്പറുകളുടെ എണ്ണത്തിന് അനുസരിച്ച് 1375– 1575 രൂപ നൽകണം. ഒന്നാം സെമസ്റ്ററിൽ തിയറി, പ്രാക്ടിക്കൽ പരീക്ഷകളും മൂല്യനിർണയവും നടത്തുന്നത് കോളജുകളാണെങ്കിലും അതിനും സർവകലാശാല ഭീമമായ ഫീസാണ് ഈടാക്കുന്നത്. ഒന്നാം സെമസ്റ്റർ ചോദ്യപ്പേപ്പർ കോളജുകൾ പ്രിന്റ് എടുക്കുകയാണു ചെയ്യുന്നത്. മുൻപത്തെ പോലെ സർവകലാശാലയിൽനിന്ന് അച്ചടിച്ച് കോളജുകളിൽ എത്തിക്കേണ്ട ചെലവുമില്ല. ഫീസ് വർധനയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്.