ധൈര്യം പകർന്ന് മലയാളം രണ്ടാം പേപ്പർ

Mail This Article
ലളിതമായും മനോഹരമായും എഴുതാൻ എസ്എസ്എൽസിക്കാർക്ക് ധൈര്യം കൊടുത്ത ചോദ്യങ്ങളായിരുന്നു മലയാളം രണ്ടാം പേപ്പറിൽ. ഡോ. സുകുമാർ അഴീക്കോടിന്റെ പത്രനീതി എന്ന പാഠഭാഗത്തെ നാലു സ്‍കോർ ചോദ്യത്തിന്റെ ആശങ്കയൊഴിച്ചാൽ ബാക്കിയെല്ലാം എളുപ്പം. സാമുവൽ ബട്‍ലറുടെ പ്രസ്‍താവനയെ സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനുള്ള ചോദ്യം സ്ഥിരമായി പത്രം വായിക്കുന്നവർക്ക് എളുപ്പമായിട്ടുണ്ടാകും.
എല്ലാ പാഠങ്ങളെയും പരിഗണിച്ച ചോദ്യപ്പേപ്പർ എല്ലാ നിലവാരക്കാർക്കും എഴുതാൻ അവസരം നൽകി. ഒരു മാർക്കിന്റെ ചോദ്യങ്ങളിൽ ‘ചിരബന്ധു’ എന്ന പദത്തിന്റെ അർഥം കണ്ടെത്താനുള്ളതു മാത്രം ഒന്നു കുഴപ്പത്തിലാക്കും. ആവർത്തിച്ച് വായിച്ചാൽ ഉത്തരം തെളിഞ്ഞ് വരുന്ന രീതിയിലാണ് ചോദ്യം. പാഠപുസ്‍തകം സൂക്ഷ്മമായി വായിച്ചവർക്ക് ‘ഓരോ വിളിയും കാത്ത്’ എന്ന കഥയിലെ ചിഹ്നങ്ങൾ ചേർത്തെഴുതുക എന്ന 2 മാർക്കിന്റെ ചോദ്യം തെറ്റില്ല.
വൈലോപ്പിള്ളിയുടെ ‘ഓണമുറ്റത്ത്’ കവിതയിലെ കാവ്യഭംഗി വിശദമാക്കാനും പ്രയാസമുണ്ടായിക്കാണില്ല. തകഴിയുടെ ‘രണ്ടിടങ്ങഴി’ നോവലിലെ ദാരിദ്ര്യത്തിനിടയിലും സ്‍നേഹബന്ധങ്ങൾ നിലനിർത്തുന്ന കോരനും ചിരുതയും കുട്ടികളിൽ ക്ലാസിൽ നിന്നേ പറ്റിചേർന്നവരാണ്. ‘പണയം’ എന്ന ഇ.സന്തോഷ്‌കുമാറിന്റെ കഥയിലെ കഥാപാത്ര സ്വഭാവമുള്ള റേഡിയോ ജീവിതത്തിൽ വരുത്തിയ സ്വാധീനവും ശ്രീനാരായണഗുരു സന്ദേശങ്ങളുടെ സമകാലിക പ്രസക്തിയും കുട്ടികൾക്ക് നന്നായി എഴുതാവുന്ന ചോദ്യങ്ങളായി.
വാർധക്യത്തെക്കുറിച്ചും തനിക്കു ചുറ്റുമുള്ള മറ്റുള്ളവരെക്കുറിച്ചും മാതൃഭാഷയെക്കുറിച്ചും ചിന്തിക്കാനും നിലപാട് ഉറപ്പിക്കാനും പാകത്തിലുള്ളതാണ് 6 സ്‍കോറിന്റെ മൂന്നു ചോദ്യങ്ങൾ. ഏതെങ്കിലും രണ്ടെണ്ണം എഴുതാനാവശ്യപ്പെടുന്നതിലെല്ലാം കുട്ടികൾക്ക് നിറയെ എഴുതാനുള്ളവയാണ്. കാരൂരിന്റെ ‘കോഴിയും കിഴവിയും’ കഥയുടെ ആസ്വാദനവും റഫീക്ക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ’ എന്ന കവിതയും വി.മധുസൂദനൻ നായരുടെ ‘അമ്മയുടെ എഴുത്തുകൾ’ എന്ന കവിതയും ചിന്തയ്ക്കും ഭാഷാ, സമൂഹജ്ഞാനങ്ങളുടെ വിശകലനത്തിനും സഹായകമാണ്.
മുഖപ്രസംഗം, ആസ്വാദനം, ഉപന്യാസം, സ്വന്തം നിരീക്ഷണം, വിശകലനം, ഭാഷാശേഷി, വിലയിരുത്തൽ തുടങ്ങി ബഹുമുഖ ഭാഷാശേഷികൾ അളക്കാൻ പാകത്തിലായിരുന്നു ചോദ്യങ്ങൾ.
(ലേഖകൻ പാലക്കാട്, ചിറ്റൂർ, ജിഎച്ച്എസ്എസ് ൽ അധ്യാപകനാണ്.)
