ജാമിയ മിലിയ: കോഴിക്കോട്ട് പരീക്ഷാകേന്ദ്രം, നടപടി സർവകലാശാലയുടെ തീരുമാനം വിവാദമായപ്പോൾ

Mail This Article
പ്രതിഷേധങ്ങൾക്കു പിന്നാലെ കോഴിക്കോട് പ്രവേശന പരീക്ഷാകേന്ദ്രം അനുവദിച്ച് ജാമിയ മിലിയ ഇസ്‌ലാമിയ കേന്ദ്ര സർവകലാശാല. കഴിഞ്ഞവർഷം വരെ തിരുവനന്തപുരത്തു പരീക്ഷാ കേന്ദ്രമുണ്ടായിരുന്നത് ഇക്കുറി ഒഴിവാക്കിയത് വിവാദമായതിനു പിന്നാലെയാണ് സർവകലാശാലയുടെ നടപടി. പ്രവേശന പരീക്ഷയുടെ പുതുക്കിയ മാർഗരേഖ ഇന്നലെ പുറത്തിറക്കി. ഡൽഹി, ഗുവാഹത്തി, കൊൽക്കത്ത, മാലെഗാവ്, ലക്നൗ, പട്ന, ശ്രീനഗർ, ഭോപാൽ എന്നിങ്ങനെ 8 സ്ഥലങ്ങളിൽ മാത്രമായിരുന്നു ആദ്യം പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. തിരുവനന്തപുരത്തെ ഒഴിവാക്കി പകരം ഭോപാൽ, മഹാരാഷ്ട്രയിലെ മാലെഗാവ് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി. ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രം ഒഴിവാക്കിയതിനെതിരെ രാജ്യസഭാംഗം ഹാരിസ് ബീരാൻ ജാമിയ വൈസ് ചാൻസലർക്കു കത്തയച്ചിരുന്നു. സർവകലാശാലയ്ക്കെതിരെ ശശി തരൂർ എംപിയും രംഗത്തെത്തി.
കേരളത്തിൽനിന്ന് ആയിരക്കണക്കിനു വിദ്യാർഥികളാണ് എല്ലാ വർഷവും ജാമിയ പ്രവേശനത്തിന് അപേക്ഷിക്കുന്നത്. കേരളത്തിൽനിന്നുള്ള നൂറുകണക്കിനു പേർ ഇവിടെ പഠിക്കുന്നുമുണ്ട്. ഇക്കുറി ഏപ്രിൽ 10 വരെയാണ് അപേക്ഷാസമയം. ഏപ്രിൽ 12 മുതൽ 14 വരെ അപേക്ഷയിൽ തിരുത്തലിന് അവസരമുണ്ട്. അതേസമയം ജെഇഇ, സിയുഇടി, നാറ്റാ പരീക്ഷകളിലൂടെ പ്രവേശനം നൽകുന്ന വിഷയങ്ങളിൽ ഈ പരീക്ഷയുടെ ഫലം വന്ന് 10 ദിവസം വരെ സമയം അനുവദിച്ചിട്ടുണ്ട്. ജാമിയയുടെ പ്രത്യേക എൻട്രൻസ് പരീക്ഷ ഏപ്രിൽ 26ന് ആരംഭിക്കും.
14 പുതിയ പ്രോഗ്രാം
ജാമിയ മില്ലിയയിൽ ഇക്കുറി 14 പുതിയ പ്രോഗ്രാമുകൾ ആരംഭിക്കും. 25 പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം സിയുഇടി വഴിയാണ്. ബാച്‌ലർ ഓഫ് ഡിസൈൻ, ബിഎസ്‌സി (ഓണേഴ്സ്) കംപ്യൂട്ടർ സയൻസ് എന്നീ നാലു വർഷ പ്രോഗ്രാമുകളും ആർട് മാനേജ്മെന്റ്, ഗ്രാഫിക് ആർട് തുടങ്ങിയ മേഖലകളിലെ എംഎഫ്എ, വിവിധ വിഷയങ്ങളിലെ സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയുമാണു പുതുതായി ആരംഭിച്ചിരിക്കുന്നത്.