ഇന്റർവ്യൂവിൽ പലരും ആവർത്തിക്കുന്ന 5 തെറ്റുകൾ; പരിഹാരമിങ്ങനെ

Mail This Article
റെസ്യൂമെ നല്ലതാണ്. നല്ല തൊഴില്‍ പരിചയമുണ്ട്. ഏത് പരീക്ഷയും എഴുതി പാസാകും. പക്ഷേ, ഒടുക്കം വരുന്ന അഭിമുഖപരീക്ഷയില്‍ തട്ടി താഴെ വീഴും. പല ഉദ്യോഗാർഥികള്‍ക്കും സംഭവിക്കുന്ന ഒന്നാണിത്. അഭിമുഖപരീക്ഷയില്‍ പലരും പൊതുവായി വരുത്താറുള്ള ചില തെറ്റുകളാണ് ഈയവസ്ഥയിലേക്ക് പലപ്പോഴും നയിക്കാറുള്ളത്. അവ ഏതെല്ലാമാണെന്നും അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാം.
1. കമ്പനിയെപ്പറ്റി ഗവേഷണം നടത്താതിരിക്കുന്നത്
എല്ലാമറിയാം. പക്ഷേ, ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനിയെപ്പറ്റി ഒന്നും അറിയില്ല. ഈയവസ്ഥ അഭിമുഖപരീക്ഷയില്‍ നെഗറ്റീവ് അഭിപ്രായം നിങ്ങളെക്കുറിച്ച് ഉണ്ടാക്കും. ഇതിനാല്‍ ജോലിക്ക് അപേക്ഷിക്കുന്ന കമ്പനിയെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തിയിട്ടു മാത്രമേ അഭിമുഖത്തിന് ചെല്ലാവൂ. കമ്പനിയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍, അത് മുന്നോട്ടു വയ്‌ക്കുന്ന കാഴ്‌ചപ്പാടുകള്‍, അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍, പുതുതായി സംഭവിച്ച മാറ്റങ്ങള്‍ എന്നിവയെല്ലാം അന്വേഷിച്ചറിയണം.
അവരുടെ വ്യാവസായിക മേഖലയില്‍ കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ഏതെല്ലാമാണെന്നും നിങ്ങളുടെ നൈപുണ്യശേഷികള്‍ അവ പരിഹരിക്കാന്‍ എങ്ങനെ സഹായകമാണെന്നും ആലോചിച്ച് കണ്ടെത്തുകയും വേണം. ലിങ്ക്‌ഡ്‌ഇന്‍, ഗ്ലാസ്‌ഡോര്‍, കമ്പനിയുടെ വെബ്‌സൈറ്റ്, പത്രവാര്‍ത്തകള്‍ എന്നിവയെല്ലാം കമ്പനിയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കും.

2. അഭിമുഖത്തിന് അവസാനം ചോദ്യങ്ങള്‍ ചോദിക്കാതിരിക്കല്‍
അഭിമുഖമെല്ലാം അവസാനിക്കുമ്പോള്‍ ഇനി നിങ്ങള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് അഭിമുഖകര്‍ത്താക്കള്‍ ചോദിക്കാറുണ്ട്. ആ സമയത്ത് നിങ്ങള്‍ക്കു കമ്പനിയിലുള്ള താൽപര്യം വ്യക്തമാക്കുന്ന തരത്തില്‍ ചിന്തോദ്ദീപകമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രദ്ധിക്കണം. ഒരു പ്രത്യേക ജോലിയില്‍ പ്രവേശിക്കുന്നയാള്‍ക്ക് ആറ് മാസത്തിനു ശേഷം അയാള്‍ വിജയിച്ചു എന്നു തോന്നണമെങ്കില്‍ അയാള്‍ എന്തെല്ലാം നേട്ടങ്ങള്‍ അതില്‍ കൈവരിക്കണം എന്നു ചോദിക്കാം. കമ്പനിയിലെ നിങ്ങളുടെ വളര്‍ച്ചാ സാധ്യതകള്‍ തിരക്കാം. കമ്പനിയിലെ ടീം വര്‍ക്കിന്റെ സംസ്‌കാരത്തെക്കുറിച്ച് ചോദിക്കാം. ആദ്യഘട്ട അഭിമുഖമാണെങ്കില്‍ ഒരിക്കലും ശമ്പളത്തെയും ആനുകൂല്യങ്ങളെയും അവധിയെയും കുറിച്ചൊന്നും ചോദിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശമ്പളവും മറ്റും പലപ്പോഴും അവസാന ഘട്ടങ്ങളിലാണ് ചര്‍ച്ച ചെയ്യപ്പെടാറുള്ളത്.
3. അവ്യക്തവും അലസവുമായ ഉത്തരങ്ങള്‍
അഭിമുഖത്തില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവ്യക്തവും അലസവുമായ ഉത്തരങ്ങള്‍ നല്‍കുന്നതും കാണാതെ പഠിച്ചുള്ള ക്ലീഷേ ഉത്തരങ്ങള്‍ തട്ടിവിടുന്നതും സഹായകമല്ല. ആ ജോലിക്കായി കമ്പനി പുറത്തു വിട്ട തൊഴില്‍ വിവരണത്തില്‍ ആ റോളിന് ആവശ്യമെന്ന് അവര്‍ക്കു തോന്നുന്ന നൈപുണ്യശേഷികള്‍ വിവരിച്ചിട്ടുണ്ടാകും. അവയില്‍ ഊന്നി, നിങ്ങളുടെ മുന്‍തൊഴില്‍ പരിചയത്തില്‍നിന്ന് ഉദാഹരണസഹിതം വേണം ഉത്തരങ്ങള്‍ നല്‍കാന്‍. ഉത്തരങ്ങള്‍ക്ക് ഒരു ഘടന നല്‍കാന്‍ സ്റ്റാര്‍ മെതേഡ് അവലംബിക്കാം. ഒരു പ്രത്യേക സാഹചര്യത്തെ (സിറ്റുവേഷന്‍-എസ്) നേരിടാന്‍ എടുക്കേണ്ടതായി വന്ന ജോലികളും (ടാസ്‌ക്-ടി) അവയില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളും (ആക്‌ഷൻ-എ), കൈവരിച്ച ഫലങ്ങളും (റിസള്‍ട്ട്-ആര്‍) ആണ് സ്റ്റാര്‍ മെതേഡ് എന്ന് വിളിക്കുന്നത്.
4. ഫോളോ അപ്പ് ചെയ്യാതിരിക്കുന്നത്
അഭിമുഖം കഴിഞ്ഞാല്‍ പിന്നെ കമ്പനി വേണമെങ്കില്‍ നിങ്ങളെ ബന്ധപ്പെട്ടോളും എന്നു കരുതി ഇരിക്കരുത്. നന്ദിപ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു വ്യക്തിഗത താങ്ക്യൂ മെയില്‍ 24 മണിക്കൂറിനുള്ളില്‍ അയച്ചിരിക്കണം. ഇതില്‍ അഭിമുഖത്തില്‍ ചര്‍ച്ച ചെയ്‌ത പോയിന്റുകള്‍ ഹ്രസ്വമായി സൂചിപ്പിക്കാം. കമ്പനിയിലെ ആ പ്രത്യേക ജോലിക്കു വേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം പ്രകടിപ്പിക്കുന്നതിനൊപ്പം അഭിമുഖകര്‍ത്താക്കള്‍ക്ക് അവരുടെ വിലപ്പെട്ട സമയത്തിന് നന്ദി പറയാനും ഈ സന്ദര്‍ഭം ഉപയോഗിക്കാം.

5. ജോലിക്കുവേണ്ട പ്രത്യേക ആവശ്യകതകള്‍ കാണാതിരിക്കുന്നത്
ജോലി നിങ്ങള്‍ക്ക് അത്യാവശ്യമായിരിക്കും. എന്നാല്‍ ആ ജോലിക്ക് നിങ്ങള്‍ അത്യാവശ്യമാണോ എന്ന ചോദ്യം എപ്പോഴും സ്വയം ചോദിക്കണം. കമ്പനിയുടെ പ്രത്യേക ആവശ്യകതകള്‍ നിങ്ങളുടെ കഴിവും അനുഭവപരിചയങ്ങളുമായി ചേര്‍ന്നുപോകുന്നുണ്ടോ എന്നത് ശ്രദ്ധിക്കണം. മേല്‍പറഞ്ഞ പല കാര്യങ്ങള്‍ക്കും നിങ്ങളെ സഹായിക്കാന്‍ നിർമിതബുദ്ധി സങ്കേതങ്ങള്‍ ഇന്നു ലഭ്യമാണ്. അവ ഉപയോഗപ്പെടുത്തുന്നത് അഭിമുഖങ്ങളിലെ നിങ്ങളുടെ വിജയനിരക്ക് വർധിപ്പിക്കാന്‍ സഹായകമാകും.